ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Thursday, March 15, 2007

ബ്ലോഗഭിമാനി - ലക്കം 7

ബൂലോകത്തില്‍ ലോബികളുടെ സ്വാധീനം
ചൊവ്വയില്‍ വെള്ളം ഉണ്ട് എന്ന് കേട്ട് ഞെട്ടിയതിനേക്കാള്‍ ഭയങ്കരമായി ജനം ഈയിടെ ഞെട്ടി. ബൂലോഗത്ത് ലോബിയുണ്ട് പോലും. അമേരിക്കന്‍ ലോബി, ഗള്‍ഫ് ലോബി, കൊച്ചി ലോബി, ബാംഗ്ലൂര്‍ ലോബി, ഹൈദരബാദ് ലോബി, ദില്ലി ലോബി, അവിടെ ലോബി, ഇവിടെ ലോബി, ബൂലോകത്തെവിടെ നോക്കിയാലും ലോബി.

ലോറി എന്നാണ് ബ്ലോഗഭിമാനി ആദ്യം കരുതിയത് ,ഓട്ടോയും ടെമ്പോയുമൊക്കെ പോരാഞ്ഞ് ലോറി തന്നെ വേണ്ടി വരുമെന്ന് തോന്നുകയും ചെയ്തിരുന്നു ചിലരുടെ കമന്റുകള്‍ കണ്ടപ്പോള്‍. എന്നിരിക്കിലും ലോബികള്‍ സമൂഹത്തില്‍ സ്വാഭാവികമായി രൂപപ്പെടുന്നതും പലപ്പോഴും നല്ലതുമാണ്. എന്നാല്‍ ലോബികള്‍ സമൂഹത്തേക്കാള്‍ വലുതാണ് എന്ന ധാരണ അബദ്ധമാണ്.

ഭരണലോബിയുടേയും പ്രതിപക്ഷലോബിയുടേയും ജോസ് ചെറിയാനെന്ന സ്വതന്ത്ര എമ്മെല്ലേയുടേയും (ഇയാള്‍ എതിര്‍ ലോബിയിലെ അംഗമാണെന്ന് സ്ഥാപിക്കാന്‍ രണ്ട് ലോബിക്കാരും കുതിരക്കച്ചവടം നടത്തുന്നു എന്ന് കേള്‍ക്കുന്നു) ഇടയില്‍ പെട്ട് യൂഡിയുടേയും എല്‍ഡിയുടേയും ഇടയില്‍ പെട്ട സ്മാര്‍ട്ട് സിറ്റിയേക്കാള്‍ കഷ്ടമാവും ബൂലോഗത്തിന്റെ അവസ്ഥ എന്ന് ബ്ലോഗഭിമാനി ഭയപ്പെടുന്നു
=============== ===============
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
മലയാളം ബ്ലോഗേഴ്സ് നടത്തിയ കോപ്പിറൈറ്റ് പ്രതിഷേധം പുതിയൊരു വഴിത്തിരിവിലെത്തിയതായി ബ്ലോഗഭിമാനി മനസ്സിലാക്കുന്നു. സാന്ദ്രം എന്ന പോസ്റ്റില്‍ ഒരു ബ്ലോഗര്‍ നടത്തിയ പോസ്റ്റിനെത്തുടര്‍ന്നുള്ള ചര്‍ച്ചയിലാണു കോപ്പി റൈറ്റ് പ്രശ്നത്തിലുപരി, ഈ പ്രതിഷേധത്തില്‍ മറ്റു പല സ്വാര്‍ത്ഥതാല്പര്യങ്ങളുമുണ്ടെന്നു പലരും ആരോപിച്ചതായി കണ്ടത്. മലയാളത്തിലെ ചില പോര്‍ട്ടലുകള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ അഴുകിയ മുഖങ്ങളും ഈ ചര്‍ച്ചയിലെ ചില കമന്റുകളിലൂടെ പുറത്തു വന്നിരിക്കുകയാണ്. ഇരുവിഭാഗവും തമ്മിലുള്ള വടംവലി മുറുകുമ്പോള്‍ സത്യമെന്താണെന്നറിയാന്‍ ബ്ലോഗഭിമാനിക്കു താല്പര്യമുണ്ട്.
=============== ===============


മലയാളം ബ്ലോഗിങ്ങ് - കൂട്ടായ്മയോ അതോ വ്യക്തി ഹത്യയോ
ഒന്നോ, രണ്ടോ വര്‍ഷം മുന്‍പ് മുപ്പതോ അതില്‍ താഴെയോ മാത്രം മലയാളം ബ്ലോഗുകള്‍ (അവരില്‍ പലരും മുന്‍പ് മലയാള വേദിയില്‍ എഴുതിയിരുന്നവരും, പരസ്പരം അറിയുന്നവരുമായിരുന്നു) മാത്രമുണ്ടായിരുന്ന കാലഘട്ടത്തില്‍ നിന്ന് ഏകദേശം അഞ്ഞൂറോളം മലയാളം ബ്ലോഗുകളായികഴിഞ്ഞിരിക്കുന്ന ഇന്നത്തെ അവസ്ഥയിലേക്കുള്ള മലയാളം ബ്ലോഗുകളുടെ വളര്‍ച്ച വളരെ വേഗതയിലായിരുന്നു.

എന്താണ് ഈ ത്വരിത ഗതിയിലുള്ള വളര്‍ച്ചക്ക് കാരണം?

മറ്റൊന്നുമല്ല, മലയാളം ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മ തന്നേയാണ് ഈ ത്വരിതഗതിയിലുള്ള ബ്ലോഗുകളുടെ വളര്‍ച്ചക്ക് കാരണം എന്ന് ബ്ലോഗഭിമാനിക്ക് ശക്തമായി, അടിവരയിട്ട് പറയാന്‍ കഴിയും. പക്ഷെ, അടുത്തിടേയായി വ്യക്തിഹത്യ ചെയ്യുവാനുള്ള ഒരു പ്രവണത ബ്ലോഗെഴുത്തുകാരുടെ ഇടയില്‍ അമിതമായി വര്‍ദ്ധിച്ചു വരുന്നുണ്ട് എന്ന് ബ്ലോഗഭിമാനി ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടുവാന്‍ ആഗ്രഹിക്കുന്നു. ഈ ഒരു പ്രവണത മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയെ മുരടിപ്പിക്കും എന്നുള്ളതില്‍ ബ്ലോഗഭിമാനിക്ക് സംശയം തീരെ ഇല്ല. പണ്ട് കൂട്ടുകുടുംബം ആയി താമസിച്ചിരുന്ന നമ്മുടെ പിന്‍ തലമുറകളില്‍ നിന്നും ശിഥിലമായി, അണുകുടുംബാവസ്ഥയിലെത്തി നില്‍ക്കുന്ന യുവ തലമുറയെ പോലെ മലയാളം ബ്ലോഗു കൂട്ടായ്മയും ചിന്നി ചിതറി ചെറിയ ഗ്രൂപ്പുകള്‍ ആകുന്ന സമയം വിദൂരമല്ല!

ഈ ഒരു പ്രവണതയെ ചെറുക്കുക തന്നെ വേണം, തടുക്കുക തന്നെ വേണം, നിരുത്സാഹപെടുത്തുക തന്നെ വേണം. അല്ലെങ്കില്‍, അമ്മൂമ്മ കഥകള്‍ കേള്‍ക്കാതെ, നാടന്‍ പാട്ടുകളുടെ ഈരടികളും, പഴം ചൊല്ലുകളും എന്തെന്നറിയാതെ വളരുന്ന പുതിയ തലമുറയിലെ കുട്ടികളെ പോലെ, മലയാളം ബ്ലോഗു ലോകത്തില്‍ വിടര്‍ന്നു വരുന്ന പുതിയ എഴുത്തുകാര്‍‍, പഴമയുടെ ഗന്ധവും, കൂട്ടായ്മയുടേയും ശക്തിയും അറിയാതെ, വെറും, തമ്മിലടിയും, ചെളിവാരിയെറിയലും മാത്രം കണ്ട് വളര്‍ന്നു വരുവാനുതകുന്ന ഒരു സാഹചര്യം നമ്മളായി ഒരുക്കാതിരിക്കുക.

എല്ലാ ബ്ലോഗെഴുത്തുകാരും ഒരു പഴമൊഴി ഓര്‍ക്കുക “ഐക്യമത്യം മഹാബലം“.
=============== ===============

ബ്ലോഗ് അവാര്‍ഡുകള്‍ - ഒരു പ്രഹസനം
ഭാഷാ ഇന്ത്യയുടെ അവാര്‍ഡ്, ഇന്‍ഡിക്ക് ബ്ലോഗ് അവാര്‍ഡ്, കേരളടിപ്സ് ഡോട്ട് ഓര്‍ഗ് അവാര്‍ഡ്, കേരള ബ്ലോഗ് അവാര്‍ഡ് , മോബ്-ചാനല്‍ അവാര്‍ഡ് തുടങ്ങി പേരറിയാത്ത പല അവാര്‍ഡുകളും ചേര്‍ത്ത് മൊത്തം അവാര്‍ഡുകളുടെ എണ്ണം ഏതാണ്ട് മലയാളം ബ്ലോഗുകളോളം തന്നെ വന്നിരിക്കുന്ന ഒരു അവസ്ഥയാണിന്ന്. കലേഷ്, വിശാലന്‍, കുറുമാന്‍, തുടങ്ങി നിരവധി എഴുത്തുകാര്‍ക്ക് ഇതുവരേയായി ഈ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അവരേയൊക്കെ ഈ അവാര്‍ഡിന്റെ പേരില്‍ ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മ ആദരിച്ചിട്ടും, പൊന്നാടയണിയിച്ചിട്ടുമുണ്ട്.

ലേറ്റസ്റ്റ് അവാര്‍ഡ് ജേതാവായ കുറുമാനെ പുതപ്പുക്കുവാന്‍ വേണ്ടിയും ബ്ലോഗ് കൂട്ടായ്മ ഒരു കോടിമുണ്ട് നെയ്യുന്നുണ്ടെന്നും, ബ്ലോഗെഴുത്തുകാര്‍ വരിയിട്ട് ഒരു മീറ്റ് വച്ച്, കുറുമാനെ അനുമോദിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ബ്ലോഗഭിമാനിക്കറിയാന്‍ കഴിഞ്ഞു (മീറ്റെന്നു കേട്ടാല്‍, യു എ യി ബ്ലോഗുകാര്‍ ഇപ്പോള്‍ ഞെട്ടുന്നു എന്നും, ഷെയറിടേണ്ട കാശുണ്ടെങ്കില്‍ നാലുകിലോ മീറ്റ് വാങ്ങി സ്വന്തക്കാരായ നാലു കുടുംബത്തെ വിരുന്നു വിളിച്ച് മീറ്റുകയാകും ഉത്തമം എന്നും ചിലര്‍ പറയുന്നത് ബ്ലോഗഭിമാനി ലേഖകന്‍ കേട്ടു)

എന്താണ് അവാര്‍ഡ്? ഈ അവാര്‍ഡുകള്‍ക്കെന്തെങ്കിലും വിലയുണ്ടോ? എന്തെങ്കിലും സമ്മാനമുണ്ടോ?

ബ്ലോഗഭിമാനിയുടെ സ്വന്തം ലേഖകന്‍ അവാര്‍ഡു ജേതാക്കളെ ഫോണിലും, ചാറ്റിലും, വീട്ടിലും ഒക്കെയായി പല പല അവസരങ്ങളില്‍ ചോദ്യം ചെയ്തപ്പോഴും പല അവാര്‍ഡു ജേതാക്കളും ചോദിച്ചത് എന്തവാര്‍ഡ്? എന്തു സമ്മാനം? ഇന്നു വരേയായി ഒന്നും കിട്ടിയിട്ടില്ല! ഇനിയൊട്ടു കിട്ടുമെന്നു തോന്നുന്നുമില്ല. “ഒരു സര്‍ട്ടിഫിക്കറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍” എന്ന് ആത്മഗതമായി അവരുടെ മനസ്സ് പറയുന്നതും ബ്ലോഗഭിമാനി കേട്ടു.

അമ്പമ്പട അവാര്‍ഡേ!! സമ്മാനവും, സര്‍ട്ടിഫിക്കറ്റും ഒന്നും നല്‍കേണ്ട, മറിച്ച് പ്രശസ്തി കിട്ടുകയും ചെയ്യും. ഇപ്പോള്‍ ബ്ലോഗഭിമാനിക്കും ഒരു ആലോചന. ഒരു ബ്ലോഗഭിമാനി അവാര്‍ഡ് ഏര്‍പെടുത്തിയാലോ!
=============== ===============


മനശ്ശാസ്ത്രഞ്ജനോട് ചോദിക്കുക എന്ന പുതിയ പംക്തി -
ഡോക്ടര്‍ ബ്ലോഗു മുത്തുവിനോട് ചോദിക്കാം:
വളരെ ക്ലേശകരമായാണ് ബ്ലോഗഭിമാനി ഈ ലക്കം മുതല്‍ ഈ പുതിയ പംക്തി തുടങ്ങുന്നത്. നില്‍ക്കാനും, ഇരിക്കാനും, കിടക്കാനും, സമയം കിട്ടാത്ത ഡോക്ടര്‍ ബ്ലോഗു മുത്തുവിനെ (MBBS, MD, IFRFS, ABCD, EFGH, IJK, LMNOP, QRSTU, VWX, VZ) ഓടിച്ചിട്ട് മുണ്ടിട്ട് പിടിച്ചാണ് (അതാണല്ലോ ഫാഷന്‍) ബ്ലോഗഭിമാനി ഈ പംക്തി കൈകാര്യം ചെയ്യുവാനായി ഇവിടേക്ക് കൂട്ടി കൊണ്ടുവന്നിരിക്കുന്നത്. ഒരു ദിവസം ഒരു ചോദ്യം എന്ന ഒറ്റ കണ്ടീഷനില്‍ ആണ് അദ്ദേഹം വന്നതും.

ഡോക്ടര്‍ ബ്ലോഗ് മുത്തുവിന് ബ്ലോഗഭിമാനിയിലേക്ക് സ്വാഗതം

ബ്ലോഗഭിമാനിക്കും, വായനക്കാര്‍ക്കും സ്വാഗതം.

ഇന്നത്തെ ചോദ്യം ചോദിച്ചിരിക്കുന്നത് ഗ്വാട്ടിമാലയില്‍ നിന്നുമുള്ള പേര് വെളിപെടുത്താനാഗ്രഹമില്ലാത്ത ഒരു ബ്ലോഗറാണ്. അദ്ദേഹം ചോദിച്ചിരിക്കുന്നത് ഇങ്ങിനെ, ബ്ലോഗിങ്ങ് ആരോഗ്യകരമോ ഡോക്ടര്‍

ഇത്രയും കുഴക്കുന്നൊരു ചോദ്യം എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണു കേള്‍ക്കുന്നതെങ്കിലും, എന്റെ വിശാലമായ അറിവു വച്ച് എനിക്കറിയാത്ത കാര്യങ്ങള്‍ ഞാന്‍ പറയാം.. ഈ ഒരു ചോദ്യത്തിനുത്തരം ചോദിച്ചിട്ട് ഞാന്‍ അലയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പലതായി അന്വേഷണം ഇപ്പോഴും ആരംഭിച്ചിടത്തു തന്നെ. എങ്കിലും ഹനുമാന്റെ ടെയില്‍ പോലെ ക്വാളിഫിക്കേഷന്‍സ് നെയിമിന്റെ പിന്നിലായി വച്ചതുകൊണ്ട് മാത്രം അറിയാവുന്ന, അല്ലെങ്കില്‍ ഇത്രയും വര്‍ഷത്തെ പ്രൊഫഷണല്‍ എക്സ്പീരിയന്‍സും, എത്തിക്സും, മാത്തമാറ്റിക്സും വച്ചുകൊണ്ട് ചില കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്നു.

ബ്ലോഗിങ്ങ് ആരോഗ്യകരമായിരുന്നു, പക്ഷെ ഇന്ന് ഗ്ലോബല്‍ വാര്‍മിങ്ങ്, ബ്ലോഗിങ്ങിനേയും അഫെക്റ്റ് ചെയ്തിരിക്കുന്നുണ്ടെന്നുള്ള പുതിയ കണ്ടെത്തല്‍ ശാസ്ത്രത്തിനും,ശാസ്ത്രഞ്ജരിലും ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു. 2006 കാലഘട്ടങ്ങളില്‍ ബ്ലോഗിങ്ങ് എന്നത്, ഒരു റിലാക്സേഷനായും, സ്വന്തം എഴുത്തിനെ പരിപോഷിക്കുന്നതിനുമായും, വ്യക്തിഗത സൌഹൃദങ്ങള്‍ വളര്‍ത്തുന്നതിനുമായാണ് ബ്ലോഗേഴ്സ് ഉപയോഗിച്ചിരുന്നത്. അന്ന് പൊല്ലൂഷനില്ല, ഇല്ലൂഷനില്ല, കണ്‍ഫൂഷനില്ല, മറിച്ച് ആത്മസംതൃപ്തി വളരെയൊട്ടുണ്ടായിരുന്നു താനും. പക്ഷെ, ഇന്ന് മറിച്ചാണ്. ബ്ലോഗിങ്ങ് എന്നത്, വെറുതെ ഫെന്‍സിങ്ങില്‍ ഇരിക്കുന്ന സ്നേക്കിനെ എടുത്ത് ഷോള്‍ഡറില്‍ വച്ചതുപോലേയും, എഴുതാനുള്ളവരുടെ കഴിവിനെ നശിപ്പിക്കുന്ന തരത്തിലും, വിക്ത്യ ഹത്യ ചെയ്യുന്നതിനുമായാണ് കുറച്ച് ബ്ലോഗേഴ്സ് ഉപയോഗിക്കുന്നത് അതിനാല്‍ ഇതിനൊരു സൊലൂഷനുമില്ല. 2 എക്സ്ട്രീംസ് ആയ ഇത്തരം ബ്ലോഗേഴ്സിന്റെ ഇടയില്‍ കഴിയേണ്ടി വരുന്ന ബ്ലോഗേഴ്സിന് ഇന്നത്തെ ബ്ലോഗിങ്ങ് അറ്റ്മോസ്ഫിയര്‍ ആരോഗ്യകരം അല്ല എന്നു മാത്രമല്ല, അനാരോഗ്യം എന്നു കൂടി എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇവിടെ വിജയകരമായി പിഴച്ചുപോവാന്‍ ആദ്യമായി ബ്ലോഗിങ്ങ് എന്താണെന്നും അതിനു പുറകിലെ രാഷ്ട്രീയവും അരാഷ്ട്രീയവും നന്നായി പഠിക്കുന്നതും നന്നായിരിക്കും. മലയാളം ബ്ലോഗര്‍ ആവാന്‍ നിങ്ങള്‍ക്ക് ആദ്യമായി ചെയ്യേണ്ട കാര്യം ശ്രീ.കൊടുങ്ങല്ലൂര്‍ വാസുദേവന്‍ ഭരണിതിരിപ്പാട് എഴുതിയ 10001 തെറികള്‍ എന്ന പുസ്തകം ഹൃദിസ്ഥമാക്കണം എന്നത്ണു. ആരെടാ എന്നൊരുത്തന്‍ ചോദിച്ചാ‍ല്‍, എന്തടാ എന്നല്ല തിരിച്ചു ചോദിക്കേണ്ടത്.. മറിച്ച് നേരിട്ട് അവന്റെ തന്തക്കും, അതിനു മുകളിലെ 3-4 ജെനറേഷനിലുള്ള കാരണവന്മാര്‍ക്കും തെറിവിളിക്കാനുള്ള ഗട്ട്സ് അത്യാവശ്യമാണിതിനു. പല ഐഡികളില്‍ ലോഗിന്‍ ചെയ്ത് എതിരാളിയെ തെറിയഭിഷേകം നടത്തി നാറ്റിക്കുന്ന കാര്യത്തിലും പ്രാവീണ്യം തെളിയിച്ച്ല്‍ ബ്ലോഗിങ്ങ് ആത്മസംതൃപ്തികൂടി പ്രദാനം ചെയ്യുമെന്നു തീര്‍ച്ച.

പ്രശ്നങ്ങള്‍കൂടാതെയുള്ള ബ്ലോഗിങ്ങിലാണു താങ്കള്‍ക്കു താല്പര്യമെങ്കില്‍ , ബൂലോഗത്തെ മേട്ടകള്‍ പറയുന്ന അഭിപ്രായത്തിനെ ഏറാന്‍ മൂളികളായി നടന്നാല്‍ മതി. ആരേയും വിമര്‍ശിക്കരുത്. എവിടെയെങ്കിലും ആരെങ്കിലും ഒരു ബ്ലോഗു തുറന്നു എന്നറിഞ്ഞാല്‍, ഉടനടി അവിടെ ചെന്നു മുതുകുചൊറിഞ്ഞു കൊടുക്കുക എന്നത് താങ്കളുടെ ഇമേജിനെ വര്‍ദ്ധിപ്പിക്കാന്‍ വളരേ സഹായകരമാകും. ജീടോക്കിലും, ഓര്‍ക്കുട്ടിലുമൊക്കെ പോയി ഓരോ സഹബ്ലോഗറുടേയും, കൃത്യമായ അഡ്രസ്, കമ്പനി വിലാസം, അയാളുടെ ബോസിന്റെ ഈമെയില്‍ അഡ്രസ്സ് എന്നിവ ശേഖരിച്ചു വക്കുന്നതും ഭാവിയില്‍ ഒരു പക്ഷേ പ്രയോജനപ്രദമായേക്കും.

വാട് വി നീഡ് ഈസ് എ ടോട്ടല്‍ റെവലൂഷന്‍. താങ്ക്യൂ.
=============== ===============


കഥയറിയാതെ ആട്ടം കാണുന്നവര്‍ അഥവാ കമന്റിടുന്നവര്‍
ബൂലോഗത്ത് ആട്ടക്കഥകള്‍ക്കും കളികള്‍ക്കും കുറവില്ലല്ലോ. എല്ലാവരും കണ്ട് രസിക്കാറുള്ളതും പലപ്പോഴായി തങ്ങളെക്കൊണ്ടാവും വിധം പങ്കെടുത്ത് അടി വാങ്ങിക്കാറുള്ളതുമാണ്. എന്നാല്‍ ഈയിടെയായി കണ്ട് വരുന്ന ഒരു രീതിയാണ് കഥയറിയാതെ ആട്ടം കാണുക എന്നത്. പണ്ട് ബിലാത്തിക്കാര്‍ വരുന്നതിനും മുമ്പ് നിലനിന്നിരുന്ന ഈ കലാരൂപം ആധുനികതയുടെ തള്ളിക്കയറ്റത്തില്‍ മണ്മറഞ്ഞ് പോവുകയാണുണ്ടായത്. എന്നാല്‍ ഇന്ന് ആധുനിക മലയാളം എഴുത്തിന്റെ വക്താക്കളാ‍യ മലയാളം ബ്ലോഗര്‍മാര്‍ ഈ കലാരൂപത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. പരിപാടി ഇപ്രകാരമാണ്.

എതെങ്കിലും വിഷയത്തെ പറ്റി ബൂലോഗര്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തുമ്പോള്‍ (ഇത് കണ്ട് പിടിക്കാന്‍ പ്രയാസമില്ലാത്ത കാര്യമാണ്. കണ്ണടച്ച് പിന്മൊഴിയിലെ എതെങ്കിലുമൊരു ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി. 9/10 പ്രാവശ്യവും തല്ലില്‍ എത്താം) ഇടയില്‍ ചാടി വീണ് എന്തെങ്കിലും പറയുക എന്നതാണ് ആദ്യ പടി.

