ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Thursday, March 15, 2007

ബ്ലോഗഭിമാനി - ലക്കം 7

ബൂലോകത്തില്‍ ലോബികളുടെ സ്വാധീനം
ചൊവ്വയില്‍ വെള്ളം ഉണ്ട് എന്ന് കേട്ട് ഞെട്ടിയതിനേക്കാള്‍ ഭയങ്കരമായി ജനം ഈയിടെ ഞെട്ടി. ബൂലോഗത്ത് ലോബിയുണ്ട് പോലും. അമേരിക്കന്‍ ലോബി, ഗള്‍ഫ് ലോബി, കൊച്ചി ലോബി, ബാംഗ്ലൂര്‍ ലോബി, ഹൈദരബാദ് ലോബി, ദില്ലി ലോബി, അവിടെ ലോബി, ഇവിടെ ലോബി, ബൂലോകത്തെവിടെ നോക്കിയാലും ലോബി.

ലോറി എന്നാണ് ബ്ലോഗഭിമാനി ആദ്യം കരുതിയത് ,ഓട്ടോയും ടെമ്പോയുമൊക്കെ പോരാഞ്ഞ് ലോറി തന്നെ വേണ്ടി വരുമെന്ന് തോന്നുകയും ചെയ്തിരുന്നു ചിലരുടെ കമന്റുകള്‍ കണ്ടപ്പോള്‍. എന്നിരിക്കിലും ലോബികള്‍ സമൂഹത്തില്‍ സ്വാഭാവികമായി രൂപപ്പെടുന്നതും പലപ്പോഴും നല്ലതുമാണ്. എന്നാല്‍ ലോബികള്‍ സമൂഹത്തേക്കാള്‍ വലുതാണ് എന്ന ധാരണ അബദ്ധമാണ്.

ഭരണലോബിയുടേയും പ്രതിപക്ഷലോബിയുടേയും ജോസ് ചെറിയാനെന്ന സ്വതന്ത്ര എമ്മെല്ലേയുടേയും (ഇയാള്‍ എതിര്‍ ലോബിയിലെ അംഗമാണെന്ന് സ്ഥാപിക്കാന്‍ രണ്ട് ലോബിക്കാരും കുതിരക്കച്ചവടം നടത്തുന്നു എന്ന് കേള്‍ക്കുന്നു) ഇടയില്‍ പെട്ട് യൂഡിയുടേയും എല്‍ഡിയുടേയും ഇടയില്‍ പെട്ട സ്മാര്‍ട്ട് സിറ്റിയേക്കാള്‍ കഷ്ടമാവും ബൂലോഗത്തിന്റെ അവസ്ഥ എന്ന് ബ്ലോഗഭിമാനി ഭയപ്പെടുന്നു
=============== ===============
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
മലയാളം ബ്ലോഗേഴ്സ് നടത്തിയ കോപ്പിറൈറ്റ് പ്രതിഷേധം പുതിയൊരു വഴിത്തിരിവിലെത്തിയതായി ബ്ലോഗഭിമാനി മനസ്സിലാക്കുന്നു. സാന്ദ്രം എന്ന പോസ്റ്റില്‍ ഒരു ബ്ലോഗര്‍ നടത്തിയ പോസ്റ്റിനെത്തുടര്‍ന്നുള്ള ചര്‍ച്ചയിലാണു കോപ്പി റൈറ്റ് പ്രശ്നത്തിലുപരി, ഈ പ്രതിഷേധത്തില്‍ മറ്റു പല സ്വാര്‍ത്ഥതാല്പര്യങ്ങളുമുണ്ടെന്നു പലരും ആരോപിച്ചതായി കണ്ടത്. മലയാളത്തിലെ ചില പോര്‍ട്ടലുകള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ അഴുകിയ മുഖങ്ങളും ഈ ചര്‍ച്ചയിലെ ചില കമന്റുകളിലൂടെ പുറത്തു വന്നിരിക്കുകയാണ്. ഇരുവിഭാഗവും തമ്മിലുള്ള വടംവലി മുറുകുമ്പോള്‍ സത്യമെന്താണെന്നറിയാന്‍ ബ്ലോഗഭിമാനിക്കു താല്പര്യമുണ്ട്.
=============== ===============


മലയാളം ബ്ലോഗിങ്ങ് - കൂട്ടായ്മയോ അതോ വ്യക്തി ഹത്യയോ
ഒന്നോ, രണ്ടോ വര്‍ഷം മുന്‍പ് മുപ്പതോ അതില്‍ താഴെയോ മാത്രം മലയാളം ബ്ലോഗുകള്‍ (അവരില്‍ പലരും മുന്‍പ് മലയാള വേദിയില്‍ എഴുതിയിരുന്നവരും, പരസ്പരം അറിയുന്നവരുമായിരുന്നു) മാത്രമുണ്ടായിരുന്ന കാലഘട്ടത്തില്‍ നിന്ന് ഏകദേശം അഞ്ഞൂറോളം മലയാളം ബ്ലോഗുകളായികഴിഞ്ഞിരിക്കുന്ന ഇന്നത്തെ അവസ്ഥയിലേക്കുള്ള മലയാളം ബ്ലോഗുകളുടെ വളര്‍ച്ച വളരെ വേഗതയിലായിരുന്നു.

എന്താണ് ഈ ത്വരിത ഗതിയിലുള്ള വളര്‍ച്ചക്ക് കാരണം?

മറ്റൊന്നുമല്ല, മലയാളം ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മ തന്നേയാണ് ഈ ത്വരിതഗതിയിലുള്ള ബ്ലോഗുകളുടെ വളര്‍ച്ചക്ക് കാരണം എന്ന് ബ്ലോഗഭിമാനിക്ക് ശക്തമായി, അടിവരയിട്ട് പറയാന്‍ കഴിയും. പക്ഷെ, അടുത്തിടേയായി വ്യക്തിഹത്യ ചെയ്യുവാനുള്ള ഒരു പ്രവണത ബ്ലോഗെഴുത്തുകാരുടെ ഇടയില്‍ അമിതമായി വര്‍ദ്ധിച്ചു വരുന്നുണ്ട് എന്ന് ബ്ലോഗഭിമാനി ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടുവാന്‍ ആഗ്രഹിക്കുന്നു. ഈ ഒരു പ്രവണത മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയെ മുരടിപ്പിക്കും എന്നുള്ളതില്‍ ബ്ലോഗഭിമാനിക്ക് സംശയം തീരെ ഇല്ല. പണ്ട് കൂട്ടുകുടുംബം ആയി താമസിച്ചിരുന്ന നമ്മുടെ പിന്‍ തലമുറകളില്‍ നിന്നും ശിഥിലമായി, അണുകുടുംബാവസ്ഥയിലെത്തി നില്‍ക്കുന്ന യുവ തലമുറയെ പോലെ മലയാളം ബ്ലോഗു കൂട്ടായ്മയും ചിന്നി ചിതറി ചെറിയ ഗ്രൂപ്പുകള്‍ ആകുന്ന സമയം വിദൂരമല്ല!

