ബ്ലോഗഭിമാനി

:: സ്വതന്ത്ര ബ്ലോഗീയ ഇഷ്ടിക::

Monday, November 06, 2006

ബ്ലോഗഭിമാനി - ലക്കം 4

എഡിറ്റോറിയല്‍.

മാന്യ വായനക്കാരേ, ലക്കം മൂന്ന് ബ്ലോഗഭിമാനിക്കു ലഭിച്ച പ്രതികരണങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിക്കുന്നു. പലരുടേയും പ്രധാന ആവശ്യമായ “വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറച്ച്” മുന്നോട്ടു പോകാനാണു ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനു മുന്‍പ് ഒന്നുരണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ.

ബ്ലോഗഭിമാനി എന്ന പേരാണു ശരി എന്നു തിരുത്തിയ ഉമേഷിനു നന്ദി. വാരികയായിട്ടാണു ബ്ലോഗഭിമാനിയുടെ തുടക്കം എങ്കിലും, ഇനി മുതല്‍ ഇതൊരു “ഇഷ്ടിക”യായിരിക്കും എന്നറിയിക്കട്ടേ. അതെന്ത് ഇഷ്ടിക? അതായത്, മാസത്തില്‍ പ്രസിദ്ധീകരിക്കുന്നത് മാസിക, ദ്വൈവാരത്തില്‍ പ്രസിദ്ധീകരിക്കുന്നത് ദ്വൈവാരിക, വാരത്തില്‍ പ്രസിദ്ധീകരിക്കുന്നത് വാരിക... ഇഷ്ടമുള്ളപ്പോള്‍ പ്രസിദ്ധീകരിക്കുന്നത് ഇഷ്ടിക. (പഴയൊരു മത്തായിച്ചന്‍ ഫലിതത്തിനു കടപ്പാട്)

കഴിഞ്ഞ ലക്കത്തിലെ കോളിളക്കം സൃഷ്ടിച്ച “ഗൂഗിള്‍ ടോക്കും സ്റ്റാറ്റസ് ബാര്‍” എന്ന ലേഖനത്തിനുള്ള വിശദീകരണം കൂടി ഇത്തരുണത്തില്‍ രേഖപ്പെടുത്താന്‍ ഞങ്ങള്‍ക്കു താല്പര്യമുണ്ട്. ബ്ലോഗുകളുമായി ഒരു ബന്ധമില്ലാതിരുന്ന ഗൂഗിള്‍ ടോക്ക് സ്റ്റാറ്റസിനെ ഇവിടെ പ്രദിപാദിച്ചതിനെ ചോദ്യം ചെയ്ത പെരിങ്ങോടനു നന്ദി. ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ ഭൂലോഗത്തിന്റെ മൂന്നു കോണുകളിലിരുന്നു ഈമെയിലുകള്‍ വഴി നടത്തുന്ന ഈ സംരഭത്തില്‍ ബാലാരിഷ്ടതകള്‍ തീര്‍ച്ചയായും ഉണ്ടാകും, വായനക്കാര്‍ അത് തിരുത്താനും പ്രകടനം മെച്ചപ്പെടുത്താനും ഞങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആദ്യലക്കത്തില്‍ തന്നെ പറഞ്ഞ “ഹാസ്യ മുഖമുദ്ര”യോടെ ബ്ലോഗഭിമാനി തുടരാനാണു ഞങ്ങളുടെ തിരുമാനം. “ഗൂഗിള്‍ സ്റ്റാറ്റസ് “ മെസേജ് ബ്ലോഗുമായി ബന്ധപ്പെടാത്ത ഒന്നായിരുന്നിട്ടും “ഒരു തമാശ” എന്ന നിലയിലാണ് ഞങ്ങള്‍ അതു പ്രസിദ്ധീകരിച്ചത്. വിശ്വസിച്ചു ചേര്‍ത്ത കൂട്ടുകാരെ ഒറ്റിക്കൊടുക്കല്‍ എന്ന പ്രയോഗം ഇവിടെ യാതൊരു വിധത്തിലും പ്രായോഗികമാകുന്നില്ല. കാരണം, വ്യക്തിപരമായ ഒരു പരാമര്‍ശവും അതിലില്ലായിരുന്നുവെനു മാത്രമല്ലവളരേ ജനറലൈസ്‌ഡ് ആയിരുന്നു.

