ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Sunday, February 18, 2007

ബ്ലോഗഭിമാനി- ലക്കം 6

ബൂലോഗം : വളര്‍ച്ചയുടെ നോവുകള്‍
ബൂലോഗം കഴിഞ്ഞ ഏതാനും നാളുകളായി സംഘര്‍ഷമുഖരിതമായിരുന്നു..കോപ്പിറൈറ്റ് ലംഘനം, അതിനെതുടര്‍ന്നുള്ള അക്രമണങ്ങള്‍, പ്രത്യാക്രമണങ്ങള്‍, സമരം, മുട്ടുകുത്തിക്കല്‍, പിന്തുണപ്രഖ്യാപിക്കല്‍, കരിവാരിത്തേക്കല്‍, കണ്ണീര്, തെറിവിളി, കഞ്ഞിവയ്കല്‍, പത്രസമ്മേളനം, കൊട്ടേഷന്‍, ബോംബേറ്, പൂഴിക്കടകന്‍...
ബ്ലോഗാഭിമാനി മാറി നിന്നു മൂക്കത്ത് വിരല്‍ വച്ചു..
സത്യമറിയുമ്പോളുള്ള ഞെട്ടല്‍...
ബൂലോഗം വളരുകയാണ്. വളര്‍ച്ചയില്‍ മാറിപ്പോകുന്ന ബൂലോഗത്തിന്റെ പ്രതിച്ഛായ.അത് കാണാതിരിക്കരുത്.
വള്ളിനിക്കറുമിട്ട് ടയറുരുട്ടിക്കളിച്ച്, മോനേ എന്ന് വിളിച്ചാല്‍ മാമുണ്ണാന്‍ ഓടിവരുന്ന നിഷ്കളങ്കനായ പയ്യന്റെ മുഖം മാറി, പൊടിമീശയും, പങ്ക് സ്റ്റൈലും, അറപ്പുവരുന്ന തെറിപ്രയോഗങ്ങളും, കള്ളും കഞ്ചാവുമുപയോഗിക്കുന്ന അഡോളസന്‍സിന്റെ മുഖം ബൂലോഗത്തിനായിക്കഴിഞ്ഞിരിക്കുന്നു.
അതിനെ തടുക്കാന്‍ ആര്‍ക്കു കഴിയും! ആരും ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളല്ല...വരുന്നവര്‍ക്ക് ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ട കാര്യമില്ല.ഇന്റര്‍നെറ്റ് ഒരു മാര്‍ക്കെറ്റാണ്..ആര്‍ക്കും വരാം, എന്തും പറയാം എന്തും ചെയ്യാം..ഏവൂരാനും, വിശ്വപ്രഭയും , പെരിങ്ങോടനും, പിന്നെ ,മുഖമില്ലാത്ത മറ്റ് ചിലരും പണ്ട് കാത്തുസൂക്ഷിച്ചിരുന്ന പിന്മൊഴിയിലധിഷ്ഠിതമായ ബൂലോഗത്തിന്റെ നിഷ്കളങ്കത്വം കുറച്ചൊന്നുമല്ല, ഈ തള്ളിക്കയറ്റത്തില്‍ നഷ്ടമായിപ്പോയത്! സങ്കടപ്പെടേണ്ടതുണ്ടോ? വേണ്ട എന്നാണ് ബ്ലോഗാഭിമാനിക്ക് പറയാനുള്ളത്.

പക്ഷേ കൈയ്യും കെട്ടി നോക്കി നില്‍ക്കണോ? അതും പാടില്ല. ബൂലോഗം എന്നാല്‍ പിന്മൊഴിയാണെന്നും , തിരിച്ചാണെന്നുമുള്ള ധാരണയാണ് ആദ്യം നീക്കേണ്ടത് എന്ന് തോന്നുന്നു. പിന്മൊഴികള്‍ ബൂലോഗ(ബൂലോഗം എന്നൊരു വാക്ക് എന്നേ ഇന്റര്‍നാഷണല്‍ പബ്ലിക് പ്രോപെര്‍ട്ടി ആയിരിക്കുന്നു!)ത്തിലുള്ള ഒരു കൂട്ടായ്മ ആണെന്ന് മാത്രം കരുതിയാല്‍, പെയിന്ററെപ്പോലെയുള്ള ബ്ലോഗേര്‍സിനെതിരെയെടുത്ത നടപടികള്‍ക്ക് ഒന്നു കൂടി ഒരു വ്യക്തത കൈവരും. ആരേയും നടപടികളുടെ കാരണമോ കാര്യമോ ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. ഏറ്റവുമവസാനം ഏറെ കൊട്ടിഘോഷിച്ച് പിറന്നുവീണ കൈപ്പള്ളിയുടെ ആള്‍‌ട്ട്മൊഴിയും താമസിയാതെ അകാലചരമമടഞ്ഞതിനെ തുടര്‍ന്ന് പിന്മൊഴികള്‍ അജയ്യമായി നിലനില്‍ക്കുകയാണെങ്കിലും, ആ കാരണത്താല്‍ പിന്മൊഴി പബ്ലീക് പ്രോപെര്‍ട്ടിയാണ്, അതേതൊരു മലയാളി ബ്ലോഗറുടേയും അവകാശമാണ്, അത് പരിപാലിക്കുന്നവര്‍ എന്തു ചെയ്താലും അത് മൂരാച്ചിത്തരമാണ് എന്നൊക്കെ കരുതുന്നത് ഹിമാലയന്‍ അബദ്ധങ്ങളായേ ബ്ലോഗാഭിമാനിക്ക് തോന്നിയിട്ടുള്ളൂ.