ഈ ഒരു പ്രവണതയെ ചെറുക്കുക തന്നെ വേണം, തടുക്കുക തന്നെ വേണം, നിരുത്സാഹപെടുത്തുക തന്നെ വേണം. അല്ലെങ്കില്‍, അമ്മൂമ്മ കഥകള്‍ കേള്‍ക്കാതെ, നാടന്‍ പാട്ടുകളുടെ ഈരടികളും, പഴം ചൊല്ലുകളും എന്തെന്നറിയാതെ വളരുന്ന പുതിയ തലമുറയിലെ കുട്ടികളെ പോലെ, മലയാളം ബ്ലോഗു ലോകത്തില്‍ വിടര്‍ന്നു വരുന്ന പുതിയ എഴുത്തുകാര്‍‍, പഴമയുടെ ഗന്ധവും, കൂട്ടായ്മയുടേയും ശക്തിയും അറിയാതെ, വെറും, തമ്മിലടിയും, ചെളിവാരിയെറിയലും മാത്രം കണ്ട് വളര്‍ന്നു വരുവാനുതകുന്ന ഒരു സാഹചര്യം നമ്മളായി ഒരുക്കാതിരിക്കുക.

എല്ലാ ബ്ലോഗെഴുത്തുകാരും ഒരു പഴമൊഴി ഓര്‍ക്കുക “ഐക്യമത്യം മഹാബലം“.
=============== ===============

ബ്ലോഗ് അവാര്‍ഡുകള്‍ - ഒരു പ്രഹസനം
ഭാഷാ ഇന്ത്യയുടെ അവാര്‍ഡ്, ഇന്‍ഡിക്ക് ബ്ലോഗ് അവാര്‍ഡ്, കേരളടിപ്സ് ഡോട്ട് ഓര്‍ഗ് അവാര്‍ഡ്, കേരള ബ്ലോഗ് അവാര്‍ഡ് , മോബ്-ചാനല്‍ അവാര്‍ഡ് തുടങ്ങി പേരറിയാത്ത പല അവാര്‍ഡുകളും ചേര്‍ത്ത് മൊത്തം അവാര്‍ഡുകളുടെ എണ്ണം ഏതാണ്ട് മലയാളം ബ്ലോഗുകളോളം തന്നെ വന്നിരിക്കുന്ന ഒരു അവസ്ഥയാണിന്ന്. കലേഷ്, വിശാലന്‍, കുറുമാന്‍, തുടങ്ങി നിരവധി എഴുത്തുകാര്‍ക്ക് ഇതുവരേയായി ഈ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അവരേയൊക്കെ ഈ അവാര്‍ഡിന്റെ പേരില്‍ ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മ ആദരിച്ചിട്ടും, പൊന്നാടയണിയിച്ചിട്ടുമുണ്ട്.

ലേറ്റസ്റ്റ് അവാര്‍ഡ് ജേതാവായ കുറുമാനെ പുതപ്പുക്കുവാന്‍ വേണ്ടിയും ബ്ലോഗ് കൂട്ടായ്മ ഒരു കോടിമുണ്ട് നെയ്യുന്നുണ്ടെന്നും, ബ്ലോഗെഴുത്തുകാര്‍ വരിയിട്ട് ഒരു മീറ്റ് വച്ച്, കുറുമാനെ അനുമോദിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ബ്ലോഗഭിമാനിക്കറിയാന്‍ കഴിഞ്ഞു (മീറ്റെന്നു കേട്ടാല്‍, യു എ യി ബ്ലോഗുകാര്‍ ഇപ്പോള്‍ ഞെട്ടുന്നു എന്നും, ഷെയറിടേണ്ട കാശുണ്ടെങ്കില്‍ നാലുകിലോ മീറ്റ് വാങ്ങി സ്വന്തക്കാരായ നാലു കുടുംബത്തെ വിരുന്നു വിളിച്ച് മീറ്റുകയാകും ഉത്തമം എന്നും ചിലര്‍ പറയുന്നത് ബ്ലോഗഭിമാനി ലേഖകന്‍ കേട്ടു)

എന്താണ് അവാര്‍ഡ്? ഈ അവാര്‍ഡുകള്‍ക്കെന്തെങ്കിലും വിലയുണ്ടോ? എന്തെങ്കിലും സമ്മാനമുണ്ടോ?

ബ്ലോഗഭിമാനിയുടെ സ്വന്തം ലേഖകന്‍ അവാര്‍ഡു ജേതാക്കളെ ഫോണിലും, ചാറ്റിലും, വീട്ടിലും ഒക്കെയായി പല പല അവസരങ്ങളില്‍ ചോദ്യം ചെയ്തപ്പോഴും പല അവാര്‍ഡു ജേതാക്കളും ചോദിച്ചത് എന്തവാര്‍ഡ്? എന്തു സമ്മാനം? ഇന്നു വരേയായി ഒന്നും കിട്ടിയിട്ടില്ല! ഇനിയൊട്ടു കിട്ടുമെന്നു തോന്നുന്നുമില്ല. “ഒരു സര്‍ട്ടിഫിക്കറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍” എന്ന് ആത്മഗതമായി അവരുടെ മനസ്സ് പറയുന്നതും ബ്ലോഗഭിമാനി കേട്ടു.