അടുത്ത പടി കാലകേയവധം നടന്ന് കൊണ്ടിരിക്കുമ്പോള്‍ ആ പോസ്റ്റില്‍ വധിക്കാന്‍ വരുന്ന രാജാവ് തന്നെയാണ് സീതയെ കട്ടത് എന്ന് കമന്റിടുക, വ്യംഗ്യത്തിലായാലും മതി. അതോട് കൂടി രാജാവിനെ തല്ലാന്‍ തക്കം പാര്‍ത്തിരുന്നവരും സീതയുടെ അളിയന്മാരും ചാടി വന്ന് രാജാവിനെ തല്ലും. ഒടുവില്‍ തല്ല് ഇവര്‍ തമ്മിലാവുകയും രാജാവും കാലകേയനും അടി നടത്താന്‍ പറ്റിയ വേറെ പോസ്റ്റ് തപ്പി പോവുകയും ചെയ്യും. അടി കിട്ടിയവര്‍ക്കും കൊടുത്തവര്‍ക്കും കണ്ട് നിന്നവര്‍ക്കും കാര്യമൊന്നും അറിഞ്ഞിരിക്കണമെന്നില്ല എന്നതാണ് ഈ കലാരൂപത്തിന്റെ പ്രത്യേകത. എന്തായാലും ഇപ്രാവശ്യത്തെ യുനസ്കോ സാംസ്കാരികോന്നമന പുരസ്കാരം ബൂലോഗത്തിനെ തേടിയെത്തിയാല്‍ ബ്ലോഗഭിമാനിക്ക് അല്‍ഭുതം ഒന്നും ഉണ്ടാവില്ല.
=============== ===============

ഇന്നും, നാളേയും -
ഇന്ന് - കടം മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.
നാളെ - വ്യക്തിഹത്യയും മാനഹാനിയും മൂലം, ജോലി നഷ്ടപെട്ട ബ്ലോഗര്‍ ആത്മഹത്യ ചെയ്തു -

ഇത് പഴഞ്ചൊല്ലുകളുടെ സീസണാണല്ലോ. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് മലയാളി അന്വര്‍ത്ഥമാക്കും, എന്നാല്‍ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നും, ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കും എന്നുള്ളതും, കേട്ട ഭാവം‍ നടിയ്ക്കില്ല. വെള്ളമടിച്ചാല്‍ കുപ്പിയോടെ, ബ്ലോഗ് ചെയ്താല്‍ ഓഫീസിലിരുന്ന് പണിയെടുക്കാതെ. പറയാനാണെങ്കില്‍ കുറെ ഉണ്ട്. മലയാളികളെ കുറ്റം പറയാനായി 'തല്ലൂ അങ്കിള്‍' എന്നൊരു ബ്ലോഗ് തുടങ്ങാന്‍ ആലോചനയുണ്ട് ബ്ലോഗാഭിമാനിക്ക്.

പറഞ്ഞ് വന്നത് മലയാളി ബ്ലോഗേഴ്സിന് ഈയിടെയായി വന്ന ഡിപ്രഷനെ കുറിച്ചാണ്. ബൂലോഗത്തെ വ്യക്തിഹത്യകളിലും ചോരമാരണങ്ങളിലും യൂണിക്കോഡിന് ചില്ല് വേണോ ഫൈബര്‍ ഗ്ലാസ് വേണോ എന്ന പോലത്തെ എങ്ങുമെത്താത്ത മെഗാസീരിയല്‍ അടിപിടികളിലും മനം മടുത്ത് പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി അറിയുന്നു. ജോലിത്തിരക്കിനിടെ റിലാക്സേഷന് വേണ്ടി ബൂലോഗത്തെത്തിയിരുന്നവര്‍ ഇപ്പോള്‍ ബ്ലോഗ് വായിച്ച ടെന്‍ഷന്‍ മാറ്റാന്‍ ഒരു അരമണിക്കൂര്‍ പണിയെടുക്കട്ടെ എന്ന് പറയുന്ന സ്ഥിതിയാണ്. ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ മലയാളി കര്‍ഷകരെ പിന്തുടര്‍ന്ന് മലയാളി ബ്ലോഗര്‍മാരും കൂട്ട ആത്മഹത്യ ചെയ്തേക്കും.
=============== ===============

ബ്ലോഗ് ചേരിതിരിവ് -
രാജ്യാന്തര, സംസ്ഥാനാന്തര ജില്ലാന്തരത്തില്‍നിന്നും മാറി പഞ്ചായടിസ്ഥാനത്തിലെന്ന് ബ്ലോഗ് മന്ത്രി

വളരും തോറും പിളരും എന്ന ആപ്തവാക്യം ബൂലോഗത്തെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണെന്ന് പറയേണ്ടിയിരിക്കുന്നു. ദേശീയ തലവും സംസ്ഥാനതലവും കഴിഞ്ഞ് പഞ്ചായത്ത് വാര്‍ഡ് തലത്തിലെത്തി നില്‍ക്കുന്നു ബൂലോഗ പിളര്‍പ്പ്. ആകെ ആറേമുക്കാല്‍ ബ്ലോഗേഴ്സുള്ള കുമ്പളങ്ങി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 9 മീറ്റ് പ്രഖ്യാപനങ്ങളും 7 മീറ്റും 5 റിബല്‍ മീറ്റും നടന്നുവത്രേ. കൂടാതെ ബൂലോഗത്തെ അടിപിടികളുടെ ബാക്കി ബൂലോഗത്തിന് പുറത്ത് നേരിട്ടും ആളെ വിട്ടും മെയിലയച്ചും തീര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ബൂലോഗം വളര്‍ന്ന് ഇന്റര്‍നെറ്റിന്റെയും പുറത്തെത്തിയതില്‍ നമുക്ക് അഭിമാനിക്കാം. പിളരും തോറുമുള്ള വളര്‍ച്ച എങ്ങോട്ട് എന്ന ചോദ്യമാണ് ഉത്തരം കിട്ടാത്തതായിട്ടുള്ളത്.
=============== ===============

ഉരുളയ്ക്കുപ്പേരി:
ആരോ ഒരാള്‍: കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് ബൂലോഗം വളരുക.
ബ്ലോഗഭിമാനി: മാപ്പിന്റെ കാര്യമാണെങ്കില്‍ ശരിയാണ്.

Sunday, February 18, 2007

ബ്ലോഗഭിമാനി- ലക്കം 6

ബൂലോഗം : വളര്‍ച്ചയുടെ നോവുകള്‍
ബൂലോഗം കഴിഞ്ഞ ഏതാനും നാളുകളായി സംഘര്‍ഷമുഖരിതമായിരുന്നു..കോപ്പിറൈറ്റ് ലംഘനം, അതിനെതുടര്‍ന്നുള്ള അക്രമണങ്ങള്‍, പ്രത്യാക്രമണങ്ങള്‍, സമരം, മുട്ടുകുത്തിക്കല്‍, പിന്തുണപ്രഖ്യാപിക്കല്‍, കരിവാരിത്തേക്കല്‍, കണ്ണീര്, തെറിവിളി, കഞ്ഞിവയ്കല്‍, പത്രസമ്മേളനം, കൊട്ടേഷന്‍, ബോംബേറ്, പൂഴിക്കടകന്‍...
ബ്ലോഗാഭിമാനി മാറി നിന്നു മൂക്കത്ത് വിരല്‍ വച്ചു..
സത്യമറിയുമ്പോളുള്ള ഞെട്ടല്‍...
ബൂലോഗം വളരുകയാണ്. വളര്‍ച്ചയില്‍ മാറിപ്പോകുന്ന ബൂലോഗത്തിന്റെ പ്രതിച്ഛായ.അത് കാണാതിരിക്കരുത്.
വള്ളിനിക്കറുമിട്ട് ടയറുരുട്ടിക്കളിച്ച്, മോനേ എന്ന് വിളിച്ചാല്‍ മാമുണ്ണാന്‍ ഓടിവരുന്ന നിഷ്കളങ്കനായ പയ്യന്റെ മുഖം മാറി, പൊടിമീശയും, പങ്ക് സ്റ്റൈലും, അറപ്പുവരുന്ന തെറിപ്രയോഗങ്ങളും, കള്ളും കഞ്ചാവുമുപയോഗിക്കുന്ന അഡോളസന്‍സിന്റെ മുഖം ബൂലോഗത്തിനായിക്കഴിഞ്ഞിരിക്കുന്നു.
അതിനെ തടുക്കാന്‍ ആര്‍ക്കു കഴിയും! ആരും ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളല്ല...വരുന്നവര്‍ക്ക് ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ട കാര്യമില്ല.ഇന്റര്‍നെറ്റ് ഒരു മാര്‍ക്കെറ്റാണ്..ആര്‍ക്കും വരാം, എന്തും പറയാം എന്തും ചെയ്യാം..ഏവൂരാനും, വിശ്വപ്രഭയും , പെരിങ്ങോടനും, പിന്നെ ,മുഖമില്ലാത്ത മറ്റ് ചിലരും പണ്ട് കാത്തുസൂക്ഷിച്ചിരുന്ന പിന്മൊഴിയിലധിഷ്ഠിതമായ ബൂലോഗത്തിന്റെ നിഷ്കളങ്കത്വം കുറച്ചൊന്നുമല്ല, ഈ തള്ളിക്കയറ്റത്തില്‍ നഷ്ടമായിപ്പോയത്! സങ്കടപ്പെടേണ്ടതുണ്ടോ? വേണ്ട എന്നാണ് ബ്ലോഗാഭിമാനിക്ക് പറയാനുള്ളത്.

പക്ഷേ കൈയ്യും കെട്ടി നോക്കി നില്‍ക്കണോ? അതും പാടില്ല. ബൂലോഗം എന്നാല്‍ പിന്മൊഴിയാണെന്നും , തിരിച്ചാണെന്നുമുള്ള ധാരണയാണ് ആദ്യം നീക്കേണ്ടത് എന്ന് തോന്നുന്നു. പിന്മൊഴികള്‍ ബൂലോഗ(ബൂലോഗം എന്നൊരു വാക്ക് എന്നേ ഇന്റര്‍നാഷണല്‍ പബ്ലിക് പ്രോപെര്‍ട്ടി ആയിരിക്കുന്നു!)ത്തിലുള്ള ഒരു കൂട്ടായ്മ ആണെന്ന് മാത്രം കരുതിയാല്‍, പെയിന്ററെപ്പോലെയുള്ള ബ്ലോഗേര്‍സിനെതിരെയെടുത്ത നടപടികള്‍ക്ക് ഒന്നു കൂടി ഒരു വ്യക്തത കൈവരും. ആരേയും നടപടികളുടെ കാരണമോ കാര്യമോ ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. ഏറ്റവുമവസാനം ഏറെ കൊട്ടിഘോഷിച്ച് പിറന്നുവീണ കൈപ്പള്ളിയുടെ ആള്‍‌ട്ട്മൊഴിയും താമസിയാതെ അകാലചരമമടഞ്ഞതിനെ തുടര്‍ന്ന് പിന്മൊഴികള്‍ അജയ്യമായി നിലനില്‍ക്കുകയാണെങ്കിലും, ആ കാരണത്താല്‍ പിന്മൊഴി പബ്ലീക് പ്രോപെര്‍ട്ടിയാണ്, അതേതൊരു മലയാളി ബ്ലോഗറുടേയും അവകാശമാണ്, അത് പരിപാലിക്കുന്നവര്‍ എന്തു ചെയ്താലും അത് മൂരാച്ചിത്തരമാണ് എന്നൊക്കെ കരുതുന്നത് ഹിമാലയന്‍ അബദ്ധങ്ങളായേ ബ്ലോഗാഭിമാനിക്ക് തോന്നിയിട്ടുള്ളൂ.

ഈയടുത്തകാലത്ത് പെയിന്ററേപ്പോലെയുള്ളവര്‍ നടത്തുന്ന, മുന്‍പെങ്ങുമില്ലാത്ത തരം വ്യക്തിഹത്യകള്‍ക്ക് വേദിയൊരുക്കിക്കൊടുക്കേണ്ട കാര്യം പിന്മൊഴികള്‍ക്കെന്നല്ല, വേറൊരു ബ്ലോഗ് കൂട്ടായ്മകള്‍ക്കുമുണ്ടെന്ന് തോന്നുന്നില്ല. ഇത്തരം ചിത്തരോഗികളുടെ സാന്നിധ്യം ബൂലോഗത്തിനെ, മുഖമ്മൂടികള്‍ക്ക് പിന്നില്‍ എന്തും പറയാവുന്ന ചാറ്റ് റൂമുകളുടെ നിലയിലേക്ക് കൊണ്ടുപോകുന്നു. അയാള്‍ പറയുന്നത് കേട്ട് കൈയ്യടിക്കുന്നവരുണ്ടാകാം, ആസ്വദിക്കുന്നവരുണ്ടാവാം..തറവാട്ടില്‍ പിറന്നവരും ഇല്ലാത്തവരും അയാള്‍ക്ക് അനുയായികളായി കാണാം.‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ എതിര്‍ക്കേണ്ടതില്ലെങ്കിലും പിന്മൊഴികളില്‍ സ്ഥാനം വേണമെന്ന് പറയാന്‍ അവര്‍ക്കവകാശമില്ല. വേണെമെങ്കില്‍ അവര്‍ക്കൊരു കൂട്ടായ്മ സ്വയം ഉണ്ടാക്കാമല്ലോ..അത് പിന്മൊഴികളില്‍ത്തന്നെ നഞ്ച് കലക്കി വേണമെന്നുണ്ടോ?

തൂറിയോനെചുമന്നാല്‍ ചുമന്നോനും നാറൂം എന്ന പഴമൊഴി വകവെയ്കാതെ പെയിന്ററെ പുറത്താക്കിയതിനെതിരെ പ്രതികരിച്ച കൈപ്പള്ളിയുടെ ഇമേജ് അക്കാരണത്താല്‍ തന്നെ ചില ബൂലോഗരുടെയെങ്കിലും മന്‍സ്സില്‍‌ വളരെ താഴേക്ക് പോയിരിക്കുന്നു എന്നാണ് ബ്ലോഗാഭിമാനി മനസ്സിലാക്കുന്നത്. ചന്തയില്‍ കള്ളുകുടിയന്‍ കുടുംബസമേതം നില്‍ക്കുന്നവരുടെ മുന്‍പില്‍ മുണ്ട് പൊക്കികാണിച്ചാല്‍, ഇത് ചന്തയാണ് അവന്റെ മുണ്ടാണ്, അത് പൊക്ക‍ല്‍‌ അവന്റെ മൌലികാവകാശമാണ് എന്ന് കൈപ്പള്ളി പറയുമോ, എതോ അവന് ആദ്യം രണ്ട് പൊട്ടിക്കുമോ എന്ന് പ്രതികരിക്കുന്നതിന് മുന്‍പ്‌ ചിന്തിക്കേണ്ടതായിരുന്നു.
ഏതായാലും പറ്റിയത് പറ്റി. പെയിന്റടിക്കാരനെതിരെ ശക്തമായ നിലപാടുമായി വന്ന് കൈപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. പെയിന്ററിന്റെ പുലഭ്യം പറച്ചിലിനെ അതിനിരയായ മാന്യബൂലോഗര്‍ തികഞ്ഞ സംയമനത്തോടാണ് നേരിടുന്നതെന്നത് ശ്രദ്ധേയമാണ്. അവസാനം സഹികെട്ട ബൂലോഗത്തിലെ ചിലര്‍ പെയിന്ററെ മെരുക്കാന്‍ 'ഗുണ്ട'കളെ അയക്കുവാന്‍ തീരുമാനിക്കുകയും അപകടം മണത്ത പെയിന്റര്‍ അല്പം മര്യാദ കാണിക്കുകയുമാണുണ്ടായത്. ഏറ്റവുമൊടുവിലായി തന്നെ ബ്ലോക്ക് ചെയ്ത ഏവൂരാനെയാണു ഇദ്ദേഹം പരസ്യമായി തെറിവിളിക്കുന്നത്. അമേധ്യത്തില്‍ കിടന്നുരുളുന്ന പന്നി എന്നും തെരുവോരത്തെ ഭ്രാന്തന്‍ നായ എന്നുമാണ് ശ്രീ കൈപ്പള്ളി ഇയാളെക്കുറിച്ച് ഈയിടെ പറഞ്ഞത്. തെരുവോരത്തെ പട്ടികള്‍ മാന നഷ്റ്റത്തിനു കൈപ്പിള്ളിക്കെതിരെ കേസുകൊടുക്കാന്‍ സാധ്യതയുണ്ട്. ( അവരെ ചിത്രകാരനുമായി ഉപമിച്ചതിനു)
ആവശ്യമില്ലാത്ത കവറേജാണ് ഈ മനുഷ്യന് ബ്ലോഗാഭിമാനി കൊടുക്കുന്നതെന്നറിയാം. എങ്കിലും ആളു കൂടുതോറും ഒരു കൂട്ടായ്മക്ക് നേരിടേണ്ടി വരുന്ന മൂല്യചുതി‍ ചൂണ്ടിക്കാണിക്കാന്‍ ഇതിലും നല്ല ഒരുദാഹരണമില്ല. ജീവിതത്തിലേറ്റ നിരാശയോ, അപമാനമോ ആകാം സ്നേഹത്തിലൂന്നിയ, അതില്‍‌ക്കൂടി ചില ഹയറാര്‍ക്കികള്‍ നിശ്ചയിച്ച ബൂലോഗകൂട്ടായ്മക്കെതിരെ വര്‍ഗ്ഗീയ/കുത്തക/മുതലാളിത്ത ശക്തികള്‍ക്കെതിരെ പ്രതികരിക്കുന്ന കണക്ക് ചിലരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ബ്ലോഗാഭിമാനി വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നതെന്തെന്നാല്‍, സര്‍വ്വസമത്വസ്വാതന്ത്ര്യത്തിന്റെ പേരില്‍ കൂട്ടായ്മകളും അവയുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ബലികഴിക്കേണ്ടതില്ല. ബൂലോഗം വളരുകയാണെങ്കില്‍, സ്വതന്ത്രമായ കൂട്ടായ്മകളുണ്ടാകുകയാണ് വേണ്ടത്..അല്ലാതെ കഴുതകളേയും കുതിരകളേയും ഒരു വണ്ടിയില്‍ കെട്ടാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലം.
================= =================
വെബ്‌ലോഗ് അവാര്‍ഡ് 2006 വോട്ടുകള്‍ ക്ഷണിക്കുന്നു
ഇന്‍ഡിബ്ലോഗീസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വെബ്‌ലോഗ് അവാര്‍ഡിന് നോമിനേഷനുകള്‍ സ്വീകരിച്ചു. ഇത്തവണ മലയാളത്തില്‍ നിന്ന് താഴെപ്പറയുന്ന ബ്ലോഗുകളാണ് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത് :
പ്രത്യേകം കാറ്റഗറി തിരിച്ചുള്ള നോമിനേഷന്‍ മലയാളബ്ലോഗുകള്‍ക്കില്ലാത്തതിനാല്‍ അവിയല്‍ പരുവം ആണ് ഇത്തവണയും ലിസ്റ്റ്. എങ്കിലും കോമഡിയോട് ആവശ്യത്തില്‍ കവിഞ്ഞ ആഭിമുഖ്യം ഉള്ള ലിസ്റ്റാണ് ഇത്. കവിതയെ പൂര്‍ണ്ണമായും വിസ്മരിച്ചു. ഫോട്ടോ ബ്ലോഗ് നോമിനേഷനില്‍ തുളസിയുടെ ബ്ലോഗ് കാണാഞ്ഞത് ബ്ലോഗാഭിമാനിയെ നിരാശപ്പെടുത്തി.(കുമാറിന്റേയും..അദ്ദേഹം ഇപ്പോള്‍ അത്ര ആക്റ്റീവായി ബ്ലോഗുന്നില്ല എന്നിരുന്നാല്‍ തന്നെ)
ദേവരാഗം ഇത്തവണയും തഴയപ്പെട്ടതില്‍‌ കുണ്ഠിതമുണ്ട്. പെരിങ്ങോടന്‍, കരീം മാഷ് എന്നിവരും മറക്കപ്പെട്ടു.
വനിതാ പ്രാധാന്യവും ഇല്ല. രേഷ്മ, ഇഞ്ചി, മുല്ല, സു , അതുല്യ, മുതലായ വളരെയധികം റീഡര്‍ഷിപ്പുള്ള ബ്ലോഗേര്‍സിനെ വിസ്മരിച്ചതെന്ത് കൊണ്ട്!
വെബ്‌ലോഗ് അവാര്‍ഡ് കൊണ്ട് ബ്ലോഗര്‍ക്ക് ഒരു പിണ്ണാക്കും ഗുണമില്ലെങ്കിലും ആകെക്കൂടെയുള്ള ഒരംഗീകാരം എന്ന നിലക്ക് നോമിനേഷനുകള്‍ നല്‍കുന്നവര്‍ അടുത്ത പ്രാവശ്യം ഒന്നുകൂടി വിപുലമായി നോമിനേഷന്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വോട്ട് ചെയ്യുന്നവരോട് : ഏറ്റവും ജനപ്രീതിയുള്ള പടമല്ല, ഏറ്റവും നല്ല പടം എന്ന തത്വം ഓര്‍ക്കേണ്ടതാണ്.
ബ്ലൊഗാഭിമാനി പ്രവചനം : ബൂലോഗത്ത് നിലനില്‍ക്കുന്ന ശക്തമായ അമേരിക്കന്‍ - ഗള്‍ഫ് ലോബികള്‍ പക്ഷപാതം മാറ്റിവച്ച്, നീതിപൂര്‍വ്വമായി വോട്ട് ചെയ്താല്‍ ഗുരുകുലമോ കുറുമാന്റെ കഥകളോ അവാര്‍ഡ് നേടും എന്ന് കരുതുന്നു. ഉള്ളടക്കത്തിന്റെ ബലം കൊണ്ട് ഗുരുകുലം ഇത്തിരികൂടി മുന്നിലെത്താന്‍ സാധ്യത കാണുന്നു. കൊടകരക്ക് പുതിയ ബ്ലോഗേര്‍സിന്റെ വോട്ടുകള്‍ ചറപറാ കിട്ടുമെങ്കിലും, പഴയപുലികള്‍ വോട്ട് ചെയ്യാനുള്ള സാധ്യത വിരളമാണ്. പുതിയവര്‍ കയറി വരണം എന്നാണല്ലോ.
ബാക്കി മൂന്നും...എണ്ണം തെകക്കാന്‍ ഇട്ടതാണോഡേയ് ?
(ഡിസ്‌ക്ലൈമര്‍ : ഇത് ബ്ലൊഗാഭിമാനിയുടെ ഈ റിപ്പോര്‍ട്ട് എഴുതിയ ലേഖകന്റെ അഭിപ്രായം മാത്രം. ബൂലോഗര്‍ അവരവരുടേ അഭിപ്രായങ്ങള്‍‌ക്കനുസരിച്ച് വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഏതെങ്കിലും ഒരു പുലി ഒരു ബലേഭേഷ് കമന്റ് വച്ചാല്‍ അതിന്റെ വാലേത്തൂങ്ങി ഭേഷ് ഭേഷ് പറയുന്ന കമന്റ് പാരമ്പര്യം ഇവിടെ കാണിക്കരുതേ!
ഇടനാഴിയില്‍ കേട്ടത് : "തറബ്ലോഗിന് കാറ്റഗറിയുണ്ടെങ്കില്‍ തീര്‍ച്ചയായും പെയിന്റടിക്കാരന്റെ ബ്ലോഗ് നോമിനേറ്റ് ചെയ്യാമായിരുന്നു." )
ലിങ്കുകള്‍ ഇവിടെ
അവാര്‍ഡ് നോമിനേഷനുകള്‍: http://www.indibloggies.org/nominations-2006/

വോട്ടുകള്‍ രേഖപ്പെടുത്താന്‍ http://www.indibloggies.org/polls-2006

================ ===============

കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചു.
ഹാസ്യപ്രാധാന്യമായ പ്രാഥമിക ലക്കങ്ങളും, വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്പെന്‍സുകളുമായി തുടര്‍ന്നുള്ള ലക്കങ്ങളുമായി മലയാളം ബ്ലോഗില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീ. കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ എന്ന പരമ്പരക്ക് അന്ത്യം. 24 വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ യൂറോപ്പില്‍ ജോലി ചെയ്യാനുള്ള അഭിനിവേശവം അത് പ്രാവര്‍ത്തികമാകാന്‍ ഇദ്ദേഹം നടത്തുന്ന കാട്ടിക്കൂട്ടലുകളും , യൂറോപ്പിലെത്തിയ ശേഷമുള്ള കഷ്ടപ്പാടുകളും എല്ലാം തുറന്നു പറഞ്ഞിരിക്കുന്ന ഈ പരമ്പര ബൂലോഗത്ത് ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച പരമ്പരയും, യാത്രാവിവരണവുമാണെന്നു ബ്ലോഗാഭിമാനിക്കു നിസ്സംശയം പറയാം. കഴിഞ്ഞ വ്അര്‍ഷ് നവമ്പര്‍ മുതല്‍ 14 ലക്കങ്ങളായാണ് ഇദ്ദേഹം ഈ പരമ്പര പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൊടകരപുരാണത്തെ തുടര്‍ന്നു ബ്ലോഗില്‍ നിന്നുള്ള അടുത്ത പുസ്തകമാവാന്‍ സാധ്യതയുള്ളൊരു മികച്ച കൃതി തന്നെയാണിത്. ഇപ്പോള്‍ തന്നെ ഇതു പുസ്തകമാക്കാന്‍ ഓഫറുകളുണ്ടെന്നും, താന്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ്, ബ്ലോഗാഭിമാനിയുടെ ഒരു രഹസ്യ റിപ്പോര്‍ട്ടര്‍ കുറുമാനോടു നടത്തിയ സംഭാഷണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.