ബാക്കി ലേഖനങ്ങളെല്ലാം കഴിയും വിധം സത്യസന്ധമായിരുന്നുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അല്ലറ ചില്ലറ തമാശക്കളികളുണ്ടായിരുന്നു, ഉദാഹരണത്തിനു കേരള ഫാര്‍മര്‍, വിശാലന്‍ എന്നിവരെകുറിച്ചുള്ള പരാമര്‍ശങ്ങള്‍. ഇഷ്ടപ്പെടാത്തവ പറയുക, എഴുത്തില്‍ ശിശുക്കളായ ഞങ്ങളെ തെളിഞ്ഞു വരാന്‍ സഹായിക്കുക.

പിന്നെ, വിമര്‍ശനങ്ങള്‍. ബ്ലോഗഭിമാനി വിമര്‍ശനങ്ങള്‍ക്കു വേണ്ടിയുള്ള ഒന്നല്ല, ആരേയും വിമര്‍ശിച്ചു നന്നാക്കാം എന്ന തെറ്റിദ്ധാരണ ഞങ്ങള്‍ക്കില്ല. നിങ്ങളില്‍ പലരേയും അറിയുക പോലും ചെയ്യാത്ത ഞങ്ങള്‍, വ്യക്തിഹത്യ നടത്തി പ്രത്യേകിച്ചൊന്നും നേടുന്നില്ല. ബ്ലോഗുകളുമായി ബന്ധപ്പെട്ട പല അനാരോഗ്യ പ്രവണതകളേയും “ആക്ഷേപ ഹാസ്യത്തിന്റെ” മേമ്പൊടിയോടെ വെളിച്ചത്തു കൊണ്ടു വരിക എന്നേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ, അല്ലാതെ ഞങ്ങള്‍ വിമര്‍ശകരല്ല, വിമര്‍ശിക്കാന്‍ മാത്രം ജനിച്ചവരല്ല, വിമര്‍ശിക്കാനായി ബ്ലോഗു തുടങ്ങിയവരല്ല. പക്ഷേ, ജാഡകള്‍ വെളിച്ചം കാണുക തന്നെ ചെയ്യും!

( ആക്ഷേപഹാസ്യം.. ഹൌ.. എഡിറ്ററാണെന്നു പറഞ്ഞിട്ടെന്നാ കാര്യം, ആ ഒരു വാക്ക് ഓര്‍മ്മ വരാന്‍ ഗന്ധര്‍വന്റെ ഒരു കമന്റ് വായിക്കേണ്ടി വന്നു)

സസ്നേഹം. എഡിറ്റര്‍.

ബൂലോഗം സംഘര്‍ഷഭരിതം, ഗ്രൂപ്പുകള്‍ ശക്തം.
കഴിഞ്ഞ ഒരാഴ്ചയായി ബൂലോഗത്തെ ആഭ്യന്തര ക്രമസമാധാനനില അത്യന്തം വഷളായിരിക്കയാണെന്നു വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പരസ്പരം സ്നേഹിച്ചും, കമന്റുകളാല്‍ പുറം ചൊറിഞ്ഞും കൊടുത്ത് സമാധാന ജീവിതം നയിച്ച ബൂലോഗ കുടുംബത്തേക്കു മൂത്തപുത്രന്‍ ഒരു ഭദ്രകാളിയെ കെട്ടിക്കൊണ്ടു വന്ന പോലെയാണ് കാര്യങ്ങള്‍ കുഴഞ്ഞു കിടക്കുന്നത്. ബൂലോഗത്തിന്റെ വളര്‍ച്ചയുടേ ഒരു ഭാഗം തന്നെയാണ് ഈ അപചയങ്ങള്‍ എന്നു ബൂലോഗകാരണവന്മാര്‍ വിലയിരുത്തി. ബൂലോഗത്ത് ഗ്രൂപ്പിസം വളരുന്നതായും ഇതേതുടര്‍ന്നുള്ള ചര്‍ച്ചകളില്‍ നിന്നും വ്യക്തമായി. അമേരിക്കന്‍ ബുദ്ധിജീവി ഗ്രൂപ്പും, യൂയേയി ഗ്രൂപ്പുമാണ് ഇപ്പോള്‍ സജീവമായി രംഗത്തുള്ളത്. ഇതിനിടക്ക് “ഞങ്ങള്‍ കൊച്ചീക്കാര്‍” എന്ന പേരില്‍ കൊച്ചി മീറ്റ് ഉദ്ദേശിച്ച് ഒരു ബ്ലോഗു തുടങ്ങിയതും ഗ്രൂപ്പുകളിക്കാണോ എന്ന സംശയം പലരും പ്രകടിപ്പിച്ചു. അടുത്തു തന്നെ നടക്കാനിരിക്കുന്ന യൂയേയി മീറ്റ്, ഡല്‍ഹി മീറ്റ് എന്നിവയില്‍ ഗ്രൂപ്പുകളികളെക്കുറിച്ച് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരാവാഹികള്‍ അറിയിച്ചു.