ഈയടുത്തകാലത്ത് പെയിന്ററേപ്പോലെയുള്ളവര്‍ നടത്തുന്ന, മുന്‍പെങ്ങുമില്ലാത്ത തരം വ്യക്തിഹത്യകള്‍ക്ക് വേദിയൊരുക്കിക്കൊടുക്കേണ്ട കാര്യം പിന്മൊഴികള്‍ക്കെന്നല്ല, വേറൊരു ബ്ലോഗ് കൂട്ടായ്മകള്‍ക്കുമുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം ചിത്തരോഗികളുടെ സാന്നിധ്യം ബൂലോഗത്തിനെ, മുഖമ്മൂടികള്‍ക്ക് പിന്നില്‍ എന്തും പറയാവുന്ന ചാറ്റ് റൂമുകളുടെ നിലയിലേക്ക് കൊണ്ടുപോകുന്നു. അയാള്‍ പറയുന്നത് കേട്ട് കൈയ്യടിക്കുന്നവരുണ്ടാകാം, ആസ്വദിക്കുന്നവരുണ്ടാവാം..തറവാട്ടില്‍ പിറന്നവരും ഇല്ലാത്തവരും അയാള്‍ക്ക് അനുയായികളായി കാണാം.‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ എതിര്‍ക്കേണ്ടതില്ലെങ്കിലും പിന്മൊഴികളില്‍ സ്ഥാനം വേണമെന്ന് പറയാന്‍ അവര്‍ക്കവകാശമില്ല. വേണെമെങ്കില്‍ അവര്‍ക്കൊരു കൂട്ടായ്മ സ്വയം ഉണ്ടാക്കാമല്ലോ..അത് പിന്മൊഴികളില്‍ത്തന്നെ നഞ്ച് കലക്കി വേണമെന്നുണ്ടോ?