============= ================

കൊച്ചിമീറ്റ് റദ്ദാക്കി : അണിയറ പുകയുന്നോ?
ഈ മാസം 18ന് നടത്താനിരുന്നിരുന്ന കൊച്ചിമീറ്റ് റദ്ദാക്കിയ വിവരം പാച്ചാളം ബൂലോഗരെ അറിയിച്ചു, തുടക്കം മുതല്‍‌ തന്നെ പാകപ്പിഴകളോടെയായിരുന്നു കൊച്ചിമീറ്റിന് അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നത്. കഴിഞ്ഞമീറ്റുകളിലെ സജീവ സാന്നിധ്യമായിരുന്ന ശ്രീ ഇക്കാസിന് ഇത്തവണ അല്പം താ‌ല്‍പ്പര്യക്കുറവുണ്ടോ എന്ന് തുടക്കത്തിലേ തോന്നിയിരുന്നു. എന്നാലും അദ്ദേഹം എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. കൊച്ചിയിലെ പ്രമുഖ ബ്ലോഗേര്‍സ് ആയ ശ്രീ കുമാര്‍, ശ്രീ പാച്ചാളം മുതലായവരും ഇതിനോട് സഹകരിച്ചു. അപ്രതീക്ഷിതമായി മീറ്റ് റദ്ദാക്കിയ നടപടി ബൂലോഗരെ അമ്പരപ്പിച്ചിരുന്നു. അതിനെത്തുടര്‍ന്ന് സാധാരണ ചൊടിക്കാത്ത പാച്ചാളത്തെ അനോണിപുണ്യാളന്റെ കമന്റ് ചൊടിപ്പിച്ചതും ശ്രദ്ധേയമായി. അടുത്ത കമന്റിട്ട പ്രമുഖ കൊച്ചി ബ്ലോഗര്‍ കുമാര്‍, ചിലത് ചീഞ്ഞുനാറുന്നുണ്ട് എന്ന് തുറന്നടിച്ചു. ഗള്‍ഫ് മീറ്റ് മുന്‍ സംഘാടകാധ്യക്ഷനായിരുന്ന ശ്രീ കലേഷ് വളരെ രാഷ്ട്രീയപരമായി "എല്ലാവരും ഒറ്റക്കെട്ടാണ്" എന്ന് പ്രസ്താവിച്ചെങ്കിലും അഭ്യൂഹങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. മീറ്റ് ക്യാന്‍സലായതിന് പിന്നില്‍ കാരണം എന്തുമായിക്കൊള്ളട്ടെ, അതൊക്കെ പരിഹരിച്ച് എത്രയും വേഗം ഒരു ഗംഭീര കൊച്ചിന്മീറ്റിന് വേദിയൊരുങ്ങട്ടെ എന്ന് ബൂലോഗര്‍ക്കൊപ്പം ബ്ലോഗാഭിമാനിയും ആശംസിക്കുന്നു
=============== =================

കോപ്പിറൈറ്റ് : നയം വ്യക്തമാക്കുന്നു
ബൂലോഗത്തിലേറെ ചര്‍ച്ചചെയ്യപ്പെട്ട , പാചകക്കുറിപ്പുകള്‍ യാഹൂവിന്റെ മലയാളം പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ട കാര്യത്തെക്കുറിച്ച്, രാവും പകലും ചര്‍ച്ചചെയ്യപ്പെട്ടതിനേപ്പറ്റി ബ്ലോഗാഭിമാനിക്ക് തോന്നുന്നതു വ്യക്തമാക്കാന്‍ ഞങ്ങളിവിടെ ആഗ്രഹിക്കുന്നു. കോപ്പിറൈറ്റ് വയലേഷനിരയായ ബഹുമാനപ്പെട്ട ബ്ലോഗറെ ഇനിയും ഇതിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവരുടെ നിലപാട് വളരെ വ്യക്തമാണ്. പുഴയായാലും യാഹു ആയാലും അവരുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ ആശംസകളും.
യാഹുവിന്റെ/വെബ്‌ദുനിയയുടെ നിലപാടും അവര്‍ വ്യക്തമക്കിയതാണ്. “അബദ്ധവശാല്‍ പറ്റിയതെന്നു വെബ്ദുനിയക്കാര്‍ സമ്മതിക്കുന്ന ഈ പ്രശ്നത്തിനു പരസ്യമായി അവ്ുടെ പ്രതിനിധി മാപ്പു പറഞ്ഞ് നഷ്ടപരിഹാരം നല്‍കാമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും, യാഹൂവിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോക്നആണു പ്ര്അസ്തുത ബ്ലോഗറുടെ തീരുമാനം എന്നാണു അണിയറയില്‍ നിന്നുള്ള സംസാരം. ഇതിനു അമേരിക്കയില്‍ നിന്നും ചില മുതിര്‍ന്ന ബ്ലോഗേഴ്സ് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട്. യാഹൂ/വെബ്ദുനിയ എന്നിവര്‍ ഇത് ഇത്ര വലിയൊരു പ്രശ്നമാകുമെന്നോര്‍ത്തുകാണില്ല. സമയം കെടുത്താത്ത വിവാദമില്ല, പരസ്യമായി വിവാദങ്ങളിലേര്‍പ്പെട്ട് കൊഴുപ്പ് കൂട്ടേണ്ട എന്നത് ഏതൊരു മാനേജ്മെന്റുകളും എടുക്കുന്ന നിലപാട് തന്നെ.
വിവാദത്തില്‍ ഭാഗം ചേര്‍ന്നവരോട് : യാഹൂ എന്ന് കേട്ട് പലരും അല്പം അധികം ആവേശം കൊണ്ടുവോ എന്ന് ബ്ലോഗാഭിമാനി സംശയിക്കുന്നു. വെബ്‌ദുനിയയോട് മിണ്ടരുത്, യാഹൂ തന്നെ വരണം എന്ന് ഉപദേശിക്കുന്നതിലെ പിടിവാശി യാഹൂ എന്ന ഭീമനോടേ‌ല്‍ക്കുമ്പോള്‍ ലഭിക്കുന്ന ആ രോമാഞ്ചം നാടന്‍ വെബ്‌ദുനിയായോട് പൊരുതുമ്പോള്‍ ഇല്ല എന്നതിനാലാണോ? മോഷണത്തിനെതിരെ നടപടിയേക്കാള്‍ നടപടി ആര്‍ക്കു നേരെ വേണം എന്ന് സ്ഥാപിക്കാനായിരുന്നു പലര്‍ക്കും താ‌ല്പര്യം. മോഷണം യാഹൂ അല്ല, ജംഗ്ഷനിലെ കുട്ടന്‍‌പിള്ളചേട്ടന്‍ നടത്തിയതാണെങ്കിലും ഒരേ ആവേശത്തോടെ നേരിടുക എന്നതല്ലേ അഭികാമ്യം? യാഹൂ അറിയാതെ വെബ്‌ദുനിയ നടത്തിയ മോഷണത്തിന് 100% യാഹുവിനെ കുറ്റം പറയുന്നത് കടുത്ത നടപടിയാണ്. വെബ്‌ദുനിയയോട് മാപ്പ്, നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെടുന്നതിനോടൊപ്പം, യാഹുവിനെ ഈ പ്രശ്നത്തെക്കുറിച്ച് അറിയിച്ചാല്‍ അവര്‍ വെബ്‌ദുനിയയോടുള്ള കരാര്‍ പുനപ്പരിശോധിക്കുമായിരുന്നു(ആവൊ!). അതിനുപകരം കൊക്കോകോളാ തല്ലിപ്പൊട്ടിക്കുകയും ക്ഷീണിക്കുമ്പോള്‍ കനാലിലെ വെള്ളമെടുത്ത് ഗ്യാസടിച്ചുണ്ടാക്കുന്ന ഡീലക്സ് കോളാ കുടിക്കുകയും ചെയ്യുന്ന വിപ്ലവകാരികളുടെ മനോഭാവം നിഴലിച്ചു, വെബ്‌ദുനിയയെ ചര്‍ച്ചകള്‍ക്ക് പുറത്താക്കണം എന്നു നിര്‍ദ്ദേശിക്കുന്ന കമന്റുകള്‍ കണ്ടപ്പോള്‍. വിവാദത്തിന്റെ വാര്‍ത്താപ്രാധാന്യത്തിലായിരുന്നു പലര്‍ക്കും താല്‍‌പ്പര്യം..അതിന് യാഹൂ എന്നൊരു വലിയ പേര് വിവാദത്തിലുണ്ടാവേണ്ടത് അത്യാവിശ്യമാണല്ലോ! ഏതായാലും വെബ്‌ദുനിയ വൈകിയാണെങ്കിലും മാപ്പ് പറഞ്ഞതിലും , വിവാദം തല്‍‌ക്കാലം അടങ്ങിയതിലും ആശ്വാസം കാണാം.
അവസാനമായി എല്ലാത്തിനും ഇരയായ ബഹു.ബ്ലോഗര്‍ക്ക് നീതി ലഭിക്കട്ടെയെന്നും, മനസമാധാനത്തോടെ തുടര്‍ന്നും ബ്ലോഗാനാകട്ടെ എന്നും ആശംസിക്കുന്നു.
================ ==============
ഈ മാസത്തെ തമാശ
കോപ്പിറൈറ്റ് പ്രശ്നത്തില്‍ കൂലങ്കുഷമായി ചിന്തിച്ച് പല പോയന്റുകളും കണ്ടെത്തിയവര്‍ അത് രഹസ്യമാക്കി സൂക്ഷിക്കുന്നു. അവ കമന്റിയാല്‍ എതിര്‍ഭാഗം സര്‍ക്കാര് വക്കീല്‍ അത് കോടതിയില്‍ പ്രതിരോധിക്കില്ലേ! ഇന്റര്‍നെറ്റില്‍ നിന്നോ, പ്രാക്റ്റീസിംഗ് വക്കീലന്മാരുടെ കൈയ്യില്‍ നിന്നോ ലഭിച്ച തുണ്ടുകള്‍ യാഹൂവിന്റെ വക്കീലിന് അറിയില്ല എന്ന് വിചാരിക്കുന്നവര്‍..അമ്പമ്പോ സമ്മതിച്ചിരിക്കുന്നു. വക്കീലന്മാര്‍ വര്‍ഷങ്ങളോളം കൊളേജിലും കോടതിയിലും പോയി എന്നതാ ചെരക്കലാണോ പണി?
============= ==============

ഈ ലക്കത്തിലെ ബ്ലോഗ്.
ശ്രീ.ടി.കെ. സുജിത്തിന്റെ
വര@തല=തലവര എന്ന ബ്ലോഗാണു ഈ ലക്കം മികച്ച ബ്ലോഗായി ഞങ്ങള്‍ക്കു ചൂണ്ടിക്കാണിക്കനുള്ളത്. ഒന്നാം തരം കാര്‍ട്ടൂണിസ്റ്റു തന്നെയായ സുജിത്തിന്റെ ബ്ലോഗ് ബൂലോഗത്തിലെ ആദ്യത്തെ “ഫുള്‍‌‌ഫ്ലെഡ്ജ്ഡ്” കാര്‍ട്ടൂണ്‍ ബ്ലോഗ് എന്ന ബഹുമതിക്ക് റ്റ്ഹികച്ചും അര്‍ഹമാണ്. മികച്ച രസികന്‍ കാര്‍ട്ടൂണുകളുമായി സുജിത്തിനു ബൂലോഗരെ ഇനിയും ചിരിപ്പിക്കാനും , ചിന്തിപ്പിക്കാനും കഴിയട്ടീന്നു ബ്ലോഗാഭിമാനി ആശംസിക്കുന്നു. [ http://tksujith.blogspot.com/ ] കേരളകൌമുദിയിലെ കാര്‍ട്ടൂണിസ്റ്റായ സുജിത്തിന്റെ ബ്ലോഗിലേക്കുള്ള വരവ് അഭിനന്ദനാര്‍ഹം തന്നെ.

ബ്ലോഗിലെ, സമകാലിക സംഭവങ്ങളെ, കാര്‍ട്ടൂണ്‍ രൂപത്തില്‍ അവതരിപ്പിച്ച് വേണുജി ശ്രദ്ധനേടിയിരിക്കുന്നു. യാഹുവിന്റെ ബ്ലോഗില്‍ നിന്നുള്ളപോസ്റ്റ് മോഷണവും അതിനോടനുബന്ധിച്ചു നടന്ന ബഹളവും വേണുജി വളരെ മനോഹരമയിഅവതരിപ്പിച്ചിരുന്നു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. [ http://www.nizhalkuth.blogspot.com ]

================= ======================
ഗോപന്‍ കാത്തിരുന്നതാരെ?
ഇക്കാസ്, സിയ, കുറുമാന്‍ എന്നിവരാണ് ഈ ബ്ലോഗിലേക്ക് സംഭാവന ചെയ്യുന്നവര്‍. ഒന്നും രണ്ടും ഭാഗങ്ങള്‍ വലിയ പ്രശ്നമില്ലാതെ പോയ ഒരു നോവലാണിത്, പക്ഷെ മൂന്നാം ഭാഗം മുതല്‍ പൈങ്കിളിയെ കടത്തിവെട്ടിക്കുന്ന തരത്തിലേക്ക് ഈ പോസ്റ്റ് താണു എന്ന് ബ്ലോഗാഭിമാനിക്ക് പറയാതെ വയ്യ. ലക്ഷ്യമില്ലാതെ പോകുന്ന തോണിക്ക് കാറ്റുപിടിച്ചാലുള്ള അവസ്ഥയാണ് ഈ പോസ്റ്റിന്റെ ഇപ്പോഴത്തെ നില. ഗോപന്‍ കാത്തിരുന്നതാരെ എന്നതിലും നല്ലത്, ഗോപനെ ആരും ഇപ്പോള്‍ കാത്തിരിക്കുന്നില്ല എന്ന പേരാവും, കൂടുതല്‍ ചേരുക. തുടങ്ങിയ പണി പൂര്‍ത്തിയാവുന്നതിന്നു മുന്‍പെ, ഇഫ്ര്രിത്ത് എന്ന മുസ്ലീം മാന്ത്രികനോവലിന്റെ പണിപുരയിലാണ് ഇവര്‍, ഒപ്പം കൂട്ടായി ശ്രീജിത്തുമുണ്ട്. എന്തായാലും കാത്തിരുന്നു കാണാം.

================= ==================


ഉണ്ണിത്തരമില്ലാത്ത ഉണ്ണിത്താന്‍
ബ്ലോഗില്‍ സുപ്രഭാതം പൊട്ടിവിരിഞ്ഞു. പതിവുപോലെ ഉമിക്കരിയാല്‍ പല്ലു തേച്ച്, ബ്ലോഗഭിമാനി ബ്ലോഗ് വായിക്കാന്‍ തുടങ്ങി. പുതിയ ഒരു ബ്ലോഗ് കണ്ണില്‍ പെട്ടു. അതുല്‍ ഉണ്ണിത്താന്‍ എന്ന യുവകോമളന്റെ ബ്ലോഗാണത്. മനോഹരമായ കവിതകളുള്ള മനോഹരമായ ഒരു ബ്ലോഗ്. ബ്ലോഗഭിമാനി കവിതകള്‍ വായിക്കാന്‍ തുടങ്ങി. ങേ, ഇത് മുന്‍പ് വായിച്ചിട്ടുള്ള കവിതയാണല്ലോ?
മനസ്സ് പിന്നോട്ട് പാഞ്ഞു. അധികം പിന്നോട്ട് പായേണ്ടി വന്നില്ല, വെറും ഒരു പത്ത് ദിവസം പിന്നിലേക്ക് മാത്രം. കിട്ടിപോയി, ഈ കവിത ലോനപ്പന്റെ ബ്ലോഗില്‍ വായിച്ചിട്ടുണ്ട്. കട്ടത് ലോനപ്പനോ അതോ ഉണ്ണിത്താനോ? സംശയമില്ല ഉണ്ണിത്താന്‍ തന്നെ. മോഷണം ഇങ്ങിനേയുമോ? ലോനപ്പന്റെ ബ്ലോഗില്‍ നിന്നു മാത്രമല്ല, മറ്റു ബ്ലോഗുകളില്‍ നിന്നും മോഷ്ടിച്ചിട്ടുണ്ട്. സ്വന്തമായി ഒരു വരിപോലും എഴുതിവച്ചിട്ടില്ല നമ്മുടെ ഉണ്ണി. എന്താണുണ്ണീ ഇത്തരം വികൃതി എന്ന ചോദ്യത്തിന്ന്, ഞാന്‍ എഴുതിയതാണെന്ന് ഞാന്‍ എവിടേയും എഴുതിവച്ചിട്ടില്ല എന്ന മറുമൊഴിയും!
ജനാര്‍ദ്ദനന്‍ ഒരു സിനിമയില്‍ പറഞ്ഞ ഡയലോഗ്.. നീ പൊന്നപ്പനല്ലടാ‍ാ.. തങ്കപ്പനാ.. അതുപോലെ.. നീ വെറും ഉണ്ണിത്താനല്ലടാ.. വെല്യത്താനാ. ഏറ്റവും പുതിയ വിവരമനുസരിച്ച് ലോനപ്പഭീഷണിയെത്തുടന്ന് ഉണ്ണിത്ത്ന്‍ ബ്ലോഗു റന്നെ ഡീലിറ്റിയെന്നാണു ഞങ്ങളുടെ രിപ്പോര്‍ട്ടര്‍ക്ക് അരിയാന്‍ സാധിച്ചത്.
ഓ ടോ: ഇതിനു മുന്‍പും കുറെ നാള്‍ മുന്‍പു ഒരു വിദ്വാന്‍ ഇതുപോലെ പോസ്റ്റുകള്‍ അതേ പടി കട്ട് പുതിയ പോസ്റ്റുകള്‍ തുടങ്ങിയിരുന്നു. അന്നൊക്കെ അതിനു പിന്നില്‍ അണിനിരന്നവരും കൊടി ഉയര്‍ത്തിയവരും കലപില ഉതിര്ത്തവരും ബൂലോക പോലീസും ഡികറ്റക്റ്റീവും ഒന്നും ഇവിടെ ഒന്നും പറഞ്ഞുകണ്ടില്ല. ഏത് ബാലന്‍സിങ് നിയമത്തിലാണ് ലോനപ്പന്‍ ഇരിക്കുന്ന ഭാഗം താണുപോയതെന്നു/ലോനപ്പന്റെ ജനപിന്തുണ ഇല്ലായ്മ എന്ന് അവരുടെ വാക്കുകളിലൂടെ അറിയുവാന്‍ താല്പര്യമുണ്ട്“ എന്നുള്ള ശ്രീ കുമാറിന്റെ കമന്റ് ഈ അവസരത്തില്‍ ബ്ലോഗാഭിമാനി ഇവിടെ ചൂണ്ടികാട്ടുന്നു. മേല്പറഞ്ഞ കമന്റിനു മറുപടിയായി, ബൂലോക പോലീസും ഡികറ്റക്റ്റീവും ഒന്നുംഇതുവരേയായി വന്നിട്ടില്ല എന്നത് ഇവിടെ ശ്രദ്ധേയമാകുന്നു
============ ==================

തമനുവും, വിവിയും, ബ്ലോഗിലെ പുതിയ താരങ്ങള്‍ ‍.

വളരെ കുറച്ച് സമയം കൊണ്ട് ബ്ലോഗു വായനക്കാരുടെ ഇടയില്‍ പേരെടുത്ത രണ്ട് എഴുത്തുകാരാണ് തമനുവും, വിവിയും. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത രസകരമായ പോസ്റ്റുകളാല്‍ ഇവര്‍, വിശാലന്‍, അരവിന്ദന്‍, കുറുമാന്‍, ഇടിവാള്‍, മാഗ്നിഫയര്‍, വികടന്‍ തുടങ്ങിയ ഹാസ്യ രചയിതാക്കളുടെ ഒപ്പം എത്തികഴിഞ്ഞു. തനി തൃശൂര്‍ ഭാഷയിലുള്ള വിവിയുടെ പോസ്റ്റുകള്‍ ശ്ലാഘനീയം തന്നെ. വിവിയും, ലോനപ്പനും ഒരാള്‍ തന്നെയല്ലെ എന്ന് ബ്ലോഗഭിമാനിക്കൊരു സംശയം ഇല്ലാതില്ല. ആദ്യപോസ്റ്റുകള്‍ അത്ര മികച്ചവയായിരുന്നെങ്കിലും, ഏറ്റവും പുതിയതായി രണ്ടു മെഗാഹിറ്റ് പൊസ്റ്റുകളിറക്കിക്കൊണ്ടാണ് തമനു തന്റെ ഹാസ്യത്തിലുള്ള വൈദഗ്‌ദ്ധ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
============= ===============

Sunday, November 26, 2006

ബ്ലോഗഭിമാനി - ലക്കം-5

പിന്മൊഴികളുടെ പ്രസക്തി നഷ്ടപ്പെടുന്നുവോ?

മലയാളം ബൂലോഗങ്ങളില്‍ വായനക്കാര്‍ എഴുതുന്ന കമന്റുകള്‍‍‍ ഒരുമിച്ചു കൂട്ടുവാനും വായിക്കുവാനുമുള്ള ഒരിടമാ ിന്മൊഴികള്‍ എന്ന ബ്ലോഗ് ഫോര്‍ കമന്റ്സ്’ ഗ്രൂപ്പ് വെറുമൊരു ചാറ്റ് ഫോമിന്റെ നിലവാരത്തിലേക്കു താഴുന്നതായി ബ്ലോഗഭിമാനി മനസ്സിലാക്കുന്നു. തനിമലയാളം തുടങ്ങിയ അഗ്രഗേറ്ററുകളില്‍ പോസ്റ്റുകള്‍ കാണപ്പെടും മുന്‍പു തെന്നെ ചൂടോടെ സ്വന്തം കൃതികളെക്കുറിച്ച് വായനക്കാര്‍ക്ക് ഒരു “നോട്ടിഫിക്കേഷന്‍ കൊടുക്കാന്‍” സഹായകമായിരുന്ന പിന്മൊഴികളാണ്‍ ഈയ്യടുത്ത കാലത്ത് ദുരുപയോഗിക്കപ്പെടുന്നതായി കാണപ്പെടുന്നത്.