അമ്പമ്പട അവാര്‍ഡേ!! സമ്മാനവും, സര്‍ട്ടിഫിക്കറ്റും ഒന്നും നല്‍കേണ്ട, മറിച്ച് പ്രശസ്തി കിട്ടുകയും ചെയ്യും. ഇപ്പോള്‍ ബ്ലോഗഭിമാനിക്കും ഒരു ആലോചന. ഒരു ബ്ലോഗഭിമാനി അവാര്‍ഡ് ഏര്‍പെടുത്തിയാലോ!
=============== ===============


മനശ്ശാസ്ത്രഞ്ജനോട് ചോദിക്കുക എന്ന പുതിയ പംക്തി -
ഡോക്ടര്‍ ബ്ലോഗു മുത്തുവിനോട് ചോദിക്കാം:
വളരെ ക്ലേശകരമായാണ് ബ്ലോഗഭിമാനി ഈ ലക്കം മുതല്‍ ഈ പുതിയ പംക്തി തുടങ്ങുന്നത്. നില്‍ക്കാനും, ഇരിക്കാനും, കിടക്കാനും, സമയം കിട്ടാത്ത ഡോക്ടര്‍ ബ്ലോഗു മുത്തുവിനെ (MBBS, MD, IFRFS, ABCD, EFGH, IJK, LMNOP, QRSTU, VWX, VZ) ഓടിച്ചിട്ട് മുണ്ടിട്ട് പിടിച്ചാണ് (അതാണല്ലോ ഫാഷന്‍) ബ്ലോഗഭിമാനി ഈ പംക്തി കൈകാര്യം ചെയ്യുവാനായി ഇവിടേക്ക് കൂട്ടി കൊണ്ടുവന്നിരിക്കുന്നത്. ഒരു ദിവസം ഒരു ചോദ്യം എന്ന ഒറ്റ കണ്ടീഷനില്‍ ആണ് അദ്ദേഹം വന്നതും.

ഡോക്ടര്‍ ബ്ലോഗ് മുത്തുവിന് ബ്ലോഗഭിമാനിയിലേക്ക് സ്വാഗതം

ബ്ലോഗഭിമാനിക്കും, വായനക്കാര്‍ക്കും സ്വാഗതം.

ഇന്നത്തെ ചോദ്യം ചോദിച്ചിരിക്കുന്നത് ഗ്വാട്ടിമാലയില്‍ നിന്നുമുള്ള പേര് വെളിപെടുത്താനാഗ്രഹമില്ലാത്ത ഒരു ബ്ലോഗറാണ്. അദ്ദേഹം ചോദിച്ചിരിക്കുന്നത് ഇങ്ങിനെ, ബ്ലോഗിങ്ങ് ആരോഗ്യകരമോ ഡോക്ടര്‍

ഇത്രയും കുഴക്കുന്നൊരു ചോദ്യം എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണു കേള്‍ക്കുന്നതെങ്കിലും, എന്റെ വിശാലമായ അറിവു വച്ച് എനിക്കറിയാത്ത കാര്യങ്ങള്‍ ഞാന്‍ പറയാം.. ഈ ഒരു ചോദ്യത്തിനുത്തരം ചോദിച്ചിട്ട് ഞാന്‍ അലയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പലതായി അന്വേഷണം ഇപ്പോഴും ആരംഭിച്ചിടത്തു തന്നെ. എങ്കിലും ഹനുമാന്റെ ടെയില്‍ പോലെ ക്വാളിഫിക്കേഷന്‍സ് നെയിമിന്റെ പിന്നിലായി വച്ചതുകൊണ്ട് മാത്രം അറിയാവുന്ന, അല്ലെങ്കില്‍ ഇത്രയും വര്‍ഷത്തെ പ്രൊഫഷണല്‍ എക്സ്പീരിയന്‍സും, എത്തിക്സും, മാത്തമാറ്റിക്സും വച്ചുകൊണ്ട് ചില കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്നു.

ബ്ലോഗിങ്ങ് ആരോഗ്യകരമായിരുന്നു, പക്ഷെ ഇന്ന് ഗ്ലോബല്‍ വാര്‍മിങ്ങ്, ബ്ലോഗിങ്ങിനേയും അഫെക്റ്റ് ചെയ്തിരിക്കുന്നുണ്ടെന്നുള്ള പുതിയ കണ്ടെത്തല്‍ ശാസ്ത്രത്തിനും,ശാസ്ത്രഞ്ജരിലും ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു. 2006 കാലഘട്ടങ്ങളില്‍ ബ്ലോഗിങ്ങ് എന്നത്, ഒരു റിലാക്സേഷനായും, സ്വന്തം എഴുത്തിനെ പരിപോഷിക്കുന്നതിനുമായും, വ്യക്തിഗത സൌഹൃദങ്ങള്‍ വളര്‍ത്തുന്നതിനുമായാണ് ബ്ലോഗേഴ്സ് ഉപയോഗിച്ചിരുന്നത്. അന്ന് പൊല്ലൂഷനില്ല, ഇല്ലൂഷനില്ല, കണ്‍ഫൂഷനില്ല, മറിച്ച് ആത്മസംതൃപ്തി വളരെയൊട്ടുണ്ടായിരുന്നു താനും. പക്ഷെ, ഇന്ന് മറിച്ചാണ്. ബ്ലോഗിങ്ങ് എന്നത്, വെറുതെ ഫെന്‍സിങ്ങില്‍ ഇരിക്കുന്ന സ്നേക്കിനെ എടുത്ത് ഷോള്‍ഡറില്‍ വച്ചതുപോലേയും, എഴുതാനുള്ളവരുടെ കഴിവിനെ നശിപ്പിക്കുന്ന തരത്തിലും, വിക്ത്യ ഹത്യ ചെയ്യുന്നതിനുമായാണ് കുറച്ച് ബ്ലോഗേഴ്സ് ഉപയോഗിക്കുന്നത് അതിനാല്‍ ഇതിനൊരു സൊലൂഷനുമില്ല. 2 എക്സ്ട്രീംസ് ആയ ഇത്തരം ബ്ലോഗേഴ്സിന്റെ ഇടയില്‍ കഴിയേണ്ടി വരുന്ന ബ്ലോഗേഴ്സിന് ഇന്നത്തെ ബ്ലോഗിങ്ങ് അറ്റ്മോസ്ഫിയര്‍ ആരോഗ്യകരം അല്ല എന്നു മാത്രമല്ല, അനാരോഗ്യം എന്നു കൂടി എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇവിടെ വിജയകരമായി പിഴച്ചുപോവാന്‍ ആദ്യമായി ബ്ലോഗിങ്ങ് എന്താണെന്നും അതിനു പുറകിലെ രാഷ്ട്രീയവും അരാഷ്ട്രീയവും നന്നായി പഠിക്കുന്നതും നന്നായിരിക്കും. മലയാളം ബ്ലോഗര്‍ ആവാന്‍ നിങ്ങള്‍ക്ക് ആദ്യമായി ചെയ്യേണ്ട കാര്യം ശ്രീ.കൊടുങ്ങല്ലൂര്‍ വാസുദേവന്‍ ഭരണിതിരിപ്പാട് എഴുതിയ 10001 തെറികള്‍ എന്ന പുസ്തകം ഹൃദിസ്ഥമാക്കണം എന്നത്ണു. ആരെടാ എന്നൊരുത്തന്‍ ചോദിച്ചാ‍ല്‍, എന്തടാ എന്നല്ല തിരിച്ചു ചോദിക്കേണ്ടത്.. മറിച്ച് നേരിട്ട് അവന്റെ തന്തക്കും, അതിനു മുകളിലെ 3-4 ജെനറേഷനിലുള്ള കാരണവന്മാര്‍ക്കും തെറിവിളിക്കാനുള്ള ഗട്ട്സ് അത്യാവശ്യമാണിതിനു. പല ഐഡികളില്‍ ലോഗിന്‍ ചെയ്ത് എതിരാളിയെ തെറിയഭിഷേകം നടത്തി നാറ്റിക്കുന്ന കാര്യത്തിലും പ്രാവീണ്യം തെളിയിച്ച്ല്‍ ബ്ലോഗിങ്ങ് ആത്മസംതൃപ്തികൂടി പ്രദാനം ചെയ്യുമെന്നു തീര്‍ച്ച.