തൂറിയോനെചുമന്നാല്‍ ചുമന്നോനും നാറൂം എന്ന പഴമൊഴി വകവെയ്കാതെ പെയിന്ററെ പുറത്താക്കിയതിനെതിരെ പ്രതികരിച്ച കൈപ്പള്ളിയുടെ ഇമേജ് അക്കാരണത്താല്‍ തന്നെ ചില ബൂലോഗരുടെയെങ്കിലും മന്‍സ്സില്‍‌ വളരെ താഴേക്ക് പോയിരിക്കുന്നു എന്നാണ് ബ്ലോഗാഭിമാനി മനസ്സിലാക്കുന്നത്. ചന്തയില്‍ കള്ളുകുടിയന്‍ കുടുംബസമേതം നില്‍ക്കുന്നവരുടെ മുന്‍പില്‍ മുണ്ട് പൊക്കികാണിച്ചാല്‍, ഇത് ചന്തയാണ് അവന്റെ മുണ്ടാണ്, അത് പൊക്ക‍ല്‍‌ അവന്റെ മൌലികാവകാശമാണ് എന്ന് കൈപ്പള്ളി പറയുമോ, എതോ അവന് ആദ്യം രണ്ട് പൊട്ടിക്കുമോ എന്ന് പ്രതികരിക്കുന്നതിന് മുന്‍പ്‌ ചിന്തിക്കേണ്ടതായിരുന്നു.
ഏതായാലും പറ്റിയത് പറ്റി. പെയിന്റടിക്കാരനെതിരെ ശക്തമായ നിലപാടുമായി വന്ന് കൈപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. പെയിന്ററിന്റെ പുലഭ്യം പറച്ചിലിനെ അതിനിരയായ മാന്യബൂലോഗര്‍ തികഞ്ഞ സംയമനത്തോടാണ് നേരിടുന്നതെന്നത് ശ്രദ്ധേയമാണ്. അവസാനം സഹികെട്ട ബൂലോഗത്തിലെ ചിലര്‍ പെയിന്ററെ മെരുക്കാന്‍ 'ഗുണ്ട'കളെ അയക്കുവാന്‍ തീരുമാനിക്കുകയും അപകടം മണത്ത പെയിന്റര്‍ അല്പം മര്യാദ കാണിക്കുകയുമാണുണ്ടായത്. ഏറ്റവുമൊടുവിലായി തന്നെ ബ്ലോക്ക് ചെയ്ത ഏവൂരാനെയാണു ഇദ്ദേഹം പരസ്യമായി തെറിവിളിക്കുന്നത്. അമേധ്യത്തില്‍ കിടന്നുരുളുന്ന പന്നി എന്നും തെരുവോരത്തെ ഭ്രാന്തന്‍ നായ എന്നുമാണ് ശ്രീ കൈപ്പള്ളി ഇയാളെക്കുറിച്ച് ഈയിടെ പറഞ്ഞത്. തെരുവോരത്തെ പട്ടികള്‍ മാന നഷ്റ്റത്തിനു കൈപ്പിള്ളിക്കെതിരെ കേസുകൊടുക്കാന്‍ സാധ്യതയുണ്ട്. ( അവരെ ചിത്രകാരനുമായി ഉപമിച്ചതിനു)
ആവശ്യമില്ലാത്ത കവറേജാണ് ഈ മനുഷ്യന് ബ്ലോഗാഭിമാനി കൊടുക്കുന്നതെന്നറിയാം. എങ്കിലും ആളു കൂടുതോറും ഒരു കൂട്ടായ്മക്ക് നേരിടേണ്ടി വരുന്ന മൂല്യചുതി‍ ചൂണ്ടിക്കാണിക്കാന്‍ ഇതിലും നല്ല ഒരുദാഹരണമില്ല. ജീവിതത്തിലേറ്റ നിരാശയോ, അപമാനമോ ആകാം സ്നേഹത്തിലൂന്നിയ, അതില്‍‌ക്കൂടി ചില ഹയറാര്‍ക്കികള്‍ നിശ്ചയിച്ച ബൂലോഗകൂട്ടായ്മക്കെതിരെ വര്‍ഗ്ഗീയ/കുത്തക/മുതലാളിത്ത ശക്തികള്‍ക്കെതിരെ പ്രതികരിക്കുന്ന കണക്ക് ചിലരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ബ്ലോഗാഭിമാനി വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നതെന്തെന്നാല്‍, സര്‍വ്വസമത്വസ്വാതന്ത്ര്യത്തിന്റെ പേരില്‍ കൂട്ടായ്മകളും അവയുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ബലികഴിക്കേണ്ടതില്ല. ബൂലോഗം വളരുകയാണെങ്കില്‍, സ്വതന്ത്രമായ കൂട്ടായ്മകളുണ്ടാകുകയാണ് വേണ്ടത്..അല്ലാതെ കഴുതകളേയും കുതിരകളേയും ഒരു വണ്ടിയില്‍ കെട്ടാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലം.
================= =================
വെബ്‌ലോഗ് അവാര്‍ഡ് 2006 വോട്ടുകള്‍ ക്ഷണിക്കുന്നു
ഇന്‍ഡിബ്ലോഗീസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വെബ്‌ലോഗ് അവാര്‍ഡിന് നോമിനേഷനുകള്‍ സ്വീകരിച്ചു. ഇത്തവണ മലയാളത്തില്‍ നിന്ന് താഴെപ്പറയുന്ന ബ്ലോഗുകളാണ് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത് :
പ്രത്യേകം കാറ്റഗറി തിരിച്ചുള്ള നോമിനേഷന്‍ മലയാളബ്ലോഗുകള്‍ക്കില്ലാത്തതിനാല്‍ അവിയല്‍ പരുവം ആണ് ഇത്തവണയും ലിസ്റ്റ്. എങ്കിലും കോമഡിയോട് ആവശ്യത്തില്‍ കവിഞ്ഞ ആഭിമുഖ്യം ഉള്ള ലിസ്റ്റാണ് ഇത്. കവിതയെ പൂര്‍ണ്ണമായും വിസ്മരിച്ചു. ഫോട്ടോ ബ്ലോഗ് നോമിനേഷനില്‍ തുളസിയുടെ ബ്ലോഗ് കാണാഞ്ഞത് ബ്ലോഗാഭിമാനിയെ നിരാശപ്പെടുത്തി.(കുമാറിന്റേയും..അദ്ദേഹം ഇപ്പോള്‍ അത്ര ആക്റ്റീവായി ബ്ലോഗുന്നില്ല എന്നിരുന്നാല്‍ തന്നെ)
ദേവരാഗം ഇത്തവണയും തഴയപ്പെട്ടതില്‍‌ കുണ്ഠിതമുണ്ട്. പെരിങ്ങോടന്‍, കരീം മാഷ് എന്നിവരും മറക്കപ്പെട്ടു.
വനിതാ പ്രാധാന്യവും ഇല്ല. രേഷ്മ, ഇഞ്ചി, മുല്ല, സു , അതുല്യ, മുതലായ വളരെയധികം റീഡര്‍ഷിപ്പുള്ള ബ്ലോഗേര്‍സിനെ വിസ്മരിച്ചതെന്ത് കൊണ്ട്!
വെബ്‌ലോഗ് അവാര്‍ഡ് കൊണ്ട് ബ്ലോഗര്‍ക്ക് ഒരു പിണ്ണാക്കും ഗുണമില്ലെങ്കിലും ആകെക്കൂടെയുള്ള ഒരംഗീകാരം എന്ന നിലക്ക് നോമിനേഷനുകള്‍ നല്‍കുന്നവര്‍ അടുത്ത പ്രാവശ്യം ഒന്നുകൂടി വിപുലമായി നോമിനേഷന്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വോട്ട് ചെയ്യുന്നവരോട് : ഏറ്റവും ജനപ്രീതിയുള്ള പടമല്ല, ഏറ്റവും നല്ല പടം എന്ന തത്വം ഓര്‍ക്കേണ്ടതാണ്.
ബ്ലൊഗാഭിമാനി പ്രവചനം : ബൂലോഗത്ത് നിലനില്‍ക്കുന്ന ശക്തമായ അമേരിക്കന്‍ - ഗള്‍ഫ് ലോബികള്‍ പക്ഷപാതം മാറ്റിവച്ച്, നീതിപൂര്‍വ്വമായി വോട്ട് ചെയ്താല്‍ ഗുരുകുലമോ കുറുമാന്റെ കഥകളോ അവാര്‍ഡ് നേടും എന്ന് കരുതുന്നു. ഉള്ളടക്കത്തിന്റെ ബലം കൊണ്ട് ഗുരുകുലം ഇത്തിരികൂടി മുന്നിലെത്താന്‍ സാധ്യത കാണുന്നു. കൊടകരക്ക് പുതിയ ബ്ലോഗേര്‍സിന്റെ വോട്ടുകള്‍ ചറപറാ കിട്ടുമെങ്കിലും, പഴയപുലികള്‍ വോട്ട് ചെയ്യാനുള്ള സാധ്യത വിരളമാണ്. പുതിയവര്‍ കയറി വരണം എന്നാണല്ലോ.
ബാക്കി മൂന്നും...എണ്ണം തെകക്കാന്‍ ഇട്ടതാണോഡേയ് ?
(ഡിസ്‌ക്ലൈമര്‍ : ഇത് ബ്ലൊഗാഭിമാനിയുടെ ഈ റിപ്പോര്‍ട്ട് എഴുതിയ ലേഖകന്റെ അഭിപ്രായം മാത്രം. ബൂലോഗര്‍ അവരവരുടേ അഭിപ്രായങ്ങള്‍‌ക്കനുസരിച്ച് വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു പുലി ഒരു ബലേഭേഷ് കമന്റ് വച്ചാല്‍ അതിന്റെ വാലേത്തൂങ്ങി ഭേഷ് ഭേഷ് പറയുന്ന കമന്റ് പാരമ്പര്യം ഇവിടെ കാണിക്കരുതേ!
ഇടനാഴിയില്‍ കേട്ടത് : "തറബ്ലോഗിന് കാറ്റഗറിയുണ്ടെങ്കില്‍ തീര്‍ച്ചയായും പെയിന്റടിക്കാരന്റെ ബ്ലോഗ് നോമിനേറ്റ് ചെയ്യാമായിരുന്നു." )
ലിങ്കുകള്‍ ഇവിടെ
അവാര്‍ഡ് നോമിനേഷനുകള്‍: http://www.indibloggies.org/nominations-2006/