മലയാളം ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ ഉടന്‍ തന്നെ വായനക്കാരിലെത്തിക്കാണുള്ളൊരു പിടിവള്ളിയായി ഇത്രയും കാലം ഉപയോഗിക്കപ്പെട്ടിരുന്ന പിന്മൊഴിവള്ളി, കുറച്ചു പേരുടെ പേഴ്സണല്‍ ഗ്രൂപ്പ് ചാറ്റ് റൂം ആയി അധപതിക്കുന്നത് മലയാളം ബ്ലോഗേഴ്സിനു പിന്മൊഴികളിലുള്ള വിശ്വാസത്തെ തകര്‍ക്കാനേ സാധിക്കൂ. യതൊരു വിധ പ്രസക്തികളുമില്ലാത്ത ഈ കമന്റു മലവെള്ളപ്പാച്ചിലില്‍ പല മികച്ച കൃതികളും ഒലിച്ചു പോകുന്നുവെന്നതാണു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം. നാനൂറിലധികം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ഗ്രൂപ്പ് നിലനില്‍ക്കേണ്ടത് മലയാളബൂലോഗത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണെന്നാണ് ബ്ലോഗഭിമാനിയുടെ വിലയിരുത്തല്‍.

പിന്മൊഴികളില്‍ വരേണ്ട കമന്റുകളുറ്റെ കാര്യത്തില്‍ ബൂലോഗര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മുന്‍പു പലപ്പോഴും ചര്‍ച്ചകളുണ്ടായിട്ടുണ്ടെങ്കിലും, ഇതിനെയെല്ലാം തൃണവല്‍ഗണിച്ചാണ് ചിലമാന്യ ദേഹങ്ങള്‍ മീറ്റു കമന്ററിക്കും ഓഫു മഹാമഹത്തിനുമായ്യി ഇതുപയോഗിച്ച്, ഏവൂരാന്റേയ്യും, ശനിയന്റേയും, അനിലിണ്ടേയുമൊക്കെ, സെര്‍വറുകളെ ചൂടുപിടിപ്പിക്കുന്നത്, പിന്നെ അവരുടെയെല്ലാം തലയേയും. പിന്മൊഴികള്‍ എന്ന സംരഭം മൂലം, തനിമലയാളം എന്ന സൈറ്റില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 24% കൂരവുണ്ടെന്നു ബ്ലോഗഭിമാനി നടത്തിയ ഒരു സര്‍വേയില്‍ തെളിഞ്ഞു. കൂടാതെ, 10 പേരില് 7 പേരും തനിമലയാളം സൈറ്റില്‍ പോകുന്നതിലുപരി, പിന്മൊഴികലെ കമന്റുകള്‍ വായിക്കാനാനു താല്പര്യം പ്രകടിപ്പിച്ചത്.

മീറ്റുകളുടെ ലൈവ് കമന്ററിക്കും, ഓഫടിച്ചും പിന്മൊഴികളെ പെരുവഴികളാക്കുന്ന സഹൃദയന്മാര്‍ ഒന്നു ചിന്തിക്കുന്നത് നന്ന്‌.. ഇതിങ്ങനെ തുടര്‍ന്നാല്‍, മനം മടുത്ത മലയാളം ബ്ലോഗേഴ്സ് ഇതെല്ലാം ഇട്ടേച്ചു പോകും, പിന്നെ നിങ്ങളുടെ പോസ്റ്റുകളില്‍ പുറം ചൊറിയാനായി, നിങ്ങള്‍ തന്നെ അനോണിയായും, മറ്റു പല പേരുകളിലും ലോഗിന്‍ ചെയ്ത് കമന്റുകള്‍ ചെയ്യേണ്ടി വരും. നിങ്ങളുടെ പോസ്റ്റുകള് ായിക്കാന്‍ ഗൂഗ്ഗിള്‍ ടോക്കു വഴി ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ് നടത്തേണ്ടി വരും! ബിവെയര്‍ !

വല്ലതെ കുഴക്കുന്ന ചില ചോദ്യങ്ങള്‍ കൂടി ഈയവസരത്തില്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നുമീറ്റുകള്‍ എല്ലാം നല്ലതു തന്നെ.. അവക്കൊരു ബ്ലോഗുണ്ടാവുന്നതും നല്ലത്. പക്ഷേ ആ പോസ്റ്റില്‍ 500 ഉം ആയിരവും കമന്റുകള്‍ തികക്കണമെന്നു അര്‍ക്കാണു നിര്‍ബന്ധം ? അവിടങ്ങളില്‍ 500 കമന്റു വീണില്ലെങ്കില്‍ മലയാള സാഹിത്യത്തിനു എന്താണു നഷ്ടം? 1000 കമന്റു വീണിട്ട് ആര്‍ക്കെന്തു ലാഭം?

മലയാളം ബ്ലോഗ്സ് അഗ്രിഗേറ്റര്‍ : ആരോഗ്യകരമായ പ്രവണത
ബൂലോഗത്തിന് ഏറെ സന്തോഷിക്കുവാനും അഭിമാനിക്കാനും വകനല്‍കുന്ന മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ഇക്കഴിഞ്ഞ കൊച്ചീ ബൂലോഗസംഗമത്തില്‍ വച്ച് ശ്രീ കുമാറും ശ്രീജിത്തും ചേര്‍ന്ന് അനാവരണം ചെയ്യുകയുണ്ടായി. ഇവര്‍ തന്നെയാണ് ഈ സംരഭത്തിന്റെ സാരഥികളും. ബൂലോഗത്തിലെ മോണോപോളി ആയിരുന്ന ഏവൂരാന്റെ ബ്ലോഗ് അഗ്രിഗേറ്ററിന് കടുത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ഈ പുതിയ സംരംഭം. ബിസിനസ്സ് മോഡലുകളിലല്ല ബൂലോഗത്തിലെ അഗ്രിഗേറ്ററുകള്‍‍ ഓടുന്നതെങ്കിലും പല ഈഗോ ക്ലാഷുകളും അഗ്രിഗേറ്ററുകളുടെ നടത്തിപ്പിനെ സംബന്ധിച്ച് ബൂലോഗത്തില്‍ ഉണ്ടായത് ഈ സാഹചര്യത്തില്‍ ഓര്‍ക്കണം. "ഒരു ബ്ലോഗിന്റെ ഫീഡും നാട്ടാരുടെ സദാചാരബോധവും" എന്ന കൂട്ടയടിയെതുടര്‍ന്നാണ് മറ്റൊരു അഗ്രിഗേറ്റര്‍ ആവശ്യമാണ് എന്ന് ബൂലോഗത്തിലെ പലര്‍ക്കും തോന്നിത്തുടങ്ങിയത്.

പല ബ്ലോഗുകളിലും, നിലവിലുണ്ടായിരുന്ന അമേരിക്കന്‍ അഗ്രിഗേറ്ററിനെ ഭര്‍ത്സിച്ചുകൊണ്ട് ലിയോണാഡ് പഴംപൊരി എന്ന ബ്ലോഗറുടെ നേതൃത്വത്തില്‍ പലരും നിഴല്‍‌യുദ്ധത്തിന് ശ്രമിച്ചെങ്കിലും ബൂലോഗര്‍ അവരെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്. ഇതിനു തുടര്‍ച്ചയായി ചിന്ത ഒരു അഗ്രിഗേറ്റര്‍ നിര്‍മ്മിച്ചപ്പൊളും അതില്‍ വായനക്കാരുടെ റേറ്റിംഗ് സൌകര്യം ഏര്‍പ്പെടുത്തിയപോഴും ഏറെ കോലാഹലമുണ്ടായി. ആ അഗ്രിഗേറ്ററും ശൈശവത്തില്‍ തന്നെ വടിയായി. അഗ്രിഗേറ്റര്‍ മേഖലയിലെ അമേരിക്കന്‍ ആധിപത്യം അരക്കിട്ടറപ്പിക്കുന്നതായിരുന്ന് ആ സംഭവം.

നിശബ്ദമായി, ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഞങ്ങള്‍ക്കായി സംസാരിക്കട്ടെ എന്നരീതിയില്‍ മുന്നേറിയ ശ്രീജിത്തും സംഘവും വ്യത്യസ്തമായ പോര്‍ട്ടല്‍ എന്ന സ്വപ്നം മാസങ്ങള്‍‌ക്കകം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉണ്ടായത്. മലയാളികളായ എല്ലാവര്‍ക്കും കുളിരുകോരി ചിലര്‍ക്ക് ജലദോഷം പിടിപ്പിച്ച ഒരു മുന്നേറ്റമായിരുന്നു അത്.

എന്നാല്‍ ബീറ്റാ വേര്‍ഷനില്‍ എത്തിനില്‍ക്കുന്ന ഈ സംരഭം ഇപ്പോഴും ഏവൂരാന്‍സ് അഗ്രിഗേറ്ററുമായി തുലനം ചെയ്യുമ്പോള്‍ ഒരു പടി താഴെയാണോ എന്ന് ബ്ലോഗാഭിമാനി സംശയിക്കുന്നു. ഡിസ്പ്ലേ ചെയ്യുന്ന ലിസ്റ്റിന്റെ നീളമില്ലായ്മയാണ് ഒരു പ്രശ്നം. മോര്‍ എന്ന ലിങ്കില്‍ പലപ്പോഴും ക്ലിക്ക് ചെയ്യേണ്ടി വരുന്നത് തലവേദനയാകുന്നു. ബ്ലോഗുകളുടെ പേരിന് താഴെ രണ്ട് വരികള്‍ പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കാവുന്നതാണ്. പ്രത്യേകിച്ച് ഗുണമൊന്നും അത് ചെയ്യുന്നില്ല. സത്യം പറഞ്ഞാല്‍ ബ്ലോഗുകള്‍ വായിക്കാതെ ഒഴിവാക്കാന്‍ അത് തടസ്സമാകുന്നു.

വളരെ വ്യത്യസ്തമായ രീതിയില്‍ മറ്റൊരു മലയാളം ബ്ലോഗ് പോര്‍ട്ടലും അണിയറയില്‍ ഒരുങ്ങുകയാണ് എന്നാണ് ബ്ലോഗഭിമാനിയില്‍ കിട്ടിയ ഏറ്റവും പുതിയ വിവരം.

ഏതായാലും അഗ്രിഗേറ്ററും പോര്‍ട്ടലും യഥേഷ്ടമുണ്ടാകുന്നത് ബൂലോഗത്തിന് ഗുണകരം തന്നെയാണ് എന്നാണ് ബ്ലോഗഭിമാനിയുടെ അഭിപ്രായം. ആരോഗ്യകരമായ മത്സരങ്ങള്‍ വളര്‍ച്ചക്ക് നല്ലത് തന്നെ. കൂട്ടായ്മ അവിടെ വിഷയമാക്കേണ്ട കാര്യമില്ല എന്ന് തോന്നുന്നു.

ഏവൂരാനും, ശ്രീജിത്തിനും കുമാറിനും ആശംസകള്‍. അടുത്ത ലക്കത്തില്‍ ഈ രണ്ട് സൈറ്റുകളുടേയും ഒരു കം‌പാരറ്റീവ് സ്റ്റഡി പ്രതീക്ഷിക്കുക

.

തേങ്ങയടി കരാറുകാര്‍
ഷെയിം ഷെയിം പപ്പി ഷെയിം എന്നു ബാല്യത്തില്‍ മറ്റുള്ളവരെ, കളിയാക്കി പാടാറുണ്ടായിരുന്ന റൈം ഓര്‍മ്മ വരുന്നതിവിടെ.


ഒരാള്‍ ഒരു പോസ്റ്റ്‌ ചെയ്തതറിയിക്കാനിടുന്ന കമന്റ്‌ വരുന്നതിന്നു മുന്‍പ്‌ തന്നെ, തേങ്ങ ദാ എന്റെ വക എന്നു പറഞ്ഞു തേങ്ങ ഉടക്കുന്ന നിരവധി പോസ്റ്റുകള്‍ അടുത്തിടെ ശ്രദ്ധയില്‍ പെട്ടു. ഒരു പോസ്റ്റ്‌, പോസ്റ്റ്‌ ചെയ്യുന്നതിന്നു മുന്‍പു തന്നെ, പരസ്പരം ഫോണിലൂടെ കഥ/കവിത വിവരിച്ച്‌ ഉടക്കു മോനേ തേങ്ങ, ഉടക്കു മോനെ തേങ്ങ എന്ന് കരാര്‍ കൊടുത്ത്‌ പോസ്റ്റില്‍ പബ്ലിഷ്‌ എന്നു ചെയ്തതും, കരാറെടുത്തവന്‍ തേങ്ങ ഉടക്കുന്നു. പോസ്റ്റ്‌ ചെയ്തവന്‍, തന്റെ പോസ്റ്റ്‌ പിന്മൊഴിയില്‍ വരുവാന്‍ വേണ്ടി അതില്‍ ആദ്യത്തെ ഒരു കമന്റു വയ്ക്കാം എന്നു കരുതി വരുമ്പോഴേക്കും, കരാറുകാരന്‍ തേങ്ങ ഉടച്ചു കഴിഞ്ഞിരിക്കും. അതും നല്ല ഡിജിറ്റല്‍ ഡോള്‍ബി അഫക്റ്റൊടു കൂടീ “ഠേ....... എന്ന ശബ്ദത്തില്‍“ !

ഇത്തിരിതേങ്ങ, അഗ്രജന്‍ തേങ്ങ, സുല്ലിട്ട തേങ്ങ, എന്നിങ്ങനെ തേങ്ങയടിക്കാര്‍ പലവിധം. ഇതേതുടര്‍ന്ന ഈയടുത്ത കാലത്ത് ബ്ലോഗില്‍ തേങ്ങയടിയുടെ പേരു തന്നെ മാറി സുല്ലിട്ടു എന്നായിക്കിരിക്കുന്നു എന്നു ബ്ലോഗഭിമാനിക്കു വിവരം ലഭിച്ചു. സുല്‍ ഇട്ടതാണോ തേങ്ങ, അതോ സുല്ലിന്നു മുന്‍പേ തേങ്ങയടിച്ചു എന്നാണോ അര്‍ത്ഥം എന്ന് വായനക്കാര്‍ വായിച്ചു മനസ്സിലാക്കുക.

ഇവരുടെ തേങ്ങയേറു പേടിച്ച ്ലോഗന്മാര്‍ പലരും “പബ്ലിഷ്” ബട്ടന്‍ അമര്‍ത്തിയ ശേഷം സുരക്ഷക്കു വേണ്ടി ഓടി മാടി നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. പബ്ലിഷ് ബട്ടന്‍ ഞെക്കും മുന്‍പ് എല്ലാവരും ഹെല്‍മെറ്റ് ധരിക്കുന്നത് തേങ്ങയേറിനെ പ്രതിരോധിക്കാന്‍ നല്ലതായിരിക്കും എന്നാണ് ബ്ലോഗഭിമാനിക്കു തോന്നുന്നത്.

ആര്‌ ആദ്യം കമന്റു വച്ചു എന്നുള്ളതിനല്ല പ്രാധാന്യം, മറിച്ച്‌, പോസ്റ്റ്‌ ശരിയാം വണ്ണം മനസ്സിരുത്തി വായിച്ച്‌, അതിനെ കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തലാകണം കമന്റ്‌ എന്നാണ്‌ ബ്ലോഗഭിമാനിയുടെ അഭിപ്രായം

വിവാഹങ്ങള്‍ ബ്ലോഗുകള്‍ പൂട്ടിക്കുന്നുവോ?

അക്ഷരത്തെറ്റുകള്‍, അടിപിടി, കുറ്റം-കുന്നായ്മ-കുശുമ്പ് കമന്റുകള്‍, പാരലല്‍ സെറ്റപ്പുകള്‍, ബൂലോഗകൂട്ടായ്മ, സദാചാരപോലീസിംഗ്, കുന്തം കുടച്ചക്രം ഇങ്ങനെ പലതും ബൂലോഗത്തില്‍ മിന്നിത്തളിയുകയും, പൊട്ടിമുളക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന പല ബ്ലോഗുകളും പൂട്ടിച്ചതായി നമുക്ക് അറിയാമല്ലോ.

വിവാഹം എന്ന സാമൂഹിക ആചാരവും ബ്ലോഗ് കൊല്ലികളുടെ കൂട്ടത്തില്‍ പെടുത്താവുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഈയിടെ. 18നും-30നും ഇടക്ക് പ്രായമുള്ള ബ്ലോഗിണികളേയാണ് വിവാഹം ആക്രമിക്കുന്നത്. വിവാഹത്തിന് മുന്‍പ് സജീവമായിരുന്ന ഇവര്‍ വിവാഹശേഷം ന്യായമായ മധുവിധു സമയം കഴിഞ്ഞിട്ടും ബ്ലോഗുകളിലേക്ക് മടങ്ങാന്‍ വിമുഖതകാണിക്കുകയാണ് പതിവ്. ഈ വിമുഖതക്ക് പിന്നില്‍ അവരുടെ പുത്യാപ്ലകള്‍ ആണോ എന്നത് സ്ഥിതീകരിക്കാത്ത സംശയം മാത്രമായി നിലകൊള്ളുന്നു.
മഞ്ചുവാര്യര്‍ പോലും വിവാഹശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞല്ലോ. ആ ഒരു സ്റ്റൈല്‍ ഫോളോ ചെയ്യുകയാണോ ബൂലോഗത്തിലെ 'നായികമാര്‍' എന്നും സംശയം നിലനില്‍ക്കുന്നു.

ഏതായാലും ബൂലോഗത്തില്‍ നിന്ന് നവവധുക്കളുടെ ഈ തിരോധാനം താത്കാലികം മാത്രമാണെന്നും, അല്പം കഴിഞ്ഞാല്‍ ഭര്‍ത്താക്കന്മാര്‍ തന്നെ അവരെ "നീ പോയി ഇത്തിരി ബ്ലോഗ് ചെയ്യടീ, ഞാന്‍ ഒന്നു മനസമാധാനത്തോടെ ഇരിക്കട്ടെ" എന്ന് നിര്‍ബദ്ധിച്ച് ബ്ലോഗിലേക്ക് തിരിച്ചയക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, എക്സ് ബാച്ചിലേഴ്സ് വനിതാ അസോസിയേഷന്‍ അംഗം ബ്ലോഗഭിമാനിയോട് പറഞ്ഞു.

ആ ഒരു പ്രതീക്ഷയിലാണ് ബൂലോഗത്തിലെ വായനാപ്രേമികളും.

മീറ്റുകള്‍ പ്രഹസനങ്ങളോ?

അത്യധികം കൊട്ടിഘോഷിക്കപ്പെട്ട ബ്ലോഗേഴ്സ് മീറ്റ് വെറും പ്രഹസനങ്ങളാണേന്നു ഈയടുത്തകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു. ബൂലോഗ കൂട്ടായ്മ എന്നൊക്കെയുള്ള പെരില്‍ സംഘടിപ്പിക്കപ്പെട്ട യൂയെയി മീറ്റില്‍ നടന്ന മദ്യപാന വിവാദവുംമറ്റും ഇതിലെക്ക്കാണു വിരല്‍ ചൂണ്ടുന്നത്. ഈ മീറ്റിന്റെ വിജയത്തിനായി ആദ്യാവസാനം അഹോരാത്രം പ്രയത്നിച്ച പലരും മീറ്റിനു ശേഷം വ്യാകുല മാതാക്കന്മാരായി കാണപ്പെട്ടുവെന്നത്, ഇനി ഇങ്ങനെയൊരു മീറ്റുണ്ടാകുവാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കയാണ്. പെട്ടിയും കിടക്കയുമായി വന്ന കുവൈറ്റ് വിശിഷ്ടാതിഥി വരെ കോലാഹലങ്ങള്‍ കണ്ട് ആകെ ഡെസ്പടിച്ചാണു തിരിച്ചു പോയത് എന്നാണു ബ്ലോഗഭിമാനിക്കു ലഭിച്ച രഹസ്യ വിവരം. കൊച്ചി, ഡല്‍ഹി മീറ്റുകള്‍ താരതമ്യേന ശാന്തസുന്ദരമായിരുന്നുവെന്നാണ് പൊതുജനാഭിപ്രായം.

ബ്ലോഗഭിമാനിക്കും അപരന്‍!
ബ്ലോഗഭിമാനി എന്ന പേരില്‍ പല ബ്ലോഗുകളിലും ഈയിറ്റെ കാണപ്പെട്ട കമന്റുകള്‍ ഞങ്ങലുടേതല്ലെ എന്നു വ്യക്തമാക്കിക്കൊള്‍ലട്ടെ. ആരേയും അവരുറ്റെ ലോഗില്പോയി പ്രോത്സാഹിപ്പിക്ക്കാനോ, നിരുത്സാഹപ്പെടുത്താനോ പുരം ചൊറിയാനൊ ഞങ്ങള്‍ക്കുദ്ദേശമില്ല, അതിന്റെ ആവശ്യവുമില്ല. എഴുതനുള്ളത് ഞങ്ങള് ബ്ലൊഗിലെഴുതും. യൂയേയി മീറ്റിന്റെ ബ്ലൊഗിലും, സമീഹ, പൊന്നമ്പലം എന്നീ ബ്ലോഗുകാലിലുമാണ് ഞങ്ങളുടെ പേരിലുള്ള അപരാക്രമണം കാണപ്പെട്ടത്. ഇതേതുടര്‍ന്ന്, “ബ്ലോഗ്ഭിമാനി” സ്വയം ബൂലോഗ പൊലീസായി ചമയുകയാണോ, ബ്ലോഗഭിമാനി എന്തു ഭാവിച്ചാ “ എന്നൊക്കെ പല ബൂലൊഗരും ചോദ്യ ശരങ്ങളുയര്‍ത്തിയെങ്കിലും, ശേഷം ഞങ്ങളുടെ വിശദീകരനക്കുറിപ്പില്‍ തൃപ്തരായി. ബ്ലോഗഭിമാനിയെ കരിവാരി തേക്കാനുള്ള കുത്സിതശ്രമങ്ങള്‍ ബൂലോഗര്‍ മനസ്സിലാക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ബ്ലോഗഭിമാനി എന്ന പേരില്‍ ഞങ്ങള്‍ മറ്റു ബ്ലോഗുകളില്‍ കമന്റിയിട്ടില്ല, ഇനിയൊട്ടു കമന്റുകയുമില്ല. ഞങ്ങളുടെ പേരില്‍ കമന്റുന്ന ചില ഞരന്‍പു രോഗികളുടെ പുറം പൂച്ചു പൊളിക്കാന്‍ അനിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു മാത്രം ഇത്തരുണത്തില്‍ അറിയിക്കുന്നു.