പ്രശ്നങ്ങള്‍കൂടാതെയുള്ള ബ്ലോഗിങ്ങിലാണു താങ്കള്‍ക്കു താല്പര്യമെങ്കില്‍ , ബൂലോഗത്തെ മേട്ടകള്‍ പറയുന്ന അഭിപ്രായത്തിനെ ഏറാന്‍ മൂളികളായി നടന്നാല്‍ മതി. ആരേയും വിമര്‍ശിക്കരുത്. എവിടെയെങ്കിലും ആരെങ്കിലും ഒരു ബ്ലോഗു തുറന്നു എന്നറിഞ്ഞാല്‍, ഉടനടി അവിടെ ചെന്നു മുതുകുചൊറിഞ്ഞു കൊടുക്കുക എന്നത് താങ്കളുടെ ഇമേജിനെ വര്‍ദ്ധിപ്പിക്കാന്‍ വളരേ സഹായകരമാകും. ജീടോക്കിലും, ഓര്‍ക്കുട്ടിലുമൊക്കെ പോയി ഓരോ സഹബ്ലോഗറുടേയും, കൃത്യമായ അഡ്രസ്, കമ്പനി വിലാസം, അയാളുടെ ബോസിന്റെ ഈമെയില്‍ അഡ്രസ്സ് എന്നിവ ശേഖരിച്ചു വക്കുന്നതും ഭാവിയില്‍ ഒരു പക്ഷേ പ്രയോജനപ്രദമായേക്കും.

വാട് വി നീഡ് ഈസ് എ ടോട്ടല്‍ റെവലൂഷന്‍. താങ്ക്യൂ.
=============== ===============


കഥയറിയാതെ ആട്ടം കാണുന്നവര്‍ അഥവാ കമന്റിടുന്നവര്‍
ബൂലോഗത്ത് ആട്ടക്കഥകള്‍ക്കും കളികള്‍ക്കും കുറവില്ലല്ലോ. എല്ലാവരും കണ്ട് രസിക്കാറുള്ളതും പലപ്പോഴായി തങ്ങളെക്കൊണ്ടാവും വിധം പങ്കെടുത്ത് അടി വാങ്ങിക്കാറുള്ളതുമാണ്. എന്നാല്‍ ഈയിടെയായി കണ്ട് വരുന്ന ഒരു രീതിയാണ് കഥയറിയാതെ ആട്ടം കാണുക എന്നത്. പണ്ട് ബിലാത്തിക്കാര്‍ വരുന്നതിനും മുമ്പ് നിലനിന്നിരുന്ന ഈ കലാരൂപം ആധുനികതയുടെ തള്ളിക്കയറ്റത്തില്‍ മണ്മറഞ്ഞ് പോവുകയാണുണ്ടായത്. എന്നാല്‍ ഇന്ന് ആധുനിക മലയാളം എഴുത്തിന്റെ വക്താക്കളാ‍യ മലയാളം ബ്ലോഗര്‍മാര്‍ ഈ കലാരൂപത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. പരിപാടി ഇപ്രകാരമാണ്.

എതെങ്കിലും വിഷയത്തെ പറ്റി ബൂലോഗര്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തുമ്പോള്‍ (ഇത് കണ്ട് പിടിക്കാന്‍ പ്രയാസമില്ലാത്ത കാര്യമാണ്. കണ്ണടച്ച് പിന്മൊഴിയിലെ എതെങ്കിലുമൊരു ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി. 9/10 പ്രാവശ്യവും തല്ലില്‍ എത്താം) ഇടയില്‍ ചാടി വീണ് എന്തെങ്കിലും പറയുക എന്നതാണ് ആദ്യ പടി.

അടുത്ത പടി കാലകേയവധം നടന്ന് കൊണ്ടിരിക്കുമ്പോള്‍ ആ പോസ്റ്റില്‍ വധിക്കാന്‍ വരുന്ന രാജാവ് തന്നെയാണ് സീതയെ കട്ടത് എന്ന് കമന്റിടുക, വ്യംഗ്യത്തിലായാലും മതി. അതോട് കൂടി രാജാവിനെ തല്ലാന്‍ തക്കം പാര്‍ത്തിരുന്നവരും സീതയുടെ അളിയന്മാരും ചാടി വന്ന് രാജാവിനെ തല്ലും. ഒടുവില്‍ തല്ല് ഇവര്‍ തമ്മിലാവുകയും രാജാവും കാലകേയനും അടി നടത്താന്‍ പറ്റിയ വേറെ പോസ്റ്റ് തപ്പി പോവുകയും ചെയ്യും. അടി കിട്ടിയവര്‍ക്കും കൊടുത്തവര്‍ക്കും കണ്ട് നിന്നവര്‍ക്കും കാര്യമൊന്നും അറിഞ്ഞിരിക്കണമെന്നില്ല എന്നതാണ് ഈ കലാരൂപത്തിന്റെ പ്രത്യേകത. എന്തായാലും ഇപ്രാവശ്യത്തെ യുനസ്കോ സാംസ്കാരികോന്നമന പുരസ്കാരം ബൂലോഗത്തിനെ തേടിയെത്തിയാല്‍ ബ്ലോഗഭിമാനിക്ക് അല്‍ഭുതം ഒന്നും ഉണ്ടാവില്ല.
=============== ===============