ഇതിനിടയില്‍ ശ്രദ്ധേയമായ ഒരു ഏറ്റുമുട്ടലുണ്ടായത് ഉമേഷും കൈപ്പിള്ളിയും തമ്മിലാണ്. വിമര്‍ശനം മുഖമുദ്രയാക്കിയ ബുള്‍ഡോസര്‍, നെല്ലിക്ക എന്ന ബ്ലോഗില്‍ നടത്തിയ ദേശീയ പതാക പ്രശ്നത്തില്‍ “ കിടുവയാല്‍ പിടിക്കപ്പെട്ട കടുവ”യായി കയ്പുനീരു കുടിക്കയും, ശേഷം പ്രതികാരമെന്നോണം വിമര്‍ശിച്ചവരെ പരിഹസിക്കാനെന്നോണം “മിനിമലിസം” എന്നൊരു പോഡ്കാസ്റ്റ് ഇറക്കുകയും ചെയ്തു. തങ്ങളുടെ ഒരു ഗ്രൂപ്പ് മെമ്പറെ ആക്ഷേപിച്ച കൈപ്പിള്ളിക്കെതിരെ അമേരിക്കന്‍ ബുജി ഗ്രൂപ്പ് തിരിയുകയും സംഗതി വഷളായി “അല്‍‌പന്‍”, “പടക്കം പൊട്ടിക്കല്‍ ”, തുടങ്ങിയ അക്രമമാര്‍ഗങ്ങളിലേക്കു നീങ്ങുകയും ചെയ്തു. ആദിത്യന്‍, അരവിന്ദന്‍, ഇടിവാള്‍, പച്ചാളം, അന്മ്ഗാരി തുടങ്ങിയവര്‍ ഗോദയിലിറങ്ങിയെങ്കിലും, ബൂലോഗത്തെ ഈ രണ്ടു ഹെവി‌വെയ്റ്റുകളും പരസ്പരം ഒരു മാപ്പപേക്ഷാ പോസ്റ്റുകള്‍ നല്‍കി ബൂലോഗത്തെ ഒഫീഷ്യല്‍ “വൈറ്റ് ഫ്ലാഗ്” ആയ പച്ചാളക്കളസം വീശി സമാധാനത്തിന്റെ പാതയിലേക്കു വന്നു. പച്ചാള വെള്ളക്കളസത്തിന്റെ മഹാസാധ്യതകളെ ചൂണ്ടിക്കാണിച്ച ഒന്നായിരുന്നു ഈ സംഭവം. ഇതിനു മുന്‍പും ബൂലോഗത്തെ മറ്റു പല സംഘര്‍ഷങ്ങളും പച്ചാളക്കളസത്തിനു മുന്നില്‍ നിര്‍വീര്യമായിട്ടുണ്ടെന്ന് ബ്ലോഗഭിമാനി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് ബൂലോഗത്ത് ഗ്രൂപ്പുകളുടെ നിലനില്‍പ്പിനെക്കുറിച്ച് “എന്റെ ലോകം” എന്ന ബ്ലോഗില്‍ ചിലര്‍ അവകാശവാദമുന്നയിച്ചെങ്കിലും പലരും ഈ സംവാദത്തില്‍ കാര്യമായി പങ്കെടുക്കാന്‍ ശ്രമിച്ചില്ല എന്നതുതന്നെ ഗ്രൂപ്പുകള്‍ ഉണ്ട് എന്ന സത്യത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. തന്നെ അടിയന്തിര ഘട്ടത്തില്‍ സഹായിച്ച അമേരിക്കന്‍ ബുജി ഗ്രൂപ്പ് മെമ്പേഴ്സിനു രാജേഷ് വര്‍മ്മ പിന്നീട് ചായസല്‍ക്കാരം നടത്തി.