മോഡേണ്‍ ആര്‍ട്സ്‌
ആപ്പീസില്‍ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തതിനാല്‍, ഫോട്ടോ ഷാപ്പില്‍ വെറുതെ മൗസ്‌ ഓടിച്ച്‌ വെളുത്ത പ്രതലത്തില്‍ കറുത്ത ഛായത്താല്‍ ചാണകം മെഴുകുന്നതുപോലെ മെഴുകി ബ്ലോഗില്‍ ഇടേണ്ട താമസം, കമന്റുകള്‍ ഒഴുകുകയായി. കുറുക്കന്റെ കണ്ണല്ലെ, ആനയുടെ കണ്ണല്ലെ, പൂച്ചയുടെ കണ്ണല്ലെ, തൊട്ടി കിണറ്റില്‍ വീണതല്ലേ? അത്യന്താതുനികന്‍! തമോഗര്‍ത്തത്തിലേക്കുരുണ്ടു പോകുന്ന കമന്റുകള്‍. ഒന്നും മനസ്സിലാവാത്ത മോഡേണ്‍ ആര്‍ട്ട്‌ (വരച്ചയാള്‍ക്കു തന്നെയറിയില്ല എന്താ വരച്ചതെന്ന്, പിന്നെ കാഴ്ചക്കാര്‍ക്കെങ്ങിനെ?) അതില്‍ കമന്റിടാനായി, അതും അത്യന്താതുനികന്‍ തന്നെ വേണമല്ലോ, തല പുകച്ചേ പറ്റൂ.

പ്രിയ വായനക്കാരെ, നല്ലതും, ചീത്തയും മനസ്സിലാക്കാനുള്ള സ്വന്തം കഴിവിനെ വളര്‍ത്തൂ.

അയ്യോ, ദാ ഇന്നയാള്‍ ഒരു പോസ്റ്റിട്ടു. കമന്റിട്ടില്ലെങ്കില്‍ വിഷമം ആയാലോ എന്ന ഒരു ചിന്തയാണ്‌ ഇന്ന് ഒട്ടുമിക്ക വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും. വായിച്ചില്ലെങ്കിലും കമന്റിടുന്നവരാണധികവും. നന്നായി. ഗംഭീരം. അടിപൊളി. കുറച്ചുകൂടെ നന്നാക്കാമായിരുന്നു, ഒരു വിധം കമന്റുകളെല്ലാം ഈ പറഞ്ഞതുപോലെ കോപ്പി പേസ്റ്റ്‌ തന്നെ.

പിന്നൊരു കൂട്ടര്‍, കഥയുടെ ആദ്യവും, അന്ത്യവും ഒന്നോടിച്ച്‌ നോക്കും, പിന്നെ കഥയുടെ ഏതെങ്കിലും രണ്ടു വരി കോപ്പി ചെയ്ത്‌ കമന്റായ്‌ പേസ്റ്റ്‌ ചെയ്യും, ഒപ്പം സൂപ്പര്‍, സമ്മതിച്ചു ഗഡി, കലക്കി പൊളിച്ചു, അടിപൊളിയായിട്ടുണ്ട്‌, ഇത്രയുമേ ഞാന്‍ ക്വാട്ടുന്നുള്ളൂ, ഇനിയുള്ളവര്‍ക്കും ക്വാട്ടണ്ടൊ എന്ന മുഖവുരയും.

എഴുത്തുകാരെ, മനസ്സില്‍ തോന്നുന്ന ആശയം അതു പോലെ തന്നെ മുന്‍ വിധിയില്ലാതെ തുറന്നെഴുതൂ. കമന്റുകളുടെ എണ്ണം നോക്കരുത്‌. എഴുതി എഴുതി ഒരിക്കല്‍ നമുക്കെല്ലാവര്‍ക്കും തെളിയാം. ഒട്ടുമുക്കാല്‍ ഭാഗവും കമന്റുകള്‍ ശവത്തില്‍ വക്കുന്ന റീത്തുകളെപോലെയാണ്‌. വെറും ഫോര്‍മാലിറ്റിക്ക്‌ വേണ്ടി വക്കുന്നത്‌.

പൊതുജനത്തിനെ അഥവാ വായനക്കാരെ ഞാനും ഈ പോസ്റ്റ്‌ വായിച്ചു എന്നറിയിക്കാനുള്ള ഒരു പ്രഹസനമായിരിക്കുന്നു കമന്റുകള്‍. തീര്‍ച്ചയായും ഇതിന്നൊരു മാറ്റം ആവശ്യമാണ്‌ എന്ന് ബ്ലോഗഭിമാനി ഊന്നി ഊന്നി പറയുന്നു.

================ ======================

ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍:

അഗ്രജന്‍സ് തേങ്ങയടി കോണ്ട്രാക്റ്റിങ്ങ് കമ്പനി എല്‍.എല്‍.സി
മിതമായ നിരക്കില്‍ പോസ്റ്റുകള്‍ക്ക് കമന്റു തേങ്ങയടി ചെയ്തു കൊടുക്കപ്പെടുന്ന ബൂലോഗത്തിലെ ഏറ്റവും മികച്ച സ്ഥാപനം ! കസ്റ്റമേഴ്സിന്റെ സാറ്റിസ്ഫാക്ഷന്‍ ഞങ്ങളുടെ മുഖമുദ്ര. “ ഠേ.. എന്ന സ്പെഷല്‍ സൌണ്ട് ഇഫക്റ്റോടു കൂടി തേങ്ങയടി നടത്തുന്ന ബൂലോഗത്തിലെ ഏക സ്ഥാപനം !

സങ്കുചിതന്‍ ബ്രീവറീസ്: ( ഞങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കൂ ഇവിടെ ) വാറ്റ് നമ്പ്ര: 3234
മേല്‍ത്തരം, വീഞ്ഞുകള്‍ക്കും, പട്ടക്കും പേരുകേട്ടതും വിശ്വസനീയവുമായ ബൂലോഗത്തെ ഏക സ്ഥാപനം. ഉന്നത നിലവാരത്തിലുള്ള ബേട്ടറി, തേരട്ട, പഴുതാര, പഴയ കൈതച്ചക്ക, ചീഞ്ഞ മുന്തിരി എന്നിവയിട്ടു വാറ്റിയ കൃസ്തുമസ് സ്പെഷല്‍ വിഭവങ്ങളുടെ കൂടെ ടച്ചിങ്ങ്സ് ആയി “തവള, ആമ, കൂന്തള്‍” കറികളുടെ റസീപ്പി സൌജന്യമായി നല്‍കുന്നു. ഈ ഓഫര്‍ ഡിസമ്പറ് 25 വരെ മാത്രം!

ഞങ്ങളുടെ പ്രൊഡക്റ്റ്സ് അടിച്ചാല്‍, നിങ്ങളുടെ കണ്ണടിച്ചു പോകില്ല എന്നു ഞങ്ങള്‍ ഗ്യാരണ്ടി തരുന്നതാണ്. വാറ്റുകളുടെ സാമ്പിളുകളും സൌജന്യമായി നല്‍കപ്പെടുന്നതാണ്.

കമന്റുകള്‍ റിഡക്ഷന്‍ സേയില്‍ :
ഫ്രീ ആയി കമന്റുകളെഴുതി നിങ്ങളുടെ ബ്ലോഗില്‍ അന്‍പത് നൂറ് ഇരുന്നൂറ് ഇവ അടിച്ചു തരുന്നു. ന്യായവില. ബ്ലോഗിലെ വിഷയം പ്രശ്നമല്ല. ഉദാത്തം, ഉന്മാദഭരിതം, ഉത്‌പ്രേക്ഷകം, അല്‍ത്ഭുതകരാക്ഷം മുതലായ പദങ്ങള്‍ കമന്റുകളില്‍ ഉണ്ടായിരിക്കും. 25 കമന്റുകള്‍ ബുക്ക് ചെയ്താല്‍ 5 കമന്റ് ഫ്രീ. ബന്ധപ്പെടുക കമന്റ്സ്‌ഫോര്‍‌യൂ@തേങ്ങയടി.കോം

കൊട്ടേഷന്‍ വര്‍ക്ക് :
ബ്ലോഗുകളില്‍ ഉണ്ടാകുന്ന അടിപിടി ബ്ലോഗിനു പുറത്ത് സെറ്റില്‍ ചെയ്യാന്‍ ഞങ്ങളെ സമീപിക്കൂ. ദുബായ് അമേരിക്ക ആഫ്രിക്ക എന്നിവടങ്ങളില്‍ ബ്രാഞ്ചുകള്‍. കാല്‍‌വെട്ട്, കൈവെട്ട് , പടപടാ പടക്കം പൊട്ടിക്കല്‍, മുതലായവ ന്യായമായ നിരക്കില്‍. നിങ്ങള്‍ തരേണ്ടത് ബ്ലോഗര്‍ പ്രൊഫൈല്‍ ഐ.ഡിയും ഫീസും മാത്രം. എയര്‍പോര്‍ട്ട്, ബോട്ട് ജെട്ടി എന്നിവടങ്ങളില്‍ വച്ച് കാര്യം തീര്‍ക്കും. കൊട്ടേഷന്‍@ജയില്‍.കോം

Note: ചില സാങ്കേതിക കാരണങ്ങളാല്‍ “ശ്രദ്ധിക്കപ്പേടേണ്ട ബ്ലോഗുകള്‍’ എന്ന പംക്തി ഈ ലക്കത്തില്‍ ഉള്‍പ്പെടുത്താനായില്ല എന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അടുത്ത ലക്കം ബ്ലോഗാഭിമാനി 8 ഡിസമ്പര്‍ 2006 ഇല്‍ ഇറക്കുന്നതായിരിക്കും. അഭിപ്രായങ്ങള്‍ അറിയിക്കുക. എല്ലാവര്‍ക്കും നമസ്കാരം

Monday, November 06, 2006

ബ്ലോഗഭിമാനി - ലക്കം 4

എഡിറ്റോറിയല്‍.

മാന്യ വായനക്കാരേ, ലക്കം മൂന്ന് ബ്ലോഗഭിമാനിക്കു ലഭിച്ച പ്രതികരണങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിക്കുന്നു. പലരുടേയും പ്രധാന ആവശ്യമായ “വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറച്ച്” മുന്നോട്ടു പോകാനാണു ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനു മുന്‍പ് ഒന്നുരണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ.

ബ്ലോഗഭിമാനി എന്ന പേരാണു ശരി എന്നു തിരുത്തിയ ഉമേഷിനു നന്ദി. വാരികയായിട്ടാണു ബ്ലോഗഭിമാനിയുടെ തുടക്കം എങ്കിലും, ഇനി മുതല്‍ ഇതൊരു “ഇഷ്ടിക”യായിരിക്കും എന്നറിയിക്കട്ടേ. അതെന്ത് ഇഷ്ടിക? അതായത്, മാസത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസിക, ദ്വൈവാരത്തില്‍ പ്രസിദ്ധീകരിക്കുന്നത് ദ്വൈവാരിക, വാരത്തില്‍ പ്രസിദ്ധീകരിക്കുന്നത് വാരിക... ഇഷ്ടമുള്ളപ്പോള്‍ പ്രസിദ്ധീകരിക്കുന്നത് ഇഷ്ടിക. (പഴയൊരു മത്തായിച്ചന്‍ ഫലിതത്തിനു കടപ്പാട്)

കഴിഞ്ഞ ലക്കത്തിലെ കോളിളക്കം സൃഷ്ടിച്ച “ഗൂഗിള്‍ ടോക്കും സ്റ്റാറ്റസ് ബാര്‍” എന്ന ലേഖനത്തിനുള്ള വിശദീകരണം കൂടി ഇത്തരുണത്തില്‍ രേഖപ്പെടുത്താന്‍ ഞങ്ങള്‍ക്കു താല്പര്യമുണ്ട്. ബ്ലോഗുകളുമായി ഒരു ബന്ധമില്ലാതിരുന്ന ഗൂഗിള്‍ ടോക്ക് സ്റ്റാറ്റസിനെ ഇവിടെ പ്രദിപാദിച്ചതിനെ ചോദ്യം ചെയ്ത പെരിങ്ങോടനു നന്ദി. ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ ഭൂലോഗത്തിന്റെ മൂന്നു കോണുകളിലിരുന്നു ഈമെയിലുകള്‍ വഴി നടത്തുന്ന ഈ സംരഭത്തില്‍ ബാലാരിഷ്ടതകള്‍ തീര്‍ച്ചയായും ഉണ്ടാകും, വായനക്കാര്‍ അത് തിരുത്താനും പ്രകടനം മെച്ചപ്പെടുത്താനും ഞങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആദ്യലക്കത്തില്‍ തന്നെ പറഞ്ഞ “ഹാസ്യ മുഖമുദ്ര”യോടെ ബ്ലോഗഭിമാനി തുടരാനാണു ഞങ്ങളുടെ തിരുമാനം. “ഗൂഗിള്‍ സ്റ്റാറ്റസ് “ മെസേജ് ബ്ലോഗുമായി ബന്ധപ്പെടാത്ത ഒന്നായിരുന്നിട്ടും “ഒരു തമാശ” എന്ന നിലയിലാണ് ഞങ്ങള്‍ അതു പ്രസിദ്ധീകരിച്ചത്. വിശ്വസിച്ചു ചേര്‍ത്ത കൂട്ടുകാരെ ഒറ്റിക്കൊടുക്കല്‍ എന്ന പ്രയോഗം ഇവിടെ യാതൊരു വിധത്തിലും പ്രായോഗികമാകുന്നില്ല. കാരണം, വ്യക്തിപരമായ ഒരു പരാമര്‍ശവും അതിലില്ലായിരുന്നുവെനു മാത്രമല്ലവളരേ ജനറലൈസ്‌ഡ് ആയിരുന്നു.

ബാക്കി ലേഖനങ്ങളെല്ലാം കഴിയും വിധം സത്യസന്ധമായിരുന്നുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അല്ലറ ചില്ലറ തമാശക്കളികളുണ്ടായിരുന്നു, ഉദാഹരണത്തിനു കേരള ഫാര്‍മര്‍, വിശാലന്‍ എന്നിവരെകുറിച്ചുള്ള പരാമര്‍ശങ്ങള്‍. ഇഷ്ടപ്പെടാത്തവ പറയുക, എഴുത്തില്‍ ശിശുക്കളായ ഞങ്ങളെ തെളിഞ്ഞു വരാന്‍ സഹായിക്കുക.

പിന്നെ, വിമര്‍ശനങ്ങള്‍. ബ്ലോഗഭിമാനി വിമര്‍ശനങ്ങള്‍ക്കു വേണ്ടിയുള്ള ഒന്നല്ല, ആരേയും വിമര്‍ശിച്ചു നന്നാക്കാം എന്ന തെറ്റിദ്ധാരണ ഞങ്ങള്‍ക്കില്ല. നിങ്ങളില്‍ പലരേയും അറിയുക പോലും ചെയ്യാത്ത ഞങ്ങള്‍, വ്യക്തിഹത്യ നടത്തി പ്രത്യേകിച്ചൊന്നും നേടുന്നില്ല. ബ്ലോഗുകളുമായി ബന്ധപ്പെട്ട പല അനാരോഗ്യ പ്രവണതകളേയും “ആക്ഷേപ ഹാസ്യത്തിന്റെ” മേമ്പൊടിയോടെ വെളിച്ചത്തു കൊണ്ടു വരിക എന്നേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ, അല്ലാതെ ഞങ്ങള്‍ വിമര്‍ശകരല്ല, വിമര്‍ശിക്കാന്‍ മാത്രം ജനിച്ചവരല്ല, വിമര്‍ശിക്കാനായി ബ്ലോഗു തുടങ്ങിയവരല്ല. പക്ഷേ, ജാഡകള്‍ വെളിച്ചം കാണുക തന്നെ ചെയ്യും!

( ആക്ഷേപഹാസ്യം.. ഹൌ.. എഡിറ്ററാണെന്നു പറഞ്ഞിട്ടെന്നാ കാര്യം, ആ ഒരു വാക്ക് ഓര്‍മ്മ വരാന്‍ ഗന്ധര്‍വന്റെ ഒരു കമന്റ് വായിക്കേണ്ടി വന്നു)

സസ്നേഹം. എഡിറ്റര്‍.

ബൂലോഗം സംഘര്‍ഷഭരിതം, ഗ്രൂപ്പുകള്‍ ശക്തം.
കഴിഞ്ഞ ഒരാഴ്ചയായി ബൂലോഗത്തെ ആഭ്യന്തര ക്രമസമാധാനനില അത്യന്തം വഷളായിരിക്കയാണെന്നു വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പരസ്പരം സ്നേഹിച്ചും, കമന്റുകളാല്‍ പുറം ചൊറിഞ്ഞും കൊടുത്ത് സമാധാന ജീവിതം നയിച്ച ബൂലോഗ കുടുംബത്തേക്കു മൂത്തപുത്രന്‍ ഒരു ഭദ്രകാളിയെ കെട്ടിക്കൊണ്ടു വന്ന പോലെയാണ് കാര്യങ്ങള്‍ കുഴഞ്ഞു കിടക്കുന്നത്. ബൂലോഗത്തിന്റെ വളര്‍ച്ചയുടേ ഒരു ഭാഗം തന്നെയാണ് ഈ അപചയങ്ങള്‍ എന്നു ബൂലോഗകാരണവന്മാര്‍ വിലയിരുത്തി. ബൂലോഗത്ത് ഗ്രൂപ്പിസം വളരുന്നതായും ഇതേതുടര്‍ന്നുള്ള ചര്‍ച്ചകളില്‍ നിന്നും വ്യക്തമായി. അമേരിക്കന്‍ ബുദ്ധിജീവി ഗ്രൂപ്പും, യൂയേയി ഗ്രൂപ്പുമാണ് ഇപ്പോള്‍ സജീവമായി രംഗത്തുള്ളത്. ഇതിനിടക്ക് “ഞങ്ങള്‍ കൊച്ചീക്കാര്‍” എന്ന പേരില്‍ കൊച്ചി മീറ്റ് ഉദ്ദേശിച്ച് ഒരു ബ്ലോഗു തുടങ്ങിയതും ഗ്രൂപ്പുകളിക്കാണോ എന്ന സംശയം പലരും പ്രകടിപ്പിച്ചു. അടുത്തു തന്നെ നടക്കാനിരിക്കുന്ന യൂയേയി മീറ്റ്, ഡല്‍ഹി മീറ്റ് എന്നിവയില്‍ ഗ്രൂപ്പുകളികളെക്കുറിച്ച് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരാവാഹികള്‍ അറിയിച്ചു.

ഇതിനിടയില്‍ ശ്രദ്ധേയമായ ഒരു ഏറ്റുമുട്ടലുണ്ടായത് ഉമേഷും കൈപ്പിള്ളിയും തമ്മിലാണ്. വിമര്‍ശനം മുഖമുദ്രയാക്കിയ ബുള്‍ഡോസര്‍, നെല്ലിക്ക എന്ന ബ്ലോഗില്‍ നടത്തിയ ദേശീയ പതാക പ്രശ്നത്തില്‍ “ കിടുവയാല്‍ പിടിക്കപ്പെട്ട കടുവ”യായി കയ്പുനീരു കുടിക്കയും, ശേഷം പ്രതികാരമെന്നോണം വിമര്‍ശിച്ചവരെ പരിഹസിക്കാനെന്നോണം “മിനിമലിസം” എന്നൊരു പോഡ്കാസ്റ്റ് ഇറക്കുകയും ചെയ്തു. തങ്ങളുടെ ഒരു ഗ്രൂപ്പ് മെമ്പറെ ആക്ഷേപിച്ച കൈപ്പിള്ളിക്കെതിരെ അമേരിക്കന്‍ ബുജി ഗ്രൂപ്പ് തിരിയുകയും സംഗതി വഷളായി “അല്‍‌പന്‍”, “പടക്കം പൊട്ടിക്കല്‍ ”, തുടങ്ങിയ അക്രമമാര്‍ഗങ്ങളിലേക്കു നീങ്ങുകയും ചെയ്തു. ആദിത്യന്‍, അരവിന്ദന്‍, ഇടിവാള്‍, പച്ചാളം, അന്മ്ഗാരി തുടങ്ങിയവര്‍ ഗോദയിലിറങ്ങിയെങ്കിലും, ബൂലോഗത്തെ ഈ രണ്ടു ഹെവി‌വെയ്റ്റുകളും പരസ്പരം ഒരു മാപ്പപേക്ഷാ പോസ്റ്റുകള്‍ നല്‍കി ബൂലോഗത്തെ ഒഫീഷ്യല്‍ “വൈറ്റ് ഫ്ലാഗ്” ആയ പച്ചാളക്കളസം വീശി സമാധാനത്തിന്റെ പാതയിലേക്കു വന്നു. പച്ചാള വെള്ളക്കളസത്തിന്റെ മഹാസാധ്യതകളെ ചൂണ്ടിക്കാണിച്ച ഒന്നായിരുന്നു ഈ സംഭവം. ഇതിനു മുന്‍പും ബൂലോഗത്തെ മറ്റു പല സംഘര്‍ഷങ്ങളും പച്ചാളക്കളസത്തിനു മുന്നില്‍ നിര്‍വീര്യമായിട്ടുണ്ടെന്ന് ബ്ലോഗഭിമാനി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് ബൂലോഗത്ത് ഗ്രൂപ്പുകളുടെ നിലനില്‍പ്പിനെക്കുറിച്ച് “എന്റെ ലോകം” എന്ന ബ്ലോഗില്‍ ചിലര്‍ അവകാശവാദമുന്നയിച്ചെങ്കിലും പലരും ഈ സംവാദത്തില്‍ കാര്യമായി പങ്കെടുക്കാന്‍ ശ്രമിച്ചില്ല എന്നതുതന്നെ ഗ്രൂപ്പുകള്‍ ഉണ്ട് എന്ന സത്യത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. തന്നെ അടിയന്തിര ഘട്ടത്തില്‍ സഹായിച്ച അമേരിക്കന്‍ ബുജി ഗ്രൂപ്പ് മെമ്പേഴ്സിനു രാജേഷ് വര്‍മ്മ പിന്നീട് ചായസല്‍ക്കാരം നടത്തി.

കമന്റുകള്‍ , പുറം ചൊറിയലുകളോ?
ബൂലോഗത്ത് വിവാദമായി മാറിക്കൊണ്ടിരിക്കുന്ന വിഷയമാണ് കമന്റുകള്‍,. കമന്റുകള്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരായിത്തീരുന്നോ ബൂലോഗര്‍ എന്ന സംശയം ബ്ലോഗാഭിമാനിക്കുണ്ട്. ശബ്ദകോലാഹലങ്ങളാല്‍ മുഖരിതമായിരുന്നു കഴിഞ്ഞയാഴ്ച ബൂലോഗം. കമന്റുകള്‍ പുറം ചൊറിഞ്ഞു കൊടുക്കലാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇതിനിടയില്‍ പെരിങ്ങോടന്‍ പോസ്റ്റു ചെയ്ത “വിമര്‍ശന സാധ്യതകള്‍” എന്ന പോസ്റ്റിലെ ചര്‍ച്ച പ്രധാനമന്ത്രിയുടെ പൈലറ്റു വാഹനം പോലെ വഴിതെറ്റി “ഗ്രൂപ്പുകളിയും, പുറം ചൊറിയലിനെയും” പറ്റിയുള്ള ബൃഹത്തായ ഒരു സംവാദമായി ബൂലോഗര്‍ ആഘോഷിച്ചു. ഇതു കണ്ട് അരിശം മൂത്ത പെരിങ്ങോടന്‍ ഒലക്കയെടുത്ത് സ്വന്തം തലക്കടിക്കാന്‍ ശ്രമിച്ചതായും സ്തിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കമന്റുകള്‍ എന്നത്, പുതിയ എഴുത്തുകാര്‍ക്ക് വീണ്ടും എഴുതാനുള്ള പ്രചോദനമാണെന്നത് വാസ്തവമാണ്. എങ്കിലും, കമന്റുകള്‍ മാത്രം ലാക്കാക്കിയുള്ള രചനകള്‍ അപലപനീയം തന്നെ. എങ്ങനെയെങ്കിലും, എന്റെ ബ്ലോഗില്‍ ഒരു 100 കമന്റു തികക്കൂ എന്നു പരസ്യമായി ക്ഷണപത്രിക അടിച്ചു വച്ച ചരിത്രമുള്ള ബ്ലോഗുകള്‍ക്ക്, ഓഫ് യൂണിയന്‍” ഒരു സഹായഹസ്തമാണ്. പ്രസിഡന്റും സെക്രട്ടറിയും കജാന്‍‌ഞിയുമൊക്കെയുള്ള ഈ യൂണിയന്‍ ദിവസക്കൂലിക്കാണ് ഓഫടിക്കാന്‍ ആള്‍‍ക്കാരെ ഇറക്കുന്നത്. പതിനഞ്ചിലധികം പുലികള്‍ ഈ യൂണിയനില്‍ ഷിഫ്റ്റു ബെയ്സിസില്‍, ഫുള്‍ടൈം ആയി ജോലിചെയ്യുന്നതായി ബ്ലോഗാഭിമാനിക്കു തെളിവു ലഭിച്ചു.