ഇന്നും, നാളേയും -
ഇന്ന് - കടം മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.
നാളെ - വ്യക്തിഹത്യയും മാനഹാനിയും മൂലം, ജോലി നഷ്ടപെട്ട ബ്ലോഗര്‍ ആത്മഹത്യ ചെയ്തു -

ഇത് പഴഞ്ചൊല്ലുകളുടെ സീസണാണല്ലോ. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് മലയാളി അന്വര്‍ത്ഥമാക്കും, എന്നാല്‍ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നും, ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കും എന്നുള്ളതും, കേട്ട ഭാവം‍ നടിയ്ക്കില്ല. വെള്ളമടിച്ചാല്‍ കുപ്പിയോടെ, ബ്ലോഗ് ചെയ്താല്‍ ഓഫീസിലിരുന്ന് പണിയെടുക്കാതെ. പറയാനാണെങ്കില്‍ കുറെ ഉണ്ട്. മലയാളികളെ കുറ്റം പറയാനായി 'തല്ലൂ അങ്കിള്‍' എന്നൊരു ബ്ലോഗ് തുടങ്ങാന്‍ ആലോചനയുണ്ട് ബ്ലോഗാഭിമാനിക്ക്.

പറഞ്ഞ് വന്നത് മലയാളി ബ്ലോഗേഴ്സിന് ഈയിടെയായി വന്ന ഡിപ്രഷനെ കുറിച്ചാണ്. ബൂലോഗത്തെ വ്യക്തിഹത്യകളിലും ചോരമാരണങ്ങളിലും യൂണിക്കോഡിന് ചില്ല് വേണോ ഫൈബര്‍ ഗ്ലാസ് വേണോ എന്ന പോലത്തെ എങ്ങുമെത്താത്ത മെഗാസീരിയല്‍ അടിപിടികളിലും മനം മടുത്ത് പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി അറിയുന്നു. ജോലിത്തിരക്കിനിടെ റിലാക്സേഷന് വേണ്ടി ബൂലോഗത്തെത്തിയിരുന്നവര്‍ ഇപ്പോള്‍ ബ്ലോഗ് വായിച്ച ടെന്‍ഷന്‍ മാറ്റാന്‍ ഒരു അരമണിക്കൂര്‍ പണിയെടുക്കട്ടെ എന്ന് പറയുന്ന സ്ഥിതിയാണ്. ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ മലയാളി കര്‍ഷകരെ പിന്തുടര്‍ന്ന് മലയാളി ബ്ലോഗര്‍മാരും കൂട്ട ആത്മഹത്യ ചെയ്തേക്കും.
=============== ===============

ബ്ലോഗ് ചേരിതിരിവ് -
രാജ്യാന്തര, സംസ്ഥാനാന്തര ജില്ലാന്തരത്തില്‍നിന്നും മാറി പഞ്ചായടിസ്ഥാനത്തിലെന്ന് ബ്ലോഗ് മന്ത്രി

വളരും തോറും പിളരും എന്ന ആപ്തവാക്യം ബൂലോഗത്തെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണെന്ന് പറയേണ്ടിയിരിക്കുന്നു. ദേശീയ തലവും സംസ്ഥാനതലവും കഴിഞ്ഞ് പഞ്ചായത്ത് വാര്‍ഡ് തലത്തിലെത്തി നില്‍ക്കുന്നു ബൂലോഗ പിളര്‍പ്പ്. ആകെ ആറേമുക്കാല്‍ ബ്ലോഗേഴ്സുള്ള കുമ്പളങ്ങി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 9 മീറ്റ് പ്രഖ്യാപനങ്ങളും 7 മീറ്റും 5 റിബല്‍ മീറ്റും നടന്നുവത്രേ. കൂടാതെ ബൂലോഗത്തെ അടിപിടികളുടെ ബാക്കി ബൂലോഗത്തിന് പുറത്ത് നേരിട്ടും ആളെ വിട്ടും മെയിലയച്ചും തീര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ബൂലോഗം വളര്‍ന്ന് ഇന്റര്‍നെറ്റിന്റെയും പുറത്തെത്തിയതില്‍ നമുക്ക് അഭിമാനിക്കാം. പിളരും തോറുമുള്ള വളര്‍ച്ച എങ്ങോട്ട് എന്ന ചോദ്യമാണ് ഉത്തരം കിട്ടാത്തതായിട്ടുള്ളത്.
=============== ===============

ഉരുളയ്ക്കുപ്പേരി:
ആരോ ഒരാള്‍: കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് ബൂലോഗം വളരുക.
ബ്ലോഗഭിമാനി: മാപ്പിന്റെ കാര്യമാണെങ്കില്‍ ശരിയാണ്.

33 Comments:

  • At 6:16 AM , Blogger ബ്ലോഗഭിമാനി said...

    "ബ്ലോഗഭിമാനി - ലക്കം 7"

     
  • At 6:28 AM , Blogger sreeni sreedharan said...

    ആഹാ, ഇപ്പൊ പൂര്‍ത്തിയായ് :)

     
  • At 6:37 AM , Blogger കുറുമാന്‍ said...

    ലേറ്റസ്റ്റ് അവാര്‍ഡ് ജേതാവായ കുറുമാനെ പുതപ്പുക്കുവാന്‍ വേണ്ടിയും ബ്ലോഗ് കൂട്ടായ്മ ഒരു കോടിമുണ്ട് നെയ്യുന്നുണ്ടെന്നും - ബ്ലോഗാഭിമാനിയേ, കോടിമുണ്ട് കൊണ്ട് പുതപ്പിക്കുന്നത് മരിച്ചതിന് ശേഷമാ. അപ്പോള്‍ എന്നെ കൊന്നു അല്ലെ. നന്നായി.