വോട്ടുകള്‍ രേഖപ്പെടുത്താന്‍ http://www.indibloggies.org/polls-2006

================ ===============

കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചു.
ഹാസ്യപ്രാധാന്യമായ പ്രാഥമിക ലക്കങ്ങളും, വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്പെന്‍സുകളുമായി തുടര്‍ന്നുള്ള ലക്കങ്ങളുമായി മലയാളം ബ്ലോഗില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീ. കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ എന്ന പരമ്പരക്ക് അന്ത്യം. 24 വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ യൂറോപ്പില്‍ ജോലി ചെയ്യാനുള്ള അഭിനിവേശവം അത് പ്രാവര്‍ത്തികമാകാന്‍ ഇദ്ദേഹം നടത്തുന്ന കാട്ടിക്കൂട്ടലുകളും , യൂറോപ്പിലെത്തിയ ശേഷമുള്ള കഷ്ടപ്പാടുകളും എല്ലാം തുറന്നു പറഞ്ഞിരിക്കുന്ന ഈ പരമ്പര ബൂലോഗത്ത് ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച പരമ്പരയും, യാത്രാവിവരണവുമാണെന്നു ബ്ലോഗാഭിമാനിക്കു നിസ്സംശയം പറയാം. കഴിഞ്ഞ വ്അര്‍ഷ് നവമ്പര്‍ മുതല്‍ 14 ലക്കങ്ങളായാണ് ഇദ്ദേഹം ഈ പരമ്പര പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൊടകരപുരാണത്തെ തുടര്‍ന്നു ബ്ലോഗില്‍ നിന്നുള്ള അടുത്ത പുസ്തകമാവാന്‍ സാധ്യതയുള്ളൊരു മികച്ച കൃതി തന്നെയാണിത്. ഇപ്പോള്‍ തന്നെ ഇതു പുസ്തകമാക്കാന്‍ ഓഫറുകളുണ്ടെന്നും, താന്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ്, ബ്ലോഗാഭിമാനിയുടെ ഒരു രഹസ്യ റിപ്പോര്‍ട്ടര്‍ കുറുമാനോടു നടത്തിയ സംഭാഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.