സ്വന്തം ബ്ലോഗില്‍ തന്നെ, മറ്റു പേരുകളിലും ‍ അനോണികളായും കമന്റുകള്‍ ചെയ്യുന്നവരുണ്ടെന്നു ബ്ലോഗാഭിമാനിക്ക് തെളിവുകളുണ്ട്. വ്യക്തിഹത്യയായി തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ അവ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല. ദുബായില്‍ നിന്നുള്ള ഒരു ബ്ലോഗിലാണ് ഇത്തരത്തില്‍ മറുപേരിലുള്ള കമന്റുകള്‍ ബ്ലോഗ് ഓണര്‍ തന്നെ വച്ചു കാച്ചുന്നത്. ഈ ബ്ലോഗില്‍ ഉപയോഗിക്കുന്ന മറുപേരുകള്‍ , ബൂലോഗത്തിലെ മറ്റൊരു ബ്ലോഗുകളിലും കമന്റു ചെയ്തു കണ്ടിട്ടില്ല എന്ന കാര്യവും ശ്രദ്ധാര്‍ഹമാണ്.

ഇതിനിടക്ക് സ്നേഹപൂര്‍വം എന്ന ബ്ലോഗര്‍ നടത്തിയ ഒരു പോസ്റ്റിങ്ങ് അത്യന്തം വസ്തുനിഷ്ഠവും നിര്‍ഭയവുമായിരുന്നു. ബ്ലോഗാഭിമാനി റിപ്പോര്‍ട്ടു ചെയ്യാനിരുന്ന പല കാര്യങ്ങളും അക്ഷരം പ്രതിയാണിദ്ദേഹത്തിന്റെ ബ്ലോഗില്‍ “മനസ്സു വായിച്ചെടുത്തപോലെ” വിവരിച്ചിരിക്കുന്നത്. കമന്റുകള്‍ ചെയ്യുന്നവര്‍ അത്യ് വ്യക്തിപരമായാണു ചെയ്യുന്നതെന്നു, മറിച്ച്, മുഖം നോക്കാതെ ലേഖനത്തിന്റെ ഉള്ളടക്കത്തിനാണ് കമന്റുകള്‍ ചെയ്യേണ്ടതെന്നുമാണ് ഈ പോസ്റ്റില്‍ ഇദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തി വിവരിച്ചിരിക്കുന്നത്.

കമന്റുകള്‍ക്കു മാത്രമായാണു പലരും പോസ്റ്റുകളിറക്കുന്നതെന്നും “ആത്മസംതൃപ്തി” എന്നൊരു ഘടകം ബ്ലോഗിങ്ങില്‍ നിന്നും വിട പറഞ്ഞിരിക്കയാണെന്നുമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അവന്റെ ബ്ലോഗില്‍ ഞാന്‍ കമന്റിട്ടില്ലെങ്കില്‍, എന്റെ പോസ്റ്റില്‍ അവന്‍ കമന്റു ചെയ്യില്ല, എന്റെ ഉറ്റ സുഹൃത്തായ അവന്റെ പോസ്റ്റ് മഹാ ബോറാണ്, പക്ഷേ അത് തുറന്നെഴുതുന്നതെങ്ങനെ.. കലക്കി എന്നെഴുതാം, എന്റെ ഈ പോസ്റ്റിനു കമന്റു കുറഞ്ഞല്ലോ, എന്നി ടെന്‍ഷനുകള്‍മൂലം മിക്ക മലയാളം ബ്ലോഗേഴ്സിനും, പ്രഷറിന്റെ അസുഖം, ഹൃദ്രോഗം എന്നീവ വരാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.അല്പന്‍ മത്തായി അഭിപ്രായപ്പെട്ടു.

മലയാളം ബ്ലോഗുകളിലെ കമന്റുകളില്‍ നിന്നും “കലക്കന്‍, ഉഗ്രന്‍, പുലി, ഗുരു, സംഭവം, വീരപാണ്ഢി, കട്ടബൊമ്മന്‍,“ തുടങ്ങിയ പുകഴ്ത്തല്‍ വാക്കുകളൊക്കെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും, ഇതിനു പകരമായി, “കഴുവേര്‍‌ട മോനേ, ഇമ്മാതിരിയുള്ള പോസ്റ്റെഴുതിയാല്‍ അടിച്ച് അട്ടത്തു കേറ്റും, എഴുത്തു നിര്‍ത്തടാ മണ്ണുണ്ണീ, നിനക്കൊന്നും വേറെ പണിയില്ലെടാ മന്ദബുദ്ധീ, മലയാളത്തെ നിന്ദിക്കല്ലടാ പേട്ടവാസൂ ” എന്നീ വിമര്‍ശനാത്മകവും ക്രിയേറ്റീവും ആയ കമന്റുകളാണ് ബൂലോഗത്തിന്റെ വളര്‍ച്ചക്കും ഔന്നത്യത്തിനും അത്യാവശ്യം എന്നും പ്രശസ്ത ബ്ലോഗര്‍മാര്‍ വിലയിരുത്തി.

ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകള്‍:
ബസ്റ്റാന്‍ഡില്‍ മൂത്രപ്പുര മാറിക്കയറിയതും, ലണ്ടന്‍ വിശേഷങ്ങളും, യൂറോപ്യന്‍ പര്യടനങ്ങളും, പത്താം ക്ലാസ്സില്‍ പ്രേമിച്ചതുമെല്ലാം എഴുതി ബൂലോഗരെ ചിരിപ്പിക്കുന്ന ഹാസ്യന്മാരില്‍ നിന്നും വ്യത്യസ്തമായ രണ്ടു പേര്‍ ബൂലോഗത്ത്. രചനയിലെ ലാളിത്യം കൊണ്ടു ബൂലോഗത്തിലെ “ബഷീര്‍” എന്നു സിബു വിളിച്ച വികടന്‍, ആധുനിക ലോകത്തെ വീ.കേ.എന്‍ എന്നു സംശയം ജനിപ്പിക്കുന്ന മാഗ്നിഫയര്‍ എന്നിവരാണിവര്‍.

വികടന്‍: ബ്ലോഗില്‍ കുറച്ചു കാലമായി വന്നിട്ടെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള ബ്ലോഗിങ്ങിനു സമയം അനുവദിക്കാത്തതിനാലാണു വികടന്‍ ബൂലോഗത്ത് സജീവമാകാത്തത്. മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റ് ചെയ്യാറില്ല എന്നതിനാലാണ് ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് അധികം വായനക്കാരില്ലാത്തത് എന്നാണ് ബ്ലോഗഭിമാനിയുടെ വിലയിരുത്തല്‍.

മാഗ്നിഫയര്‍ : ബ്ലോഗില്‍ താരതമ്യേന പുതുമുഖമായ, ഖത്തറില്‍ നിന്നുള്ള മാഗ്നിഫയര്‍ വെടിവട്ടം എന്ന ബ്ലോഗില്‍ പോസ്റ്റിയ രണ്ടു “അള്‍‌ട്രാ ഡീലക്സ്” ഹാസ്യ കൃതികള്‍ അധികമാരും ശ്രദ്ധിച്ചില്ല എന്നതും ദൌര്‍ഭാഗ്യകരം തന്നെ. ബൂലോഗത്തെ ഗ്രൂപ്പിസമാണോ ഇതിനു പിന്നില്‍ എന്നൊരു സംശയവും ബ്ലോഗഭിമാനിക്കുണ്ട്.

മറിയം: ബ്ലോഗിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാണു മറിയം. ബൂലോഗത്ത് ഇന്നേവരേക്കും ഇറങ്ങിയ ഏറ്റവും മികച്ച കൃതികളില്‍ ചിലത് ഇദ്ദേഹത്തിന്റെയാണെന്നു നിസ്സംശയം പറയാം.ദുബായില്‍ നിന്നുമുള്ള ഇദ്ദേഹം സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ ബ്ലോഗുകളിലെ പരിമിതമായ കമന്റുകളും കേരളത്തിലെ ഓട്ടോറിക്ഷകളിലെപ്പോലെ ഓടാത്ത ഒരു ഹിറ്റ് മീറ്ററ സൂചിപിക്കുന്നത് ബൂലോഗത്തില്‍ സീരിയസ് റീഡേഴ്സ് കുറവാണെന്നാണ് ‍. ആദ്യമെല്ലാം, “മറിയം” എന്ന പേരു കേട്ട് തെറ്റിദ്ധരിച്ച് കുറെ സഹൃദയര്‍ ഇദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ കമന്റടിച്ചിരുന്നെങ്കിലും, താനൊരു ആണ്‍സിംഹമാണെന്നു ഏതോ ഒരു അഭിശപ്ത നിമിഷത്തില്‍ പ്രസ്താവിച്ച ശേഷമാണ് ഇദ്ദേഹത്തിന്റെ ബ്ലോഗ് “പക്ഷിപ്പനി” വന്ന ശേഷമുള്ള ബ്രോയിലര്‍ കോഴിക്കട പോലെയായത് എന്നാണ് ബ്ലോഗാഭിമാനിയുടെ വിലയിരുത്തല്‍. ബ്ലോഗില്‍ ഇദ്ദേഹം കളഞ്ഞുകിട്ടിയ ഒരു കറുത്ത തോക്കും കൊണ്ടാണ് ഇരിപ്പ് എന്നതും സന്ദര്‍ശകരുടെ എണ്ണത്തിലും കമന്റിലും കാര്യമായ കുറവു വരാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കമന്റുകള്‍ അയല്പക്കത്തെ കല്യാണത്തിനു കൊടുക്കുന്ന സംഭാവനയിട്ടേ താന്‍ കാണുന്നുള്ളൂ എന്ന് മറിയം ഇതേക്കുറിച്ചുള്ള ഒരു ചോദ്യത്തിനുത്തരമായി പ്രതികരിച്ചു. കമന്റുകള്‍ കിട്ടാന്‍ എന്തും ചെയ്യുന്ന ബൂലോഗത്ത് മറിയം ഒരു വേറിട്ട വ്യക്തിത്വം തന്നെ. ഇദ്ദേഹം കഴിഞ്ഞയാഴ്ച ബ്ലോഗിങ്ങിനോടു വിട പറഞ്ഞു പുകയിലേക്കു പോയെങ്കിലും, ബ്ലോഗിങ്ങ് ഒരു അഡിക്ഷനായി ഇതിലേക്കു തന്നെ തിരിച്ചു വരും എന്നാണു “മറിയാരാധകര്‍’ വിശ്വസിക്കുന്നത്.

മികച്ച രചനകളുമായി ബൂലോഗരെ രസിപ്പിക്കാന്‍ ഇവര്‍ക്കു സാധിക്കട്ടെയെന്നു ബ്ലോഗാഭിമാനിടെ ആശംസകള്‍

“ശ്രദ്ധിക്കപ്പെടേണ്ടവ” എന്നു ബ്ലോഗഭിമാനിക്കു തോന്നിയ മറ്റു ബ്ലോഗുകളുടെ അഡ്രസ് താഴെകാണാം. ഇതൊരു റഗുലര്‍ ഫീച്ചര്‍ ആയിരിക്കുമെന്നറിയിക്കുന്നതോടൊപ്പം, വായനക്കാര്‍ക്കു നല്ലതെന്നു തോന്നുന്ന ബ്ലോഗുകളെപറ്റി ഞങ്ങളെ അറിയിക്കാം. കമന്റുകളില്‍ ചേര്‍ത്താല്‍ മതി. ഓരോ ലക്കവും രണ്ടോ മൂന്നോ ബ്ലോഗുകളെപ്പറ്റി പരാമര്‍ശിക്കുന്നതാണ്.

1. http://charukesi-charukesi.blogspot.com/
2. http://www.lapuda.blogspot.com/
3. http://manalezhutthu.blogspot.com/
4. http://kuttamenon.blogspot.com/
5. http://thanima-thanima.blogspot.com/

Monday, October 30, 2006

ബ്ലോഗാഭിമാനി - ലക്കം 3 ( കേരളപ്പിറവി വിശേഷാല്‍പതിപ്പ് )

എഡിറ്റോറിയല്‍ : മലയാളിയുടെ സമാന ചിന്താഗതിയും അനുകരണവും

ബ്ലോഗാഭിമാനിയില്‍ പ്രതിപാദിക്കപ്പെടുന്ന മാന്യ ബ്ലോഗ് സുഹൃത്തുക്കളെ എഡിറ്റര്‍ കാര്യം ഓര്‍മ്മപ്പെടുത്താനാഗ്രഹിക്കുന്നു. ഉയരമുള്ള തെങ്ങിലെ കാറ്റു പിടിക്കൂ. നിങ്ങള്‍ ബൂലോഗത്തില്‍ പ്രശസ്തരാണ്, ഇവിടത്തെ ഹെവി വെയിറ്റുകളാണ്. അതിനാലാണ് നിങ്ങള്‍ ബ്ലോഗാഭിമാനിയില്‍ വിഷയങ്ങള്‍ ആകുന്നത്. നിങ്ങള്‍ വിമര്‍ശനങ്ങളെ/ അഭിപ്രായങ്ങളെ/ നിര്‍ദ്ദോഷകരമായ തമാശകളെ ശരിയായ രീതിയില്‍ എടുക്കുന്നവരാണ് എന്ന വിശ്വാസത്തിലാണ് ഈ സാഹസം. കൂടപ്പിറപ്പുകളോടെടുക്കുന്ന ഈ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലും അസഹനീയമായി തോന്നിയാല്‍‍ ഒന്നറിയിക്കുക.(അനോണിയായ് അല്ല). ആ നിമിഷം പ്രസ്തുത വാര്‍ത്ത ചവറ്റുകുട്ടയില്‍ വീഴും, ബ്ലോഗാഭിമാനി മാപ്പ് പറയും, സത്യം

മലയാളഭാഷയുടെ വളര്‍ച്ചയില്‍ ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ‍, മലയാളത്തെ വളര്‍ത്തുകയും സ്നേഹിക്കുകയും (ചിലപ്പോള്‍ വധിക്കുകയും) ചെയ്യുന്ന എല്ലാ മലയാളി ബ്ലോഗര്‍മാര്‍ക്കും ബ്ലോഗാഭിമാനിയുടെ കേരളപ്പിറവി ആശംസകള്‍ !


സാഹിത്യ ഭാഷയില്‍ "ഇന്‍സ്പിരേഷന്‍" എന്നും വെറും സാധാരണക്കാരന്റെ ഭാഷയില്‍ മോഷണം എന്നും വിളിക്കാവുന്ന അനുകരണം എന്ന കല മലയാള ബൂലോഗത്ത്‌ തരംഗം സൃഷ്ടിക്കുന്നതായി ബ്ലോഗാഭിമാനി മനസ്സിലാക്കുന്നു.

ഒരേ പോലെ ചിന്തിക്കുക എന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ഒരാള്‍ പണ്ടെങ്ങോ ചിന്തിച്ചതും പ്രസിദ്ധീകരിച്ചതും, തന്റെ പുതിയ ചിന്തകള്‍ എന്നവകാശപ്പെടുന്നത്, അനുകരണമാണ്. ആശയ ദാരിദ്ര്യം എന്ന മഹാസാഗരത്തെ തരണം ചെയ്യുവാനായുള്ള പുതിയ മാര്‍ഗമായ “ഫോട്ടോ ബ്ലോഗിങ്ങ്” നു ശേഷം, ഒരു പടി കടന്നു ചിന്തിക്കുന്നവരാണ് അനുകരണ കലയുമായി രംഗത്തു വന്നിരിക്കുന്നത്.


പ്രശസ്തമായ ഇംഗ്ലീഷ്‌ ബ്ലോഗുകളില്‍ നിന്നും ആശയങ്ങള്‍ "ഔട്ട്‌സോഴ്‌സ്‌" ചെയ്യുക എന്നതാനു പുതിയ ഫാഷന്‍. വെറും ആശയങ്ങള്‍ മുതല്‍, ഇംഗ്ലീഷ്‌ കൃതികളുടെ "വേഡ്‌ ബൈ വേഡ്‌ ട്രാന്‍സ്ലേഷന്‍ വരെ ചെയ്ത്‌, സ്വന്തം കൃതികളായി അവകാശപ്പെടുന്നത് തികച്ചും അപഹാസ്യമായ നടപടിയാണെന്നേ ബ്ലോഗാഭിമാനിക്കു പറയാനുള്ളൂ.

ഈയ്യടുത്ത കാലത്ത് ഒരു മലയാളം ബ്ലോഗില്‍ ഇങ്ങനെയൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുകപ്പെടുകയുണ്ടായി. ഈ പോസ്റ്റ്‌ മലയാള ബൂലോഗത്ത്‌ ഒരു തരംഗം തന്നെ സൃഷ്ടിക്കുകയും, സാധാരണ ബ്ലോഗര്‍മാര്‍ മുതല്‍ “കുറേകാലമായി ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയായിരുന്ന” അഭിനവ ബുദ്ധിജീവികള്‍ വരെ പ്രതികരണങ്ങളുടെ ഒരു പെരുമഴതന്നെ വര്‍ഷിക്കുകയും ചെയ്തശേഷമാണ്‌‍, ചില വായനക്കാര്‍ ഇതേ കൃതിയുടെ മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരാള്‍ പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് വേര്‍ഷനെപ്പറ്റി സൂചിപ്പിച്ചത്. കയ്യോടെ പിടികൂടിയിട്ടും, “അത്ഭുതപരമായ സമാന ചിന്താഗതി” മൂലമാണ് ഇങ്ങനെയൊരു മലയാളം പരിഭാഷ താന്‍ പ്രസിദ്ധീകരിച്ചതെന്നാണ് പ്രസ്തുത മലയാളി ബ്ലോഗറുടെ അവകാശവാദം. വായനക്കാരെ എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ സാധ്യമല്ലെന്നു ഇങ്ങനെയുള്ളവര്‍ മനസ്സിലാക്കണം. ഇത്തരം നീക്കങ്ങള്‍ക്ക് തടയിടേണ്ടതു മലയാള ബൂലോഗത്തിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷികമാണ്.

ഗൂഗിള്‍ റ്റാക്ക് സ്റ്റാറ്റസ് സന്ദേശങ്ങള്‍ - ബൂലോഗത്തെ പുതിയ പൊങ്ങച്ചസഞ്ചികളോ?
ബൂലോഗത്തില്‍ എഴുതുന്നവര്‍ തമ്മില്‍ ബ്ലോഗുകള്‍ക്ക് പുറത്തും സൌഹൃദം ഉണ്ടെന്നുള്ളത് പരമാര്‍ത്ഥമാണ്. ഗൂഗിള്‍ ഇറക്കിയ റ്റാക്ക് എന്ന മെസ്സഞ്ചര്‍ സെര്‍വീസ് ഉപയോഗിച്ച് ചാറ്റ് ചെയ്താണ് ഇവര്‍ പലപ്പോഴും സംവദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ മെസ്സഞ്ചറിലെ സ്വന്തം സ്റ്റാറ്റസ് ബാറില്‍ ബൂലോഗനിവാസികള്‍ കൊടുക്കുന്ന സ്റ്റാറ്റസ് അറിയിപ്പുകള്‍ അമ്പരപ്പുളവാക്കുന്നതാണ്.

ചാറ്റിന് താന്‍ അവൈലബിള്‍ ആണോ, ബിസി ആണോ, ഭക്ഷണം കഴിക്കാന്‍ പോയതാണോ, ഇന്ന് സന്തോഷമാണോ, സങ്കടമാണോ , ജോലിത്തിരക്കാണോ, കുക്കിംഗില്‍ ആണോ എന്നൊക്കെയാണ് സാധാരണ സ്റ്റാറ്റസ് മെസ്സേജുകള്‍ കൊണ്ട് മറ്റുള്ളവരെ അറിയിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍.

“ബൂലോഗത്തിലെ പല സുഹൃത്തുകളോടും ഈ റിപ്പോര്‍ട്ടര്‍ സംസാരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് ‍ ഈയിടെയായി കടിച്ചാല്‍ പൊട്ടാത്ത അവലോസുണ്ടപോലെയുള്ള സന്ദേശങ്ങളാണ് പലരുടേയും സ്റ്റാറ്റസില്‍ തെളിയുന്നത് എന്നാണ്.“

"പരിണാമങ്ങള്‍ രൂപാന്തരീകരണങ്ങളുടെ അവസ്ഥാന്തരങ്ങളാണ്"
"അനുകാലികങ്ങള്‍ അപേക്ഷികത്തിന്റെ മൂര്‍ദ്ധാവിലെ ഗദ്ഗദങ്ങളാണോ"
"ഭാര്‍ഗവചരിതം ക്രോഡിത ഫലിതം കുക്കുടാവിധി പൊന്നപ്പന്‍"
"ഹസാരോം ഖ്വായിഷ് മേം സിന്ദഗി മാര്‍ കിയാ ജായേ ജാനേമന്‍"
"താത്രിക്കുട്ടിയും ഉണ്ണിമേരിയും.."


പിന്നെ ഇതും പോരാഞ്ഞ് തമിഴില്‍ കടവുളേ കാപ്പാത്തുങ്കോ മോഡല്‍ എന്തോ എഴുതിയിരിക്കുന്നതും പലരുടേയും സ്റ്റാറ്റസില്‍ കാണുവാറായി.

വായിക്കുന്നവന്റെ മസ്തിഷ്കത്തിന്റെ ഫ്യൂസടിച്ചുപോകുന്ന ഇത്തരം സ്റ്റാറ്റസ് മെസ്സേജുകള്‍ കൊണ്ട് എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത് എന്ന് ബ്ലോഗാഭിമാനിക്ക് മനസ്സിലാകുന്നില്ല. മറ്റുള്ളവര്‍ ഇവര്‍ എന്തു ചെയ്യുകയാണ് എന്നാണ് ധരിക്കേണ്ടത്?

കേവലം തന്റെ അവസ്ഥ (busy, available) മറ്റു സുഹൃത്തുക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാനുള്ള സ്റ്റാറ്റസ് സന്ദേശങ്ങള്‍, തന്റെ 'നിലയും വിലയും അറിവും' മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കുവാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നതില്‍ ഒരു സാംഗത്യപിശക് ബ്ലോഗാഭിമാനി കാണുന്നു.

മലയാളിയുടെ കൂടപ്പിറപ്പായ " ദഹിക്കാത്ത വര്‍ത്തമാ‍നം പറയുന്നവന്‍ കേമന്‍" എന്ന അബദ്ധ ചിന്താഗതിയാണോ ഈ പ്രവണതക്ക് പിന്നില്‍? സാധാരണ ഇത്തരം പുറമ്പൂച്ചുകളെ കമന്റടിച്ചോ പോഡ്‌കാസ്റ്റ് നടത്തിയോ വെടിപ്പാക്കി കൊടുക്കുന്ന കൈപ്പള്ളിയെപ്പോലെയുള്ള ബൂലോഗ നിവാസികള്‍ ഇതിനെതിരെ കണ്ണടച്ചിരിക്കുകയാണ്.