     
  • At 6:56 AM , Blogger Unknown said...

    രണ്ട് തവണ വായിച്ചു, ഇനിയിവിടിരുന്ന് വായിച്ചാല്‍ എല്ലാരും കൂടെ ഞാന്‍ ഭ്രാന്തനാണെന്ന് പറയും -- ചിരി കാരണം. എത്ര നേരമാണു് സ്ക്രീനില്‍ നോക്കി തുടരെ ചിരിക്കുക?

    എന്താ ഒരു ഭാവന..! സമ്മതിച്ചിരിക്കുന്നു..

    നിലവാരമുള്ള തമാശകള്‍ ഇത്തവണയുണ്ട്.

     
  • At 7:13 AM , Blogger Unknown said...

    മീറ്റെന്നു കേട്ടാല്‍, യു എ യി ബ്ലോഗുകാര്‍ ഇപ്പോള്‍ ഞെട്ടുന്നു എന്നും, ഷെയറിടേണ്ട കാശുണ്ടെങ്കില്‍ നാലുകിലോ മീറ്റ് വാങ്ങി സ്വന്തക്കാരായ നാലു കുടുംബത്തെ വിരുന്നു വിളിച്ച് മീറ്റുകയാകും ഉത്തമം എന്നും ചിലര്‍ പറയുന്നത് ബ്ലോഗഭിമാനി ലേഖകന്‍ കേട്ടു

    അഭിമാനീ... ഹാ‍ാ‍ാഹ്..
    നമ്മടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടു അല്ലേ? ഇത്തവണ കലക്കി. :-)

     
  • At 7:22 AM , Blogger കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: അടിപൊളി ക്രിസ്റ്റല്‍ കൊണ്ടുണ്ടാക്കിയ ജന്നല്‍ ഒന്നെറിഞ്ഞില്ലെങ്കില്‍ മോശല്ലേ..

    മാസികേടെ താളിനു എണ്ണം പോരാന്നുള്ള പരാതി തരുന്നതു ഒരു നല്ല കാര്യല്ലേ?

     
  • At 8:29 AM , Blogger Shiju said...

    ജോലിത്തിരക്കിനിടെ റിലാക്സേഷന് വേണ്ടി ബൂലോഗത്തെത്തിയിരുന്നവര്‍ ഇപ്പോള്‍ ബ്ലോഗ് വായിച്ച ടെന്‍ഷന്‍ മാറ്റാന്‍ ഒരു അരമണിക്കൂര്‍ പണിയെടുക്കട്ടെ എന്ന് പറയുന്ന സ്ഥിതിയാണ്.

    ടെന്‍ഷന്‍ മാറ്റാന്‍ എനിക്കിപ്പം എട്ടു മണിക്കൂര്‍ പണിയെടുക്കണം എന്നായിട്ടുണ്ട്.

     
  • At 8:29 AM , Blogger Jayson said...

    കേരള ടിപ്സ്‌ അവാര്‍ഡ്‌ സമ്മാനം ഇവിടെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌! ഒരു തന്തക്ക്‌ പിറന്നവനായതു കൊണ്ട്‌ കൊടുക്കുമെന്ന് പറഞ്ഞാല്‍ കൊടുക്കും! :)

     
  • At 8:33 AM , Blogger sandoz said...

    ഹ.ഹ.ഹ......ചിരിച്ചത്‌ ബ്ലോഗ്‌ അഭിമാനി വായിചിട്ടല്ലാ........ടിപ്സുകാരുടെ ഫീലിങ്ങ്സ്‌ കേട്ടിട്ടാണു.....

     
  • At 8:42 AM , Blogger കരീം മാഷ്‌ said...

    ബ്ലോഗാഭിമാനി ലക്കം 7 വായിച്ചു കമണ്ടിട്ടവര്‍ക്കു നന്ദി.
    ബ്ലോഗാഭിമാനി,
    പച്ചാളം,
    കുറുമന്‍,
    ഏവൂരാന്‍,
    ദില്‍ബാസുരന്‍,
    കുട്ടിച്ചാത്തന്‍,
    ഷിജു,
    ലിങ്കുഗുരു,
    സാണ്ടോസ്,
    എല്ലാര്‍ക്കും നന്ദി.

    ആരും ഉടമസ്ഥവകാശം പറയാനില്ലാത്തതിനാലും ആരും അവകാശം പറഞ്ഞു വരില്ലന്നുറപ്പായതിനാലും ഈ കമ്പനിയുടെ 100% ഷയരും ഞാനങ്ങോട്ടു വാങ്ങിച്ചു.
    അടി ചെണ്ടക്കും പണം മാരാര്‍ക്കും
    നാലും മുക്കലു കിട്ടുമ്പോള്‍ ചെണ്ടക്കൊച്ചീണ്ടാവില്ല.

     
  • At 9:42 AM , Blogger അലിഫ് /alif said...

    കരീം മാഷേ, ‘ചെണ്ട‘ യെക്കുറിച്ച് മാത്രം മുണ്ടരുത്. വേണമെങ്കില്‍ മദ്ദളമാകാം.

    - ചെണ്ടക്കാരന്‍ (മുന്‍)

     
  • At 10:09 AM , Blogger ലിഡിയ said...

    ഇപ്രാവശ്യത്തെ ബ്ലോഗാഭിമാനി കലക്കി, ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.

    തുടരട്ടെ, ഇത് പോലെ ഒരു കുഞ്ചന്‍ നമ്പ്യാരെ നമുക്ക് ആവശ്യമുണ്ട്.

    അടുത്ത ലക്കം “ഡോക്ടറോട് ചോദിക്കാം” എന്ന പംക്തിയില്‍ എന്റെ ചോദ്യമാവട്ടെ.
    ചോ:ബൂലോഗത്ത് ഇപ്പോള്‍ നിലനില്ക്കുന്ന അടിയന്തരാവസ്ഥ മാറാന്‍ എന്ത് ചെയ്യണം ഡോക്ടര്‍?(ചെലവ് കുറഞ്ഞ വഴിപാടെന്തെങ്കിലും ഉണ്ടെങ്കില്‍ അതും കഴിക്കാല്‍ തയ്യാറാണ്)

    -പാര്‍വതി.

     
  • At 11:16 AM , Blogger വേണു venu said...