============= ================

കൊച്ചിമീറ്റ് റദ്ദാക്കി : അണിയറ പുകയുന്നോ?
ഈ മാസം 18ന് നടത്താനിരുന്നിരുന്ന കൊച്ചിമീറ്റ് റദ്ദാക്കിയ വിവരം പാച്ചാളം ബൂലോഗരെ അറിയിച്ചു, തുടക്കം മുതല്‍‌ തന്നെ പാകപ്പിഴകളോടെയായിരുന്നു കൊച്ചിമീറ്റിന് അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നത്. കഴിഞ്ഞമീറ്റുകളിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീ ഇക്കാസിന് ഇത്തവണ അല്പം താ‌ല്‍പ്പര്യക്കുറവുണ്ടോ എന്ന് തുടക്കത്തിലേ തോന്നിയിരുന്നു. എന്നാലും അദ്ദേഹം എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ബ്ലോഗേര്‍സ് ആയ ശ്രീ കുമാര്‍, ശ്രീ പാച്ചാളം മുതലായവരും ഇതിനോട് സഹകരിച്ചു. അപ്രതീക്ഷിതമായി മീറ്റ് റദ്ദാക്കിയ നടപടി ബൂലോഗരെ അമ്പരപ്പിച്ചിരുന്നു. അതിനെത്തുടര്‍ന്ന് സാധാരണ ചൊടിക്കാത്ത പാച്ചാളത്തെ അനോണിപുണ്യാളന്റെ കമന്റ് ചൊടിപ്പിച്ചതും ശ്രദ്ധേയമായി. അടുത്ത കമന്റിട്ട പ്രമുഖ കൊച്ചി ബ്ലോഗര്‍ കുമാര്‍, ചിലത് ചീഞ്ഞുനാറുന്നുണ്ട് എന്ന് തുറന്നടിച്ചു. ഗള്‍ഫ് മീറ്റ് മുന്‍ സംഘാടകാധ്യക്ഷനായിരുന്ന ശ്രീ കലേഷ് വളരെ രാഷ്ട്രീയപരമായി "എല്ലാവരും ഒറ്റക്കെട്ടാണ്" എന്ന് പ്രസ്താവിച്ചെങ്കിലും അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. മീറ്റ് ക്യാന്‍സലായതിന് പിന്നില്‍ കാരണം എന്തുമായിക്കൊള്ളട്ടെ, അതൊക്കെ പരിഹരിച്ച് എത്രയും വേഗം ഒരു ഗംഭീര കൊച്ചിന്മീറ്റിന് വേദിയൊരുങ്ങട്ടെ എന്ന് ബൂലോഗര്‍ക്കൊപ്പം ബ്ലോഗാഭിമാനിയും ആശംസിക്കുന്നു
=============== =================