“അല്പനു ഗൂഗിള്‍ ടോക്ക് കിട്ട്യാല്‍ സ്റ്റാറ്റസിലും അര്‍ത്ഥം മനസ്സിലാകാത്ത ഡയലോഗടിക്കും“ എന്നൊരു പുതുചൊല്ല് ബൂലോഗത്തില്‍ പ്രചരിക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഒരു ശരാശരി മലയാളിയുടെ, വളരെ തത്ത്വചിന്താപരമായ ഒരു സീധാ സാധാ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. "ആരെ കാണിക്കാന്‍? ആരെ തോല്‍‌പ്പിക്കാന്‍?"

നോട്ട് : ഈ പറഞ്ഞിരിക്കുന്നത് ബ്ലോഗാഭിമാനിയുടെ ചിന്താഗതി മാത്രമാണ്. ആത്യന്തികമായി സ്റ്റാറ്റസില്‍ എന്തെഴുതണം എന്നുള്ളത് ഒരോരുത്തരുടേയും അഭിരുചിയാണ്/അവകാശമാണ്. ബ്ലോഗാഭിമാനി അത് മാനിക്കുന്നു.


വരകള്‍ - ബൂലോഗത്തിലെ പുതുമ
തമാശബ്ലോഗുകളും ഫോട്ടോബ്ലോഗുകളും, ചര്‍ച്ചാബ്ലോഗുകളും മറ്റും പെരുകി വായനക്കാരുടെ മനം മടുപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുമ്പോള്‍ വരകള്‍ എന്ന വ്യത്യസ്ത ബ്ലോഗ് ബൂലോഗരുടെ മനം കവരുന്നു.

സാക്ഷി, കുമാര്‍ എന്നീ അനുഗ്രഹീതകലാകാരന്മാര്‍ തങ്ങളുടെ ഭാവനക്കനുസരിച്ച് അഡോബി ഇല്ലസ്റ്റ്രേറ്റര്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വരക്കുന്ന ചിത്രങ്ങളാണ് ഈ ബ്ലോഗിന്റെ ഇതിവൃത്തം.

ഒഴിവ് സമയങ്ങളില്‍ തങ്ങള്‍ കോറി വരച്ചിടുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം എന്ന നിലയില്‍ തുടങ്ങിയ ഈ ബ്ലോഗ് ബൂലോഗരുടെ വമ്പിച്ച പ്രോത്സാഹനം മൂലം ദിനം പ്രതി മെച്ചപ്പെട്ടു വരികയാണ്. കുമാറിന്റേയും സാക്ഷിയുടേയും ചിത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് എന്നുള്ളത് ബൂലോഗത്തിലെ ചിത്രകലാസ്വാദകര്‍ക്ക് അനുഗ്രഹമാകുന്നു.

ബ്ലോഗ് സിംഹം വിശാലമനസ്കന്റെ ജീവന്‍ തുളുമ്പുന്ന പോര്‍ട്രേയ്റ്റ് സൃഷ്ടിച്ച് കുമാറാണ് ബൂലോഗത്തില്‍ ആദ്യം തരംഗം സൃഷ്ടിച്ചത്. ആ ചിത്രം കണ്ട ശേഷം വിശാ‍ലനെ നാഷണല്‍ ഹൈവേയുടെ ഇരുവശവുമുള്ള പരസ്യബോര്‍ഡുകളില്‍ മോഡല്‍ ആയി പ്രദര്‍ശിപ്പിക്കുവാന്‍ ‍ കിറ്റെക്സ് ലുങ്കി, ഓര്‍മ മാര്‍ബിള്‍സ്, കുമാരീകല്പം, ജീവന്‍ ടോണ്‍ എന്നീ കമ്പനികള്‍ ആലോചിക്കുന്നതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ബ്ലോഗിന്റെ മുത്ത് വിശാലന്‍ ഈയിടെ തിരക്കിട്ട് നാട്ടില്‍ പോയത് തന്റെ മോഡലിംഗ് കോണ്ട്രാക്റ്റ് ഉറപ്പിക്കാനാണ് എന്നും ഗള്‍ഫില്‍ സംസാരമുണ്ട്.

മെഴുകുതിരിവെളിച്ചത്തില്‍ ബാറ്റണ്‍ബോസിന്റെ കുറ്റാന്വേഷണനോവല്‍ വായിക്കുന്ന കന്യാസ്ത്രീയുടെ ചിത്രവുമായാണ് സാക്ഷി, കുമാറിന്റെ ചിത്രത്തിന് മറുപടി പറഞ്ഞത്. ആസ്വാദകര്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരനുഭവമായി ജീവന്‍ തുടിക്കുന്ന,ആ ചിത്രം.
ഇവര്‍ തമ്മിലുള്ള ആരോഗ്യകരമായ ചിത്രരചനാ 'മത്സരം' ഏതായാലും ഗുണകരമാവുന്നത് ബൂലോഗത്തിലെ ചിത്രകലാസ്വാദകന്മാര്‍ക്കാണ്.

എന്നാല്‍ അമേരിക്കന്‍ കുത്തകയായ അഡോബിയുടെ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നടത്തുന്ന ഈ ചിത്രരചന അപലപനീയമാണെന്ന് കേരളാ ഫാര്‍മര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. സ്വദേശിയായ കരിക്കട്ട, ചെങ്കല്ല്, ഇലച്ചാറ് കുമ്മായം തുടങ്ങിയ ചിത്രരചനാ സഹായികളുടെ മാര്‍ക്കറ്റ് ഇടിക്കുവാന്‍ അഡോബിയുടെ കൈകൂലി പറ്റിയിട്ടാണോ ഇവര്‍ ഇങ്ങനെ അമേരിക്കന്‍ കുത്തക കമ്പനികളുടെ ഉത്പന്നങ്ങള്‍ ചിത്രം വരയ്കുവാനായി ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി ആവശ്യപ്പെടുകയുണ്ടായി. ഈ പ്രശ്നം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതുവാന്‍ തയ്യാറെടുക്കുകയാണെന്നും ഏഷ്യാനെറ്റില്‍ ഒരു ഡോക്യുമെനറ്റ്രി ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും , അത്‍ കണ്ട് എല്ലാവരും കൈയ്യടിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.



സ്ത്രീകളുടെ സൌന്ദര്യത്തിന്റെ നവ മാപിനികള്‍- മലയാളി ഗവേഷകന് ബഹുമതി
മലയാളിസ്ത്രീസൌന്ദര്യത്തിന്റെ അളവുകോലുകളെ പുനനിര്‍ണ്ണയിച്ച് മലയാളി സൌന്ദര്യഗവേഷകന്‍ ആഗോളപ്രശസ്തി നേടുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ബൂലോഗത്തിലെ പാര്‍ട്ട് ടൈം ലക്ചററായ ഒരു ഗവേഷകനാണ് അടുത്തകാലത്ത് പല കോലാഹലങ്ങള്‍ക്കും വഴിമരുന്നിട്ട, അന്താരാഷ്ടശ്രദ്ധ ആകര്‍ഷിച്ച ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.

മലയാളിസ്ത്രീകളുടെ സൌന്ദര്യം അവരുടെ നിതംബം, മാറിടം എന്നിവയുടെ വലിപ്പത്തിനോട് ആനുപാതികമായിരിക്കും എന്നാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ തപസ്യക്ക് ശേഷം ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ കണക്കുകൂട്ടല്‍ വച്ച്, ഷക്കീല,മറിയ, ബിന്ദുപണിക്കര്‍ എന്നിങ്ങനെ മലയാള സൌന്ദര്യറാണികളുടെ ഒരു ലിസ്റ്റും ഗവേഷണ സ്ഥാപനം പുറത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിനെതിരെ‍ അമേരിക്ക, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലെ വനിതാ അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് മലയാള സിനിമാരംഗത്ത് ഈ ഒരു അളവുകോല്‍‍ വച്ച് മീരാ ജാസ്മിനാണ് ഭാവിയിലെ സൌന്ദര്യ പ്രതീക്ഷയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ട് കേരളത്തില്‍ വ്യാപകമാവുന്നതോടെ ഇന്ത്യന്‍ ഭാരദ്വാഹകടീമിലെ കുഞ്ജാറാണീദേവി, കര്‍ണ്ണം മല്ലേശ്വരി എന്നിവര്‍ മലയാളം സിനിമയില്‍ ചാന്‍സ് നേടിയേക്കുമെന്ന് അഭ്യൂഹമുണ്ട്.

ഇതിനിടെ അമേരിക്കയിലെ വനിതാ സംഘടനയായ റ്റി.എ.എ (തടീച്ചീസ് അസോസിയേഷന്‍ ഓഫ് അമേരിക്ക) ഈ കണ്ടെത്തലിന് 101 ഡോളര്‍ ക്യാഷ് അവാര്‍ഡ് പ്രഘ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ഹോളിവുഡിലും ഇതാകണം സ്ത്രീ സൌന്ദര്യത്തിന്റെ അളവുകോലുകള്‍ എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി താട്-ചീ-പാറു കാലിഫോര്‍ണിയായില്‍ പ്രസ്താവിച്ചു.

ഈ കണ്ടെത്തലിന് നോബല്‍ സമ്മാനം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഗവേഷണവൃന്ദങ്ങള്‍.


ബുദ്ധിജീവികള്‍ പെരുകുന്നു
ബൂലോഗത്ത് ബുദ്ധിജീവികളുടെ വളര്‍ച്ചാനിരക്ക് ഈവര്‍ഷം കാര്യമായ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രഡീഷണല്‍ കാവിക്കളറിനും പുറമേ, നീലക്കളറീലും, പച്ചക്കളറിലും ഉള്ള അവാര്‍ഡു പടം പോലെയുള്ള പല ബുദ്ധിജീവികളും ബൂലോഗത്തില്‍ സജീവമാണെന്നും, കഴിഞ്ഞ വര്‍ഷത്ത അപേക്ഷിച്ച് ഇവരുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക് 12.08% കൂടുതലാണെന്നും ബി.ബി.ഏ ( ബൂലോഗ ബുദ്ധിജീവി അസ്സോസിയേഷന്‍) നടത്തിയ സെന്‍സസില്‍ നിന്നും വ്യക്തമാവുന്നു.

പോസ്റ്റുകളില്‍ അനതിസാധാരണമായ കമന്റുകള്‍ നടത്തിയും, ചില ഘട്ടങ്ങളില്‍, കമന്റുകള്‍ക്കുള്ള മറുപടി സ്വന്തം ബ്ലോഗുകളില്‍, ഉത്തരാധുനിക കഥാപോസ്റ്റുകളായും നടത്തിയാണ് ഇത്തരം വ്യക്തിത്വങ്ങള്‍ ബൂലോഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നത്. മഹാഭാരതവും, ഗീതയുമെല്ലാം കലക്കിക്കുടിച്ച് തോള്‍ സഞ്ചിയിലിട്ടു നടക്കുന്ന തന്നോട് “മുട്ടാനുണ്ടോ” എന്നു വരെ ചില ബ്ലോഗുകളില്‍ ഇവര്‍ ഭീഷണി മുഴക്കുന്നതായും, തനിക്കിഷ്ടപ്പെടാത്തെ പോസ്റ്റുകള്‍ പിന്‍‌വലിക്കണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്യുന്നതായി ബൂലോഗത്ത് സംസാരമുണ്ട്.

ഇവരുടെ ജാഢകള്‍ കാണുന്ന സാധാരണ വായനക്കാര്‍, “ഓന്‍ വല്യ പുലിയാ” എന്നുള്ള ചിന്ത, സഹതാപം, “ചാണകം ചാരിയാല്‍ നാറുമല്ലോ” എന്നീ ചിന്താഗതകള്‍ മൂലവും, പ്രതികരിക്കാതിരിക്കുന്നത് ഈ ബുജികളുടെ തേര്‍വാഴ്ച വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ.


നേര്‍ക്കാഴ്ചകള്‍ തൊട്ട് അദ്വൈതം വഴി വനിതാലോകത്തിലേക്ക്... ഒരു തിരിഞ്ഞുനോട്ടം‍.
മലയാളികള്‍ സ്വതേ അധികമില്ലാത്ത ഇസ്രായേലില്‍ നിന്നാണ് ഡാലി എന്ന വനിതാബ്ലോഗര്‍ ബ്ലോഗെഴുതുന്നത്.

വളരെ വ്യത്യസ്തമായും കാര്യമാത്രപ്രസക്തവുമായി ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചെഴുതി ഈ ബ്ലോഗിണി ബൂലോഗത്തില്‍ പെട്ടെന്ന് ശ്രദ്ധ നേടുകയുണ്ടായി. അതിനു ശേഷം ബ്ലോഗുകളില്‍ നല്ല കമന്റുകളിട്ടും, മറ്റുള്ളവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കിയും ഡാലി ബൂലോഗത്തിന്റെ അവിഭാജ്യഘടകമാവുകയായിരുന്നു.

എന്നാല്‍ അല്പം മുന്‍പേ നടന്ന ഇസ്രായേല്‍ ലബനന്‍ സംഘര്‍ഷം കാരണം , ഡാലിക്ക് ബൂലോഗത്തില്‍ നിന്നും അല്പകാലം വിട്ടു നില്‍ക്കേണ്ടി വന്നു. പക്ഷേ ചീറി വരുന്ന ഹിസ്‌ബൊള്ള മിസൈലുകള്‍ക്കിടയിലിരുന്നും ബൂലോഗ നിവാസികളോട് തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് സന്ദേശമയച്ച് ഡാലി തന്റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും വ്യക്തമാക്കി. എന്നാല്‍ യുദ്ധത്തിനു ശേഷം അദ്വൈതം എന്ന വിഷയത്തെക്കുറിച്ച് ദീര്‍ഘവും, കഠിനവും, ബുള്‍ഡോസര്‍ കയറ്റിയാല്പോലും പൊട്ടാത്തതുമായ ഒരു പോസ്റ്റുമായാണ് ഡാലി തിരികെ വന്നത്.

ബൂലോഗര്‍ക്കെല്ലാം ആസ്വാദ്യകരമായ പോസ്റ്റെഴുതിയിരുന്ന ഡാലിയില്‍ ഒരു മല്ലു ബുജി ഒളിച്ചിരിപ്പുണ്ടെന്ന സത്യം ബൂലോഗരില്‍ അമ്പരപ്പുളവാക്കി.

ബൂലോഗരില്‍ നല്ലൊരു വിഭാഗവും ഡാലിയുടെ പൊടുന്നനെയുള്ള ഈ മാറ്റത്തില്‍ ആശങ്കാകുലരായിരുന്നു. ഹിസ്ബൊള്ളാ മിസൈല്‍ ആക്രമണത്തില്‍ ലക്ഷ്യംതെറ്റി പതിച്ച ഒരു മിസൈലിന്റെ പരിണിതഫലമാണോ ഈ ഭാവമാറ്റം എന്ന് പോലും അവര്‍ അമ്പരന്നു.
എന്നാല്‍ ബൂലോഗത്തിലെ ന്യൂനപക്ഷമായ ബുദ്ധിജീവികള്‍ ഡാലി കൊണ്ടു വന്ന അദ്വൈതം എന്ന വിഷയത്തിനു മീതെ ചാടിവീണ് അത് ഒരു ഹിമാലയന്‍ സംവാദമാക്കിത്തീര്‍ക്കുകയാണുണ്ടായത്.

അദ്വൈതവും ക്വാണ്ടം ഫിസിക്സും പാര്‍‌ട്ടിക്കിള്‍ തിയറിയും (പിന്നെ രോമവും) എന്ന ഈ ചര്‍ച്ചയില്‍, ചക്ക എന്ന് ഒരാള്‍ പറയുമ്പോള്‍ 'ഓ മാങ്ങ' എന്ന് വേറൊരാള്‍ അത് മനസ്സിലാക്കുകയും അപ്പോള്‍ മൂന്നാമതൊരാള്‍, 'കറക്റ്റ്, തേങ്ങ' എന്ന് അത് ശരിവയ്ക്കുകയും ചെയ്ഹു കൊണ്ടിരുന്നു.

സാധാരണ മലയാളികള്‍ പറയാന്‍ കാര്യമായൊന്നും ഇല്ലാത്തപ്പോളാണല്ലോ, കഠിനമായ പദങ്ങള്‍ ഉപയോഗിച്ച് സംസാരിക്കുന്നത്..വിശ്വപ്രഭയെന്ന പ്രശസ്തബൂലോഗന്‍ കോപ്പിറൈറ്റ് ചെയ്തിരിക്കുന്ന (വല്ലതും കാര്യമായ് പറയാന്‍ ഉണ്ടെങ്കില്‍ അദ്ദേഹം നല്ല പച്ചമലയാളത്തില്‍ വെടിപ്പായി പോസ്റ്റെഴുതും) ഈ ഒരു രീതി അദ്വൈതം ചര്‍ച്ചയില്‍ വ്യാപകമായി എല്ലാ ബൂലോഗരും ഉപയോഗിക്കുകയുണ്ടായി.

കഥയറിയാതെ ആട്ടം കണ്ടുകൊണ്ടിരുന്ന ബൂലോഗരില്‍ പലരും (ഈ റിപ്പോര്‍ട്ടര്‍ അടക്കം) ഇനി താന്‍ മോശമാകേണ്ടാ എന്ന് കരുതി ഈ ചര്‍ച്ചക്കിടയില്‍ കയറി ഓ മനോഹരം ഓ ഭയങ്കരം ഓ ബീഭത്സം എന്നൊക്കെ അഭിനന്ദനങ്ങള്‍ ചൊരിയുകയുണ്ടായി. പ്രത്യേകിച്ചൊന്നും ഒന്നിനേക്കുറിച്കും പറയാനില്ലാത്ത ചില ഗവേഷക ബുദ്ധിജീവികള്‍ ഈ അദ്വൈതം ശരിക്കുമുണ്ടോ, ഉണ്ടെങ്കില്‍ അദ്വൈതത്തിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടെങ്കില്‍ എത്ര ശതമാനം ഇല്ലെങ്കില്‍ എത്ര ശതമാനം, ആരെങ്കിലും അത് പഠിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനം, ഇല്ലെങ്കില്‍ എത്ര ശതമാനം, ഇനി പഠിക്കാന്‍ എവിടെയെങ്കിലും കിട്ടുമോ, ക്യാപിറ്റേഷന്‍ ഫീ എത്ര, എങ്കില്‍ എത്ര ശതമാനം ഡിസ്കൌണ്ട് എന്നൊക്കെ ചോദിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു.

ഏതായാലും ചര്‍ച്ച കൊഴുത്തപ്പോള്‍ ആരോ കേക്ക് മുറിച്ച് ചര്‍ച്ച അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും അദ്വൈതം മഹാശ്ചര്യം എനിക്കും കിട്ടണം കേക്ക് എന്നു കരുതി പല പാവം ബൂലോഗരും കേക്ക് തിന്നാല്‍ പോവുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ കേക്ക് മുറിക്കല്‍ അനന്തതയെക്കുറിച്ചുള്ള മറ്റൊരു കടുപ്പന്‍ കടുകടുപ്പന്‍ സംവാദത്തിലാണ് അവസാനിച്ചത്. ഇക്കാരണത്താല്‍ ആ കേയ്ക് തിന്ന പല സാധാരണ ബൂലോഗര്‍ക്കും കടുത്ത ചര്‍ദ്ദി, വയറിളക്കം, വയറ്റെരിച്ചില്‍ എന്നിവ അനുഭവപ്പെടുകയുണ്ടായി.

നല്ല ഒന്നാന്തരമായി ബ്ലോഗെഴുതിയിരുന്ന തങ്ങളുടെ ഡാലി തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയോ എന്ന് ബൂലോഗത്തിലെ പലരും വിലപിക്കുന്നുണ്ടായിരുന്നു.

താമസിയാതെ എക്കാലത്തേയുമ്പോലെ ബൂലോഗത്തിലെ ഈ അദ്വൈത ചര്‍ച്ചയും യാതൊന്നും തീരുമാനമാകാതെ പിരിയുകയാണുണ്ടായത്.

ഇസ്രായേലിലെ വിദഗ്‌ദ്ധ ചികിത്സ കൊണ്ടാണോ അതോ യുദ്ധം പോയി മഴക്കാലം വന്നെത്തിയതിനാലാണോ എന്തോ ഏതായാലും ഡാലി ഇപ്പോള്‍ അദ്വൈതം മാറ്റിവച്ച്, വനിതാലോകം എന്ന ബ്ലോഗുമായി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നല്ലൊരുപോസ്റ്റുമായാണ് വനിതാലോകം തുടങ്ങുന്നത്. ബൂലോഗത്തില്‍ ഇതിനകം ജനശ്രദ്ധ നേടിയിരിക്കുന്നു ഈ വനിതാലോകം ബ്ലോഗ്.

അദ്വൈതബാധ വിട്ടൊഴിഞ്ഞ തങ്ങളുടെ പഴയ ഡാലിയെ തിരികെക്കിട്ടിയ സന്തോഷത്തിലാണ് ബൂലോഗത്തിലെ സാധാരണ ബ്ലോഗ് പ്രേമികള്‍. ഇനിയും ഇസ്രായേല്‍ ലബനനെ ആക്രമിക്കല്ലേ എന്നു മാത്രമാണ് ബൂലോഗരുടെ പ്രാര്‍‌ത്ഥന. കാരണം മറ്റൊരു അദ്വൈതം കൂടി താങ്ങാല്‍ അവര്‍ക്ക് കരുത്തില്ല.
===================================

Wednesday, October 25, 2006

ബ്ലോഗ്ഗാഭിമാനി - ലക്കം 2

യൂയേയി മീറ്റ്‌: കജാന്‍ജികളെ തീരുമാനിച്ചു.
ഉമ്മല്‍ ക്വയിനില്‍ അടുത്ത പത്തിനു നടത്താനുദ്ദേശിച്ചിരിക്കുന്ന രണ്ടാം യൂയേയി മീറ്റിനുള്ള കജാന്‍ജികളെ തെരെഞ്ഞെടുത്തു. ഡ്രിസില്‍, ആരിഫ്‌, ദില്‍ബന്‍, പട്ടേരി, ഇബ്രൂ എന്നിവരാണ്‌ മീറ്റിലെ മൊയിലാളിമാരെന്നു കമ്മിറ്റി സെക്രട്ടറി കലേഷ്‌ പുലി അറിയിച്ചു. ഒരാളെ "ഒറ്റക്കു" കജാന്‍ജിയാക്കിയാല്‍ കാര്യങ്ങളൊന്നും ശരിയാവില്ലെന്നതിനാലാണത്രേ ആന്റണി മന്തിസഭപോലെയുള്ള ഈ "ജമ്പോ കജാന്‍ജി" പാനല്‍ തെരെഞ്ഞെടുത്തിരിക്കുന്നത്‌.കജാന്‍ജിയാവാന്‍ താല്‍പറ്യമുള്ളവര്‍ മീറ്റിനു ഒരു ദിവസം മുന്‍പെങ്കിലും സെക്കര്‍ട്ടറിയുമായി ബന്ധപ്പെടണമെന്ന് ഭരണിസമിതി അറിയിച്ചു. നവമ്പര്‍ 10 രാവിലെ 10 മണിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും സെക്രട്ടറി ബ്ലോഗാഭിമാനിയോടു പറഞ്ഞു. ഖജാന്‍ജി പാനല്‍ വികസിപ്പിച്ച്‌ 20 പേര്‍ വരേയുള്ള ഒന്നാക്കി തീര്‍ക്കാമെന്നാണ്‌ തന്റെ പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന ആകര്‍ഷണമായ "ബറാകുഡ ബീര്‍കുഡി" യെപ്പറ്റി തീരുമാനമൊന്നും ആകാത്തതിനാല്‍, ആസ്ഥാന കുടിയന്മാര്‍ പലരും മീറ്റില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യ വിവരം കിട്ടിയിട്ടുണ്ട്‌. മദ്യനിരോധന മെമ്മോറാണ്ടവുമായി ശ്രീ.അതുല്യ രംഗത്തു വന്നതോടെ"ഡബ്ലിങ്ങ്‌ ദ ലെഗ്സ്‌" (ഇരു കാലില്‍ വന്ന് നാല്‍ക്കാലില്‍ തിരിച്ചു പോകുക)എന്ന ഉദ്ദേശവുമായി മീറ്റിനു വരുന്ന പലരേയും ഈ തീരുമാനം നിരാശരാക്കിയിരിക്കുകയാണ്‌.