    എല്ലാ ലക്കങ്ങളേയും ഇഷ്ടപ്പെടുന്നതു കൊണ്ടു് , ഇതിഷ്ടപ്പെട്ടൂ എന്നു പറയുന്നതിലര്‍ഥമില്ലല്ലോ.
    ബൂലോക മനസ്സാക്ഷിയുടെ പോസ്റ്റുമാര്‍ട്ടം, വളര്‍ച്ചയുടെ ഇഷ്ടികകളായി കാണുന്ന ഞാന്‍ ഇത്തരം വിലയിരുത്തകളെ താത്വികമമായി പലപ്പോഴും അങ്ങീകരിക്കുന്നു.
    പിന്നെ അടിയന്തിരാവസ്ഥ എന്നും ചരിത്രത്തില്‍ ചെല കുരുതികള്‍ ആവശ്യപ്പെടുന്നുണ്ടു്.
    കുരുതികള്‍ ഒഴിവാക്കാന്‍ അടിയന്തിരാവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ഭാവുകങ്ങള്‍.
    -വേണു.

     
  • At 12:02 PM , Blogger ദേവന്‍ said...

    ബ്ലോഗഭിമാനി പുനരാരംഭിച്ചോ? സന്തോഷം. ചില ചെറിയ കാര്യങ്ങള്‍.
    1. അടിയന്തരാവസ്ഥ എന്നത്‌ അക്ഷര തെറ്റ്‌. "അടി എന്തരോ അവസ്ഥ" എന്നായിരിക്കും ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

    2. തെറി പഠിക്കാന്‍ ഏറ്റവും നല്ലത്‌ പോലീസ്‌ ക്ലബ്ബ്‌ ഈയിറ്റെ പ്രകാശനം ചെയ്ത "റാസ്കല്‍ 2007" എന്ന പുസ്തകമാണ്‌ (ക്രെഡിറ്റ്‌ നാദിര്‍ഷായ്ക്ക്‌)

    3. ബൂലോഗത്ത്‌ ഇന്നുള്ള അടി-എന്തരോ അവസ്ഥ മാറാന്‍ വഴിപാട്‌ എന്തെങ്കിലും ഉണ്ടോ എന്ന് ഒരു വായനക്കാരി ചോദിച്ചു കണ്ടു. എന്റെ അഭിപ്രായത്തില്‍ വഴിപാട്‌ മുഴുവന്‍ വേണമെന്നില്ല, പാട്‌ മാത്രം മതിയാവും. പാട്‌ ഉണ്ടാക്കാനുള്ള വഴി:

    ഒരിഞ്ചു വണ്ണത്തില്‍ നാലടിനീളമുള്ള ചൂരല്‍ എള്ളെണ്ണയിട്ട്‌ തയ്യാറാക്കി വച്ച ശേഷം ഒരു ആഗോള ബൂലോഗ മീറ്റ്‌ വിളിക്കുക. സകല ബ്ലോഗന്മാരെയും സ്റ്റേജിലേക്ക്‌ ആനയിച്ച്‌ ബാനറിലേക്ക്‌ സൂക്ഷിച്ചു നോക്കി നില്‍ക്കാന്‍ പറയുക. ശേഷം കൃത്യമായി ഉന്നം നോക്കി ഓരോ പൊഠീരു കൊടുക്കുക. പാട്‌ നല്ലതുപോലെ തെളിഞ്ഞു കാണും.

     
  • At 12:02 PM , Blogger തറവാടി said...

    ഈ ലക്കം നന്നായി.

     
  • At 9:56 PM , Blogger krish | കൃഷ് said...

    അത്ര മോശായില്ലെങ്കിലും കൊള്ളാം ഈ ലക്കം ബ്ലോഗഭിമാനി.

    ഉടന്‍ തന്നെ "തല്ലു അങ്കിള്‍" ബ്ലോഗ്‌ തുടങ്ങൂ അഭിമാനി, എന്നിട്ട്‌ വേണം ബൂലോഗത്തുള്ള എല്ലാ തല്ലുകളും അങ്ങോട്ട്‌ റീ-ഡയറക്റ്റ്‌ ചെയ്തു വിടാന്‍.

    (കരീം മാഷേ.. ഇതെന്താ.. ആളില്ലാത്ത ബ്ലോഗിന്റെ ഉടമസ്താവകാശം കൈയ്യേറിയോ.)

     
  • At 11:22 PM , Blogger Siju | സിജു said...

    good :-)

     
  • At 11:49 PM , Blogger കുതിരവട്ടന്‍ | kuthiravattan said...

    വളരെ നന്നായിട്ടുണ്ട്‌.

     
  • At 12:02 AM , Blogger സുഗതരാജ് പലേരി said...

    വളരെ നന്നായി :)

     
  • At 12:16 AM , Blogger സൂര്യോദയം said...

    ബ്ലോഗിങ്ങിലെ തലതിരിച്ചിലുകളെയും തരം തിരിച്ചിലുകളെയും വല വീശി (മുണ്ട്‌ വീശി) പിടിച്ച്‌ ഒന്ന് ചെവിയില്‍ നുള്ളി നേരെയാക്കാനുള്ള ബ്ലോഗാഭിമാനിയുടെ ശ്രമം പ്രശംസനീയം തന്നെ.... മുണ്ട്‌ വീശല്‍ തുടരട്ടെ....

     
  • At 1:13 AM , Blogger ഇടിവാള്‍ said...

    യൂയേയിമീറ്റിന്റെ ഷെയ ഇടുന്ന കാര്യവും,ആറര ബ്ലോഗുള്ള കുമ്പളങ്ങി പഞ്ചായത്തിലെ 5 റിബല്‍ മീറ്റും, കാലകേയവധം രാജാവും സീതയും അളിയന്മാരുമെല്ലാമുള്ള ത്ല്ലും വായിച്ച്, ചിരിച്ച് ചിരിച്ച് ഞാന്‍ കരഞ്ഞു, കണ്ണീര്‍ ധാരധാരയായി ഒഴുകി, അതൊരു തടാകമായി... ആ കണ്ണീര്‍കായലിലേക്കു ചാടി ഞാന്‍ സുഖമായൊന്നു നീന്തിക്കുളിച്ചെണീറ്റു !

    ആഹാ എന്തൊരു സുഖം!