കോപ്പിറൈറ്റ് : നയം വ്യക്തമാക്കുന്നു
ബൂലോഗത്തിലേറെ ചര്‍ച്ചചെയ്യപ്പെട്ട , പാചകക്കുറിപ്പുകള്‍ യാഹൂവിന്റെ മലയാളം പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ട കാര്യത്തെക്കുറിച്ച്, രാവും പകലും ചര്‍ച്ചചെയ്യപ്പെട്ടതിനേപ്പറ്റി ബ്ലോഗാഭിമാനിക്ക് തോന്നുന്നതു വ്യക്തമാക്കാന്‍ ഞങ്ങളിവിടെ ആഗ്രഹിക്കുന്നു. കോപ്പിറൈറ്റ് വയലേഷനിരയായ ബഹുമാനപ്പെട്ട ബ്ലോഗറെ ഇനിയും ഇതിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവരുടെ നിലപാട് വളരെ വ്യക്തമാണ്. പുഴയായാലും യാഹു ആയാലും അവരുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ ആശംസകളും.
യാഹുവിന്റെ/വെബ്‌ദുനിയയുടെ നിലപാടും അവര്‍ വ്യക്തമക്കിയതാണ്. “അബദ്ധവശാല്‍ പറ്റിയതെന്നു വെബ്ദുനിയക്കാര്‍ സമ്മതിക്കുന്ന ഈ പ്രശ്നത്തിനു പരസ്യമായി അവ്ുടെ പ്രതിനിധി മാപ്പു പറഞ്ഞ് നഷ്ടപരിഹാരം നല്‍കാമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും, യാഹൂവിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോക്നആണു പ്ര്അസ്തുത ബ്ലോഗറുടെ തീരുമാനം എന്നാണു അണിയറയില്‍ നിന്നുള്ള സംസാരം. ഇതിനു അമേരിക്കയില്‍ നിന്നും ചില മുതിര്‍ന്ന ബ്ലോഗേഴ്സ് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട്. യാഹൂ/വെബ്ദുനിയ എന്നിവര്‍ ഇത് ഇത്ര വലിയൊരു പ്രശ്നമാകുമെന്നോര്‍ത്തുകാണില്ല. സമയം കെടുത്താത്ത വിവാദമില്ല, പരസ്യമായി വിവാദങ്ങളിലേര്‍പ്പെട്ട് കൊഴുപ്പ് കൂട്ടേണ്ട എന്നത് ഏതൊരു മാനേജ്മെന്റുകളും എടുക്കുന്ന നിലപാട് തന്നെ.
വിവാദത്തില്‍ ഭാഗം ചേര്‍ന്നവരോട് : യാഹൂ എന്ന് കേട്ട് പലരും അല്പം അധികം ആവേശം കൊണ്ടുവോ എന്ന് ബ്ലോഗാഭിമാനി സംശയിക്കുന്നു. വെബ്‌ദുനിയയോട് മിണ്ടരുത്, യാഹൂ തന്നെ വരണം എന്ന് ഉപദേശിക്കുന്നതിലെ പിടിവാശി യാഹൂ എന്ന ഭീമനോടേ‌ല്‍ക്കുമ്പോള്‍ ലഭിക്കുന്ന ആ രോമാഞ്ചം നാടന്‍ വെബ്‌ദുനിയായോട് പൊരുതുമ്പോള്‍ ഇല്ല എന്നതിനാലാണോ? മോഷണത്തിനെതിരെ നടപടിയേക്കാള്‍ നടപടി ആര്‍ക്കു നേരെ വേണം എന്ന് സ്ഥാപിക്കാനായിരുന്നു പലര്‍ക്കും താ‌ല്പര്യം. മോഷണം യാഹൂ അല്ല, ജംഗ്ഷനിലെ കുട്ടന്‍‌പിള്ളചേട്ടന്‍ നടത്തിയതാണെങ്കിലും ഒരേ ആവേശത്തോടെ നേരിടുക എന്നതല്ലേ അഭികാമ്യം? യാഹൂ അറിയാതെ വെബ്‌ദുനിയ നടത്തിയ മോഷണത്തിന് 100% യാഹുവിനെ കുറ്റം പറയുന്നത് കടുത്ത നടപടിയാണ്. വെബ്‌ദുനിയയോട് മാപ്പ്, നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെടുന്നതിനോടൊപ്പം, യാഹുവിനെ ഈ പ്രശ്നത്തെക്കുറിച്ച് അറിയിച്ചാല്‍ അവര്‍ വെബ്‌ദുനിയയോടുള്ള കരാര്‍ പുനപ്പരിശോധിക്കുമായിരുന്നു(ആവൊ!). അതിനുപകരം കൊക്കോകോളാ തല്ലിപ്പൊട്ടിക്കുകയും ക്ഷീണിക്കുമ്പോള്‍ കനാലിലെ വെള്ളമെടുത്ത് ഗ്യാസടിച്ചുണ്ടാക്കുന്ന ഡീലക്സ് കോളാ കുടിക്കുകയും ചെയ്യുന്ന വിപ്ലവകാരികളുടെ മനോഭാവം നിഴലിച്ചു, വെബ്‌ദുനിയയെ ചര്‍ച്ചകള്‍ക്ക് പുറത്താക്കണം എന്നു നിര്‍ദ്ദേശിക്കുന്ന കമന്റുകള്‍ കണ്ടപ്പോള്‍. വിവാദത്തിന്റെ വാര്‍ത്താപ്രാധാന്യത്തിലായിരുന്നു പലര്‍ക്കും താല്‍‌പ്പര്യം..അതിന് യാഹൂ എന്നൊരു വലിയ പേര് വിവാദത്തിലുണ്ടാവേണ്ടത് അത്യാവിശ്യമാണല്ലോ! ഏതായാലും വെബ്‌ദുനിയ വൈകിയാണെങ്കിലും മാപ്പ് പറഞ്ഞതിലും , വിവാദം തല്‍‌ക്കാലം അടങ്ങിയതിലും ആശ്വാസം കാണാം.
അവസാനമായി എല്ലാത്തിനും ഇരയായ ബഹു.ബ്ലോഗര്‍ക്ക് നീതി ലഭിക്കട്ടെയെന്നും, മനസമാധാനത്തോടെ തുടര്‍ന്നും ബ്ലോഗാനാകട്ടെ എന്നും ആശംസിക്കുന്നു.
================ ==============
ഈ മാസത്തെ തമാശ
കോപ്പിറൈറ്റ് പ്രശ്നത്തില്‍ കൂലങ്കുഷമായി ചിന്തിച്ച് പല പോയന്റുകളും കണ്ടെത്തിയവര്‍ അത് രഹസ്യമാക്കി സൂക്ഷിക്കുന്നു. അവ കമന്റിയാല്‍ എതിര്‍ഭാഗം സര്‍ക്കാര് വക്കീല്‍ അത് കോടതിയില്‍ പ്രതിരോധിക്കില്ലേ! ഇന്റര്‍നെറ്റില്‍ നിന്നോ, പ്രാക്റ്റീസിംഗ് വക്കീലന്മാരുടെ കൈയ്യില്‍ നിന്നോ ലഭിച്ച തുണ്ടുകള്‍ യാഹൂവിന്റെ വക്കീലിന് അറിയില്ല എന്ന് വിചാരിക്കുന്നവര്‍..അമ്പമ്പോ സമ്മതിച്ചിരിക്കുന്നു. വക്കീലന്മാര്‍ വര്‍ഷങ്ങളോളം കൊളേജിലും കോടതിയിലും പോയി എന്നതാ ചെരക്കലാണോ പണി?
============= ==============