മീറ്റു വേണമെന്നു തീരുമാനിച്ച ശേഷം, ഒഫീഷ്യല്‍ യൂയേയി ബ്ലോഗേഴ്സ്‌ ക്ലബ്ബിലിട്ട ആഞ്ചു പോസ്റ്റിലും മല്‍സരബുദ്ധിയോടെ ഒപ്പു വച്ച "അത്തിക്കുര്‍ശ്ശി" എന്ന ബ്ലോഗര്‍ നാട്ടില്‍ പോകുന്ന മൂലം മീറ്റിലുണ്ടാവില്ലെന്നറിയിച്ചു. ഹാജര്‍ ബുക്കില്‍ ഒപ്പു വച്ച്‌ വച്ച്‌ വളഞ്ഞു പോയ ഇദ്ദേഹത്തിന്റെ ചൂണ്ടു വിരലില്‍ ഇടാന്‍ ഒരു "സ്പ്‌ളിന്റ്‌" യൂയേയി കമ്മിറ്റി ഡൊണേറ്റ്‌ ചെയ്തു.

വടംവലിയില്‍ ഉപയോഗിക്കാനായി ശ്രീ. ദേവന്‍ രണ്ടു ടണ്‍ വട കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും, മീറ്റിനു മുന്‍പു തന്നെ വട കണ്‍സൈന്‍മന്റ്‌ എത്തിച്ചേരുമെന്നും ഭാരാവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും, "വട കുംഭകോണത്തെ" കുറിച്ച്‌ ഒരു റിട്ടയേഡ്‌ ബ്ലോഗറെ വച്ച്‌ അന്വേഷണം നടത്തണമെന്നും ചിലയിടങ്ങളില്‍ നിന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

മീറ്റില്‍ ഇത്തവണയും "ഐസ്‌ ബ്രേക്കിങ്ങ്‌" വേണ്ടിവരുമെന്നതിനാല്‍, ബാക്കി വരുന്ന ഐസ്‌ സ്മാളടിക്ക്‌ ഉപയോഗിക്കാമെന്നു ചില കുടിയന്മാര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഭക്ഷണത്തിന്റെ മെനു എന്താണെന്നറിഞ്ഞിട്ട്‌ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന്‌ കലേഷും ദില്‍ബാനദനും "ഈറ്റ്‌ ദ പ്രസ്‌" പരിപാടിയില്‍ വച്ച്‌ സൂചിപ്പിച്ചു.




സമസ്യാപൂരണം : ബൂലോഗത്തിലെ പുതിയ തരംഗം

ഇക്കിളിയിട്ടാല്‍ ചിരിക്കാന്‍ പറ്റുന്നതരം തമാശകളും കടിച്ചാല്‍ പൊട്ടാത്ത കഥകളും, ദഹിക്കാത്ത കവിതകളും പിന്നെ ഇടക്കിടെ എല്ലാവരും കൂടി ആഘോഷമാക്കുന്ന കൂട്ടത്തല്ലും മാത്രമുള്ള ബൂലോഗത്തില്‍ സമസ്യാപൂരണം തരംഗം സൃഷ്ടിക്കുന്നു. അമേരിക്കയില്‍ നിന്നും ബ്ലോഗുന്ന മുതിര്‍ന്ന ബ്ലോഗറും ബൂലോഗത്തിലെ വ്യാകരണ-അക്ഷരപിശക് പോലീസുമായ ശ്രീ ഉമേഷ് ആണ് ബൂലോഗത്തിലെ സമസ്യാപൂരണത്തിന്റെ ഉപജ്ഞാതാവ്. ഭാരതീയഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളും, ധാരണകളും സ്ഥിരമായി എഴുതി ബൂലോഗരെ ബോറടിപ്പിച്ചുകൊണ്ടിരുന്ന ശ്രീ ഉമേഷ്, അവിചാരിതമായാണ് സമസ്യാപൂരണരംഗത്തേക്ക് ശ്രദ്ധ തിരിച്ചത്. ആപ്പിള്‍ ഐ-പോഡ് മാര്‍ക്കറ്റിലിറക്കിയപ്പോളുള്ളപോലെ ആദ്യത്തെ സമസ്യയായ "വെളുത്തുപോമെന്നിഹതോന്നിടൂന്നു" എന്നതിന് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് ബൂലോഗത്തില്‍ ലഭിച്ചത്. അതുവരെ മിക്കദിവസങ്ങളിലും ഈച്ചയടിച്ചുകൊണ്ടിരുന്ന ഗുരുകുലം എന്ന ബ്ലോഗില്‍ ഒറ്റദിവസം കൊണ്ട് നൂറുകണ‍ക്കിന് ഹിറ്റുകള്‍ ലഭിക്കുകയുണ്ടായി.

കാവ്യാത്മകമായ, വൃത്തത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നപൂരണങ്ങളും, വൃത്തബന്ധിതമല്ലാതെ,ആശയം കൊണ്ട് മാത്രം ശ്രദ്ധേയമായ പൂരണങ്ങളും ഒരുപോലെ പ്രവഹിക്കുകയുണ്ടായി. മനപ്പൂര്‍വ്വമല്ലെങ്കിലും, താന്‍ സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് പോസ്റ്റില്‍ വളരെയധികം സന്തുഷ്ടനാണെന്ന് ശ്രീ ഉമേഷ് അമേരിക്കയില്‍ നിന്ന് ഞങ്ങളുടെ ലേഖകനെ അറിയിച്ചു. ഒരു സൂപ്പര്‍ ഹിറ്റ് നല്‍കിയ ആവേശത്താല്‍ ശ്രീ ഉമേഷ്, "പഞ്ചേന്ദ്രിയാകര്‍ഷണം" എന്ന അടുത്ത സമസ്യ ഇറക്കിയെങ്കിലും ബൂലോഗരെ അധികം ആകര്‍ഷിക്കാന്‍ കഴിയാതെ അത് ചീറ്റിപ്പോവുകയാണുണ്ടായത് എന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ടാമത്തെ സമസ്യ തരംഗം സൃഷ്ടിച്ചില്ലെങ്കിലും ഇനി സ്റ്റോക്കുള്ളവ പ്രായഭേദമെന്യേ, ലിംഗഭേദ്യമെന്ന്യേ ബൂലോഗരെ ഹഠാദാകര്‍ഷിക്കാന്‍ കെല്പുള്ളവയാണെന്ന് ഉമേഷ് ഉറപ്പ് പറയുന്നു. അതുറപ്പു വരുത്തുവാനായി നാട്ടില്‍ പ്രചാരമുള്ള "കോളേജ് ശ്ലോക"ങ്ങളെക്കുറിച്ച് ഉമേഷ് ഗവേഷണം നടത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്.


ആദ്യ സമസ്യക്കു ലഭിച്ച പൂരണങ്ങള്‍ വായിച്ച്, കവിതയേയും സമസ്യാപൂരണത്തേയും ശ്ലോകങ്ങളേയും സ്നേഹിക്കുന്ന ചിലര്‍ക്ക് അമിതരക്തസമ്മര്‍ദ്ദമുണ്ടായി വൈദ്യ സഹായം തേടേണ്ടി വന്നു എന്ന് സ്ഥിതീകരിക്കാത്ത വാര്‍ത്തയുണ്ടെങ്കിലും ഉമേഷിന്റെ ആദ്യ സമസ്യയിലൂടെ മണ്മറെഞ്ഞെന്നു കരുതിയ പ്രാചീന കേരള കലാരൂപങ്ങളായ പാരഡി മേക്കിംഗ്, കോമിക് ശ്ലോകങ്ങള്‍, തെറിശ്ലോകങ്ങള്‍ എന്നിവ പുനര്‍ജ്ജനിച്ച ആവേശത്തിലാണ് ബൂലോഗര്‍. ബാച്ചി ക്ലബ്ബ് ഗുണ്ട പച്ചാളം, പുലികേശി രണ്ട് തുടങ്ങിയ ബഹുുമുഖപ്രതിഭകള്‍ പങ്കെടുത്ത് ഇ മത്സരം ആവേശഭരിതമാക്കിയ എല്ലാ ബൂലോഗര്‍ക്കും ശ്രീ ഉമേഷ് ശ്ലോകത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.



കൈപ്പള്ളിയുടെ പുതിയ ഉദ്യമം പരാജയപ്പെടുന്നോ?

ബൂലോഗത്ത് ചുരുങ്ങിയ നേരം കൊണ്ട് ഭാഷയിലും സമീപനത്തിലും വ്യത്യസ്തതപുലര്‍ത്തുന്ന പോസ്റ്റുകള്‍ കൊണ്ട് പ്രശസ്തനായ കൈപ്പള്ളിയുടെ പുതിയ ഉദ്യമമായ കൊളാബറേറ്റീവ് സ്റ്റോറി വഴിമുട്ടി നില്‍ക്കുന്നു. അക്ഷരത്തെറ്റിനെപ്പേടിച്ച് ബ്ലോഗ് ചുട്ട കൈപ്പള്ളി കുറേനാളായി കൈപ്പള്ളി പോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന് സ്ഥാപനം തുടങ്ങി ഹാസ്യപ്രധാനവും വിമര്‍ശനപരവുമായ പോഡ് കാസ്റ്റിംഗിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ചു വരികയായിരുന്നു.

മറ്റു ബ്ലോഗര്‍മാരെ നിഷ്കരുണം ഹെവിവെയിറ്റ് കമന്റടിച്ച് നിരപ്പാക്കുന്നതില്‍ കുപ്രസിദ്ധിനേടിയ കൈപ്പള്ളി ബുള്‍ഡോസര്‍ എന്ന ഓമനപ്പേരിലാണ് ബൂലോഗവൃത്തങ്ങളില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പുതിയ സൃഷ്ടിയായ കൊളാബറേറ്റീവ് സ്റ്റോറി റ്റെല്ലിംഗ് എന്ന സഹകരണാടിസ്ഥാനത്തിലുള്ള നാടകസൃഷ്ടി ബൂലോഗരെ ആകര്‍ഷിക്കാന്‍ പരാജയപ്പെട്ടുപോയി.

തണുപ്പന്‍ പ്രതികരണം ലഭിച്ച ഈ ഉദ്യമത്തില്‍ തണുപ്പന്‍ എന്ന ബ്ലോഗര്‍ മാത്രമാണ് പങ്കെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്.

ബ്ലോഗിലും പ്രൊഫൈലിലും‍ നയനഹാരികളായ പല പല പോസിലുള്ള തന്റെ സുന്ദരഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് ബൂലോഗരെ ആകര്‍ഷിക്കാന്‍ കൈപ്പള്ളി ശ്രമിച്ചെങ്കിലും, കൊളാബറേറ്റീവ് കഥപറയല്‍ ഇന്നും എടുക്കാച്ചരക്കായി കിടക്കുന്നു.

കൈപ്പള്ളിയുടെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ ഉദ്യമവും താമസിയാതെ ഹിറ്റാകട്ടെ എന്ന് ബ്ലോഗാഭിമാനി ആശംസിക്കുന്നു.



പുളകിതന്‍ – ഒരു കുമ്പസാരം.

സംശയം വാസു എന്ന പേരില്‍ ബൂലോഗ ക്ലബ്ബില്‍ കമന്റിയിരുന്ന ശ്രീ.പുളകിതനെ “സംശയമില്ലാത്ത വാസു” എന്ന പേരില്‍ ആരോ ആക്രമിക്കുകയും, ഇതേതുടര്‍ന്നുള്ള മാനസാന്തരം മൂലം, ശ്രീ.പുളകിത്‌ജി തന്റെ തെറ്റു കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് ബൂലോഗത്ത്നിന്നും ഒന്നര കിലോ വിടയും വാങ്ങി മടങ്ങിപ്പോകയുമാനുണ്ടായത്. തന്റെ ഭൂതകാലത്തിന്റെ പാപങ്ങള്‍ , നന്നവാന്‍ തീരുമാനിച്ച ശേഷവും, ആദിയായും, അന്തമില്ലാത്തവരായും, അനോണികളായും പിടികൂടുന്നതില്‍ നിരാശനയാണ് ഈ പത്തൊമ്പതുകാരന്‍ അരങ്ങൊഴിയുന്നത്. അപരനായും, സിനികുമാറായ്യും, വിശാലന്റെ അപരനായുമൊക്കെ നീയല്ലേടാ അവതരിച്ചത്, എന്ന ചോദ്യങ്ങള്‍ക്കെല്ലാം, കുറ്റം ഏറ്റു പറഞ്ഞ അദ്ദേഹം ഇറങ്ങുമ്പോള്‍, തിരിഞ്ഞു നിര്‍വികാരതയോടെ ബൂലോഗത്തെ നോക്കി കോട്ടുവായിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നന്നവാന്‍ തീരുമാനിച്ചിട്ടും ഒരുത്തനെ ബൂലോഗ ക്ലബ്ബില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്ന പ്രവണത നന്നല്ലെന്നും, ബൂലോഗപോലീസില്‍ നിന്നും ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റു ഹാജരാക്കിയാല്‍, തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും, ബൂലോഗ ക്ലബ്ബിന്റെ അഡ്മിന്‍ പുലി ശ്രീ ശ്രീജിത്ത് പുളകിതനെ അറിയിച്ചു.( അല്ലേലും മണ്ടത്തരം കാണിക്കാന്‍ ഇദ്ദേഹത്തേക്കാള്‍ മിടുക്കന്‍ ആര്?)



ഫോട്ടോ ബ്ലോഗിങ്ങ്.. ആശയ ദാരിദ്ര്യമോ ? സ്പെഷല്‍ ഫീച്ചര്‍
ബൂലോഗത്തു പുതിയതായി കണ്ടു വരുന്ന ട്രെന്‍ഡായ ഫോട്ടോ ബ്ലോഗിങ്ങിന്റെ അന്തരാളങ്ങളിലേക്കിറങ്ങിച്ചെന്ന “ബ്ലോഗാഭിമാനി” ലേഖകന്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് മനസ്സിലാക്കിയത്. ആശയ ദാരിദ്യം കലശലായ ചിലരാണു ഫോട്ടോ ബ്ലോഗിങ്ങ് പ്രമോഷനുമായി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഷ്ടി 50 ഡോളര്‍ വിലമതിക്കുന്ന അമൂല്യമായ ക്യാമറകളില്‍ വീടിന്റെ അടുക്കളയിലും, പിന്നാമ്പുറത്തും കുത്തിമുളപ്പിക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില, തൊട്ടപ്പുറത്തെ ചാണകക്കുഴി, വിറകുപുര എന്നിവയുടെയൊക്കെ പടങ്ങളെടുത്ത് പ്രസിദ്ധീകരിക്കുന്നതാണു പുതിയ പ്രവണത. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സായ തുളസി, സപ്തവര്‍ണങ്ങള്‍, നളന്‍, കൈപ്പിള്ളീ എന്നിവരെ അനുകരിക്കുന്ന ഈ പ്രവണത, നിലവരമുള്‍ല ഫോട്ടോബ്ലോഗുകളോടുള്ള ബൂലൊഗരുടെ പ്രതിപത്തി കുറക്കാനേ ഉപകരിക്കൂ എന്നു റിഡേഴ്സ് ഫോറം നടത്തിയ ഒരു സര്‍വേയില്‍ തെളിഞ്ഞു. ഈ പുതിയ ഫോട്ടോബ്ബ്ലോഗിങ്ങ് തരംഗത്തിനു ശേഷം ‘എതു ആദിക്കും പടമെടുക്കാം” എന്ന ഒരു ഭാഷാപ്രയോഗം തന്നെ ബൂലോഗത്ത് നിലവില്‍ വന്നിരിക്കുകയാണെന്നു നിരീക്ഷകര്‍ അവകാശപ്പെട്ടു. സ്വന്തം ബ്ലോഗില്‍ എന്തിടണമെന്നുള്ള അവകാശം മുഴുവനായും ആ ബ്ലോഗര്‍ക്കു തന്നെയാണെങ്കിലും ഒരു സ്വയം അവലോകനം നല്ലതാണെന്നാണ് ഭൂരിഭാഗം വായനക്കാരും അഭിപ്രായപ്പെട്ടത്.



ദീപാവലി ആഘോഷം: ബാംഗ്ലൂരില്‍ വിവാദം കൊഴുക്കുന്നു

കേരളത്തില്‍ ദീപാവലി, തമിഴ്‌നാട്ടില്‍ ദീപാവളി, ആന്ധ്രയില്‍ ദീപാവലു എന്നീ പേരുകളിലറിയപ്പെടുന്ന ദീവാലി ബൂലോഗര്‍ കഴിഞ്ഞയാഴ്ച ഗംഭീരമായി കൊണ്ടാടി. കഴിഞ്ഞ ഒരാഴ്ചക്കാലമായി പടക്കം‌പൊട്ടലുകള്‍കൊണ്ട് മുഖരിതമായ ബൂലോഗത്തിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് കലാശപ്പടക്കം പൊട്ടിച്ചത്, മണ്ടത്തരങ്ങള്‍ എന്ന ബ്ലോഗിനാല്‍ ക്ഷിപ്രപ്രശസ്തിയിലേക്കുയര്‍ന്ന ശ്രീജിത്ത് എന്ന ബൂലോഗപ്രിയനായ ബാംഗ്ലൂര്‍ ബ്ലോഗറാണ്.

ബാംഗ്ലൂരില്‍ താമസിക്കുന്ന ശ്രീജിത്ത്, അയല്‍‌വക്കത്തുകാര്‍ പടക്കം പൊട്ടിക്കുന്നത് കേട്ട് അസൂയപൂണ്ട് എല്ലാവരേയും വിഢികളാക്കുവാന്‍ പടക്കമൊന്നുമില്ലാതെ, പേപ്പര്‍ കൂട്ടിയിട്ട് കത്തിച്ചെന്നും അത് ആളി സ്വന്തം കാല്‍ പൊള്ളൂവാനും മുണ്ടില്‍ തീ പിടിക്കുവാനും‍ കാരണമായെന്നും, സ്വരക്ഷാര്‍‌ത്ഥം വാട്ടര്‍ ടാങ്കില്‍ അവസാനം ചാടേണ്ടി വന്നുവെന്നും സ്വന്തം ബ്ലോഗില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

എന്നാല്‍ ഈ വാര്‍ത്ത ഇപ്പോള്‍ ബാംഗ്ലൂരില്‍ ചില വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. "വെടിവച്ചാല്‍ പുക" എന്ന മോഡല്‍ , തീകണ്ടാല്‍ പടക്കം എന്നു കരുതാന്‍ ബംഗലൂരുനിവാസികള്‍ അത്ര ചെവിപൊട്ടന്മാരും, മണ്ടന്മാരുമല്ല എന്ന് ബി.പി.എഫ്.എ(ബാംഗളൂര്‍ പടക്കം ഫാന്‍ അസോസിയേഷന്‍) ചെയര്‍മാന്‍ ശ്രീ വൈകുണ്ഠദൊരൈ അഭിപ്രായപ്പെടുകയുണ്ടായി.

അതേ സമയം, ദീപാവലിപിറ്റേന്ന് ബാംഗ്ലൂര്‍ സിറ്റി പ്രദേശത്ത് വെള്ളം കുടിച്ചവര്‍ക്കുണ്ടായ അസ്വസ്ഥത, മനം‌പിരട്ടല്‍, വയറിളക്കം എന്നിവക്ക് കാരണം ശ്രീജിത്ത് വര്‍ഷങ്ങളായി കഴുകാതെയുടുത്തുകൊണ്ടിരുന്ന ഉടുമുണ്ടുമായി വാട്ടര്‍ ടാങ്കില്‍ ചാടിയതാണോയെന്ന് അന്വേഷിക്കുമെന്ന് ബാംഗ്ലൂര്‍ വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.


ശ്രീജിത്തിന്റെ വീട്ടിന്റെ ടെറസ്സില്‍ നിന്നും കാറ്റില്‍ പറന്നുയര്‍ന്ന കത്തുന്ന കടലാസു തുണ്ടുകള്‍ കണ്ട് ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിംഗ്, പാകിസ്ഥാന്‍ മിസൈലുകള്‍ പറന്നുവരികയാണെന്ന് കരുതി ബങ്കറുകളില്‍ ഒളിച്ചത് ദേശീയ സുരക്ഷയിലെ വിള്ളലുകള്‍ തെളിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് മഡിവാലമഡികൃഷ്ണ പത്രസമ്മേളനത്തില്‍ അറിയിച്ചു.

യഥാര്‍ത്ഥത്തില്‍ പടക്കം പൊട്ടിക്കുവാനായി കടം വാങ്ങിയ മൂന്നുരൂപയുടെ ബീഡിപ്പടക്കവും കൊണ്ട് രാത്രി ടെറസ്സില്‍ കയറിയ ശ്രീജിത്ത് പടക്കത്തിന്റെ തിരി കാണുവാനായി പേപ്പര്‍ കത്തിച്ചതാണെന്നും , അങ്ങനെ അഗ്നി പടരുകയും വാട്ടര്‍ടാങ്കില്‍ ചാടിയ നേരം കൈയ്യിലുണ്ടായിരുന്ന പടക്കം നനഞ്ഞ്പോവുകയും ചെയ്തതാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

എന്തായാലും ഈ സംഭവം ഒരു കന്നഡ മലയാളി സംഘര്‍ഷമാകാതെ നിയന്ത്രിക്കുവാന്‍ പരിശ്രമിക്കുകയാണ് അധികൃതര്‍.



ക്ലാസിഫൈഡ്സ്;

ബ്ലോഗാഭിമനിയിലേക്ക് സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. ബൂലോഗത്തെ സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്ത്കളും അവലോകനങ്ങളും റിപ്പോര്‍ട്ടു ചെയ്യാനായി ചുറുചുറുക്കുള്ള റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. അപേക്ഷകര്‍ പിന്മൊഴികള്‍ സ്ഥിരം കവര്‍ ചെയ്യുന്നവരും, എല്ലാ വിധ സകലമാന ചപ്പു ചവറു ബ്ലോഗുകളും അരിച്ചു പെറുക്കുന്നവരുമായിരിക്കണം. സംഭവങ്ങളെപറ്റി മലയാളത്തില്‍ ടൈപ്പു ചെയ്ത് ഈമെയില്‍ ആയിട്ടായിരിക്കനം റിപ്പോര്‍ട്ടിങ്ങ് നടത്തേണ്ടത്. താല്പര്യമുള്‍ലവര്‍ ഈമെയില്‍ അഡ്രസ്സ് ഇവിടെ കമണ്ടായി ഇടുക, നിങ്ങളുടേയോ എന്റേയോ വ്യക്തിത്വത്തെപ്പറ്റി അങ്ങോട്ടുമിങ്ങോട്ടും യതൊരു തരത്തിലുള്ള ചോദ്യോത്തരങ്ങളും ഉണ്ടായിരിക്കുന്നതല്ല. അനോണികളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

ശമ്പളം= 2000 ഇറാനി റിയാല്‍ ,
ബാക്കി എല്ലാ ആനുകൂല്യങ്ങളും (തരില്ല)