    കഴിഞ്ഞലക്കം എന്നെ വ്യക്തിഹത്യ ചെയ്തതിനു ഞാന്‍ മാപ്പു തന്നിരിക്കുന്നു!!!

     
  • At 1:47 AM , Blogger കണ്ണൂരാന്‍ - KANNURAN said...

    കലക്കീന്നു പറഞ്ഞാല്‍ കലക്കി വെറും കലക്കല്ല, അടിച്ചു പൊളിച്ചു തകര്‍ത്തു....

     
  • At 12:44 PM , Blogger അരവിന്ദ് :: aravind said...

    ഇത്തവണ അലക്ക് കൊള്ളാം.

    ശബ്ദം കുറവാണേലും പത ധാരാളണ്ട്...

    ഞാന്‍ ഫ്രീ ആണ്‍‌ട്ടാ..ഇന്റര്‍വ്യൂ വേണോങ്കി തരാം.

    :-))

     
  • At 4:09 AM , Blogger മുല്ലപ്പൂ said...

    ഈ ലക്കം ഗംഭീരമായി.
    മുണ്ടിട്ട് പിടി,തല്ലൂ അങ്കിള്‍, മീറ്റ്

    എല്ലാം സ്പെഷ്യല്‍ തന്നെ.

     
  • At 4:29 AM , Blogger അത്തിക്കുര്‍ശി said...

    വായിച്ചു.. ഉഗ്രന്‍!!

     
  • At 4:34 AM , Blogger Kaithamullu said...

    ബ്ലോഗ് അഭിമാനിയായതിനാല്‍ ഓടിയൊളിച്ചെന്നും എ കെ അന്തോണിയെപ്പോലെ രാജി വെയ്ച്ചെന്നും ഇനി തിരിച്ച് വരവില്ലെന്നും ഒക്കെ പറഞ്ഞോരെവിടെ? അവരുടെ വീടെവിടെ, കൂടെവിടെ മക്കളേ?

    -കഴിഞ്ഞ പോസ്റ്റിനേക്കാള്‍ ഊര്‍ജജസ്വലതയുണ്ടീ പോസ്റ്റിന്.വരിക, വന്നുകൊണ്ടേയിരിക്കുക!(തിരിച്ച് പോകാതെ)

     
  • At 5:56 AM , Blogger -സു- {സുനില്‍|Sunil} said...

    :എന്താണ് ഈ ത്വരിത ഗതിയിലുള്ള വളര്‍ച്ചക്ക് കാരണം?
    " അതെന്നാ സാധനം? ഇപ്പോ വളര്‍ച്ചയെത്തിയോ?

     
  • At 7:34 AM , Blogger ഏറനാടന്‍ said...

    ആപ്പീസില്‍ നിന്നും ബൂലോഗത്തൂടെ നടന്ന് വൈകിയപ്പോള്‍ അസമയമായി. പേടിയില്ലേലും വല്ല ദുരാത്മാക്കളും വന്നാലോ പിന്തുടര്‍ന്നാലോന്നൊരു പ്യേടി. അങ്ങിനേയാ ഇവിടെ കയറിയത്‌. വായിച്ച്‌ ചിരിച്ച്‌ കണ്ണുനിറഞ്ഞു, വയറും വേദനിച്ചു.

    ശരിക്കും താങ്കള്‍ അരാണ്‌ ബ്ലോഗാഭിമാനീ??

     
  • At 8:31 AM , Blogger keralafarmer said...

    ഈ ഒരു പ്രവണതയെ ചെറുക്കുക തന്നെ വേണം, തടുക്കുക തന്നെ വേണം, നിരുത്സാഹപെടുത്തുക തന്നെ വേണം. അല്ലെങ്കില്‍, അമ്മൂമ്മ കഥകള്‍ കേള്‍ക്കാതെ, നാടന്‍ പാട്ടുകളുടെ ഈരടികളും, പഴം ചൊല്ലുകളും എന്തെന്നറിയാതെ വളരുന്ന പുതിയ തലമുറയിലെ കുട്ടികളെ പോലെ, മലയാളം ബ്ലോഗു ലോകത്തില്‍ വിടര്‍ന്നു വരുന്ന പുതിയ എഴുത്തുകാര്‍‍, പഴമയുടെ ഗന്ധവും, കൂട്ടായ്മയുടേയും ശക്തിയും അറിയാതെ, വെറും, തമ്മിലടിയും, ചെളിവാരിയെറിയലും മാത്രം കണ്ട് വളര്‍ന്നു വരുവാനുതകുന്ന ഒരു സാഹചര്യം നമ്മളായി ഒരുക്കാതിരിക്കുക.

     
  • At 3:09 AM , Blogger ബ്ലോഗഭിമാനി said...

    ബ്ലോഗഭിമാനി വീണ്ടും!!

    ഉടന്‍ പ്രതീക്ഷിക്കുക.. പുതിയ പംക്തികളും അവലോകനങ്ങളുമായി !!


    പി.എസ്. ബ്ലോഗഭിമാനിയിലെ പഴയെ റിപ്പോര്‍ട്ടര്‍മാരെല്ലാം തയ്യാറായിരിക്കാന്‍ താല്പര്യപ്പെടുന്നു.

     
  • At 10:52 AM , Blogger ദിലീപ് വിശ്വനാഥ് said...

    ബ്ലോഗാഭിമാനി കലക്കിയല്ലോ. നന്നായിട്ടുണ്ട്.

     
  • At 6:57 AM , Blogger മുസ്തഫ|musthapha said...

    പഴയ റിപ്പോര്‍ട്ടര്‍മാരെ...
    നിങ്ങള്‍ ഉണര്‍ത്ത് പ്രവര്‍ത്തിക്കേണ്ട സമയമാണിത്... അത്യാവശ്യം വഹകള്‍ തടയുന്ന സമയമാണെന്ന്... ഒരു ലക്കം കൂടെ ഇറക്കെന്നേയ്...

    --------- നീയെവിടെ...
    --------- താനവിടെ എന്തെടുക്കുവാ...
    --------- മാഷെ വീണ്ടും ഒന്നുഷാറാവെന്നേയ്...

     
  • At 4:00 PM , Anonymous Anonymous said...

    hello... hapi blogging... have a nice day! just visiting here....

     

Post a Comment

Subscribe to Post Comments [Atom]

<< Home