ഈ ലക്കത്തിലെ ബ്ലോഗ്.
ശ്രീ.ടി.കെ. സുജിത്തിന്റെ
വര@തല=തലവര എന്ന ബ്ലോഗാണു ഈ ലക്കം മികച്ച ബ്ലോഗായി ഞങ്ങള്‍ക്കു ചൂണ്ടിക്കാണിക്കനുള്ളത്. ഒന്നാം തരം കാര്‍ട്ടൂണിസ്റ്റു തന്നെയായ സുജിത്തിന്റെ ബ്ലോഗ് ബൂലോഗത്തിലെ ആദ്യത്തെ “ഫുള്‍‌‌ഫ്ലെഡ്ജ്ഡ്” കാര്‍ട്ടൂണ്‍ ബ്ലോഗ് എന്ന ബഹുമതിക്ക് റ്റ്ഹികച്ചും അര്‍ഹമാണ്. മികച്ച രസികന്‍ കാര്‍ട്ടൂണുകളുമായി സുജിത്തിനു ബൂലോഗരെ ഇനിയും ചിരിപ്പിക്കാനും , ചിന്തിപ്പിക്കാനും കഴിയട്ടീന്നു ബ്ലോഗാഭിമാനി ആശംസിക്കുന്നു. [ http://tksujith.blogspot.com/ ] കേരളകൌമുദിയിലെ കാര്‍ട്ടൂണിസ്റ്റായ സുജിത്തിന്റെ ബ്ലോഗിലേക്കുള്ള വരവ് അഭിനന്ദനാര്‍ഹം തന്നെ.

ബ്ലോഗിലെ, സമകാലിക സംഭവങ്ങളെ, കാര്‍ട്ടൂണ്‍ രൂപത്തില്‍ അവതരിപ്പിച്ച് വേണുജി ശ്രദ്ധനേടിയിരിക്കുന്നു. യാഹുവിന്റെ ബ്ലോഗില്‍ നിന്നുള്ളപോസ്റ്റ് മോഷണവും അതിനോടനുബന്ധിച്ചു നടന്ന ബഹളവും വേണുജി വളരെ മനോഹരമയിഅവതരിപ്പിച്ചിരുന്നു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. [ http://www.nizhalkuth.blogspot.com ]

================= ======================
ഗോപന്‍ കാത്തിരുന്നതാരെ?
ഇക്കാസ്, സിയ, കുറുമാന്‍ എന്നിവരാണ് ഈ ബ്ലോഗിലേക്ക് സംഭാവന ചെയ്യുന്നവര്‍. ഒന്നും രണ്ടും ഭാഗങ്ങള്‍ വലിയ പ്രശ്നമില്ലാതെ പോയ ഒരു നോവലാണിത്, പക്ഷെ മൂന്നാം ഭാഗം മുതല്‍ പൈങ്കിളിയെ കടത്തിവെട്ടിക്കുന്ന തരത്തിലേക്ക് ഈ പോസ്റ്റ് താണു എന്ന് ബ്ലോഗാഭിമാനിക്ക് പറയാതെ വയ്യ. ലക്ഷ്യമില്ലാതെ പോകുന്ന തോണിക്ക് കാറ്റുപിടിച്ചാലുള്ള അവസ്ഥയാണ് ഈ പോസ്റ്റിന്റെ ഇപ്പോഴത്തെ നില. ഗോപന്‍ കാത്തിരുന്നതാരെ എന്നതിലും നല്ലത്, ഗോപനെ ആരും ഇപ്പോള്‍ കാത്തിരിക്കുന്നില്ല എന്ന പേരാവും, കൂടുതല്‍ ചേരുക. തുടങ്ങിയ പണി പൂര്‍ത്തിയാവുന്നതിന്നു മുന്‍പെ, ഇഫ്ര്രിത്ത് എന്ന മുസ്ലീം മാന്ത്രികനോവലിന്റെ പണിപുരയിലാണ് ഇവര്‍, ഒപ്പം കൂട്ടായി ശ്രീജിത്തുമുണ്ട്. എന്തായാലും കാത്തിരുന്നു കാണാം.

================= ==================


ഉണ്ണിത്തരമില്ലാത്ത ഉണ്ണിത്താന്‍
ബ്ലോഗില്‍ സുപ്രഭാതം പൊട്ടിവിരിഞ്ഞു. പതിവുപോലെ ഉമിക്കരിയാല്‍ പല്ലു തേച്ച്, ബ്ലോഗഭിമാനി ബ്ലോഗ് വായിക്കാന്‍ തുടങ്ങി. പുതിയ ഒരു ബ്ലോഗ് കണ്ണില്‍ പെട്ടു. അതുല്‍ ഉണ്ണിത്താന്‍ എന്ന യുവകോമളന്റെ ബ്ലോഗാണത്. മനോഹരമായ കവിതകളുള്ള മനോഹരമായ ഒരു ബ്ലോഗ്. ബ്ലോഗഭിമാനി കവിതകള്‍ വായിക്കാന്‍ തുടങ്ങി. ങേ, ഇത് മുന്‍പ് വായിച്ചിട്ടുള്ള കവിതയാണല്ലോ?
മനസ്സ് പിന്നോട്ട് പാഞ്ഞു. അധികം പിന്നോട്ട് പായേണ്ടി വന്നില്ല, വെറും ഒരു പത്ത് ദിവസം പിന്നിലേക്ക് മാത്രം. കിട്ടിപോയി, ഈ കവിത ലോനപ്പന്റെ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. കട്ടത് ലോനപ്പനോ അതോ ഉണ്ണിത്താനോ? സംശയമില്ല ഉണ്ണിത്താന്‍ തന്നെ. മോഷണം ഇങ്ങിനേയുമോ? ലോനപ്പന്റെ ബ്ലോഗില്‍ നിന്നു മാത്രമല്ല, മറ്റു ബ്ലോഗുകളില്‍ നിന്നും മോഷ്ടിച്ചിട്ടുണ്ട്. സ്വന്തമായി ഒരു വരിപോലും എഴുതിവച്ചിട്ടില്ല നമ്മുടെ ഉണ്ണി. എന്താണുണ്ണീ ഇത്തരം വികൃതി എന്ന ചോദ്യത്തിന്ന്, ഞാന്‍ എഴുതിയതാണെന്ന് ഞാന്‍ എവിടേയും എഴുതിവച്ചിട്ടില്ല എന്ന മറുമൊഴിയും!
ജനാര്‍ദ്ദനന്‍ ഒരു സിനിമയില്‍ പറഞ്ഞ ഡയലോഗ്.. നീ പൊന്നപ്പനല്ലടാ‍ാ.. തങ്കപ്പനാ.. അതുപോലെ.. നീ വെറും ഉണ്ണിത്താനല്ലടാ.. വെല്യത്താനാ. ഏറ്റവും പുതിയ വിവരമനുസരിച്ച് ലോനപ്പഭീഷണിയെത്തുടന്ന് ഉണ്ണിത്ത്ന്‍ ബ്ലോഗു റന്നെ ഡീലിറ്റിയെന്നാണു ഞങ്ങളുടെ രിപ്പോര്‍ട്ടര്‍ക്ക് അരിയാന്‍ സാധിച്ചത്.
ഓ ടോ: ഇതിനു മുന്‍പും കുറെ നാള്‍ മുന്‍പു ഒരു വിദ്വാന്‍ ഇതുപോലെ പോസ്റ്റുകള്‍ അതേ പടി കട്ട് പുതിയ പോസ്റ്റുകള്‍ തുടങ്ങിയിരുന്നു. അന്നൊക്കെ അതിനു പിന്നില്‍ അണിനിരന്നവരും കൊടി ഉയര്‍ത്തിയവരും കലപില ഉതിര്ത്തവരും ബൂലോക പോലീസും ഡികറ്റക്റ്റീവും ഒന്നും ഇവിടെ ഒന്നും പറഞ്ഞുകണ്ടില്ല. ഏത് ബാലന്‍സിങ് നിയമത്തിലാണ് ലോനപ്പന്‍ ഇരിക്കുന്ന ഭാഗം താണുപോയതെന്നു/ലോനപ്പന്റെ ജനപിന്തുണ ഇല്ലായ്മ എന്ന് അവരുടെ വാക്കുകളിലൂടെ അറിയുവാന്‍ താല്പര്യമുണ്ട്“ എന്നുള്ള ശ്രീ കുമാറിന്റെ കമന്റ് ഈ അവസരത്തില്‍ ബ്ലോഗാഭിമാനി ഇവിടെ ചൂണ്ടികാട്ടുന്നു. മേല്പറഞ്ഞ കമന്റിനു മറുപടിയായി, ബൂലോക പോലീസും ഡികറ്റക്റ്റീവും ഒന്നുംഇതുവരേയായി വന്നിട്ടില്ല എന്നത് ഇവിടെ ശ്രദ്ധേയമാകുന്നു
============ ==================

തമനുവും, വിവിയും, ബ്ലോഗിലെ പുതിയ താരങ്ങള്‍ ‍.

വളരെ കുറച്ച് സമയം കൊണ്ട് ബ്ലോഗു വായനക്കാരുടെ ഇടയില്‍ പേരെടുത്ത രണ്ട് എഴുത്തുകാരാണ് തമനുവും, വിവിയും. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത രസകരമായ പോസ്റ്റുകളാല്‍ ഇവര്‍, വിശാലന്‍, അരവിന്ദന്‍, കുറുമാന്‍, ഇടിവാള്‍, മാഗ്നിഫയര്‍, വികടന്‍ തുടങ്ങിയ ഹാസ്യ രചയിതാക്കളുടെ ഒപ്പം എത്തികഴിഞ്ഞു. തനി തൃശൂര്‍ ഭാഷയിലുള്ള വിവിയുടെ പോസ്റ്റുകള്‍ ശ്ലാഘനീയം തന്നെ. വിവിയും, ലോനപ്പനും ഒരാള്‍ തന്നെയല്ലെ എന്ന് ബ്ലോഗഭിമാനിക്കൊരു സംശയം ഇല്ലാതില്ല. ആദ്യപോസ്റ്റുകള്‍ അത്ര മികച്ചവയായിരുന്നെങ്കിലും, ഏറ്റവും പുതിയതായി രണ്ടു മെഗാഹിറ്റ് പൊസ്റ്റുകളിറക്കിക്കൊണ്ടാണ് തമനു തന്റെ ഹാസ്യത്തിലുള്ള വൈദഗ്‌ദ്ധ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
============= ===============