കമന്റുകള്‍ , പുറം ചൊറിയലുകളോ?
ബൂലോഗത്ത് വിവാദമായി മാറിക്കൊണ്ടിരിക്കുന്ന വിഷയമാണ് കമന്റുകള്‍,. കമന്റുകള്‍ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്തവരായിത്തീരുന്നോ ബൂലോഗര്‍ എന്ന സംശയം ബ്ലോഗാഭിമാനിക്കുണ്ട്. ശബ്ദകോലാഹലങ്ങളാല്‍ മുഖരിതമായിരുന്നു കഴിഞ്ഞയാഴ്ച ബൂലോഗം. കമന്റുകള്‍ പുറം ചൊറിഞ്ഞു കൊടുക്കലാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇതിനിടയില്‍ പെരിങ്ങോടന്‍ പോസ്റ്റു ചെയ്ത “വിമര്‍ശന സാധ്യതകള്‍” എന്ന പോസ്റ്റിലെ ചര്‍ച്ച പ്രധാനമന്ത്രിയുടെ പൈലറ്റു വാഹനം പോലെ വഴിതെറ്റി “ഗ്രൂപ്പുകളിയും, പുറം ചൊറിയലിനെയും” പറ്റിയുള്ള ബൃഹത്തായ ഒരു സംവാദമായി ബൂലോഗര്‍ ആഘോഷിച്ചു. ഇതു കണ്ട് അരിശം മൂത്ത പെരിങ്ങോടന്‍ ഒലക്കയെടുത്ത് സ്വന്തം തലക്കടിക്കാന്‍ ശ്രമിച്ചതായും സ്തിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കമന്റുകള്‍ എന്നത്, പുതിയ എഴുത്തുകാര്‍ക്ക് വീണ്ടും എഴുതാനുള്ള പ്രചോദനമാണെന്നത് വാസ്തവമാണ്. എങ്കിലും, കമന്റുകള്‍ മാത്രം ലാക്കാക്കിയുള്ള രചനകള്‍ അപലപനീയം തന്നെ. എങ്ങനെയെങ്കിലും, എന്റെ ബ്ലോഗില്‍ ഒരു 100 കമന്റു തികക്കൂ എന്നു പരസ്യമായി ക്ഷണപത്രിക അടിച്ചു വച്ച ചരിത്രമുള്ള ബ്ലോഗുകള്‍ക്ക്, ഓഫ് യൂണിയന്‍” ഒരു സഹായഹസ്തമാണ്. പ്രസിഡന്റും സെക്രട്ടറിയും കജാന്‍‌ഞിയുമൊക്കെയുള്ള ഈ യൂണിയന്‍ ദിവസക്കൂലിക്കാണ് ഓഫടിക്കാന്‍ ആള്‍‍ക്കാരെ ഇറക്കുന്നത്. പതിനഞ്ചിലധികം പുലികള്‍ ഈ യൂണിയനില്‍ ഷിഫ്റ്റു ബെയ്സിസില്‍, ഫുള്‍ടൈം ആയി ജോലിചെയ്യുന്നതായി ബ്ലോഗാഭിമാനിക്കു തെളിവു ലഭിച്ചു.

സ്വന്തം ബ്ലോഗില്‍ തന്നെ, മറ്റു പേരുകളിലും ‍ അനോണികളായും കമന്റുകള്‍ ചെയ്യുന്നവരുണ്ടെന്നു ബ്ലോഗാഭിമാനിക്ക് തെളിവുകളുണ്ട്. വ്യക്തിഹത്യയായി തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ അവ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല. ദുബായില്‍ നിന്നുള്ള ഒരു ബ്ലോഗിലാണ് ഇത്തരത്തില്‍ മറുപേരിലുള്ള കമന്റുകള്‍ ബ്ലോഗ് ഓണര്‍ തന്നെ വച്ചു കാച്ചുന്നത്. ഈ ബ്ലോഗില്‍ ഉപയോഗിക്കുന്ന മറുപേരുകള്‍ , ബൂലോഗത്തിലെ മറ്റൊരു ബ്ലോഗുകളിലും കമന്റു ചെയ്തു കണ്ടിട്ടില്ല എന്ന കാര്യവും ശ്രദ്ധാര്‍ഹമാണ്.

ഇതിനിടക്ക് സ്നേഹപൂര്‍വം എന്ന ബ്ലോഗര്‍ നടത്തിയ ഒരു പോസ്റ്റിങ്ങ് അത്യന്തം വസ്തുനിഷ്ഠവും നിര്‍ഭയവുമായിരുന്നു. ബ്ലോഗാഭിമാനി റിപ്പോര്‍ട്ടു ചെയ്യാനിരുന്ന പല കാര്യങ്ങളും അക്ഷരം പ്രതിയാണിദ്ദേഹത്തിന്റെ ബ്ലോഗില്‍ “മനസ്സു വായിച്ചെടുത്തപോലെ” വിവരിച്ചിരിക്കുന്നത്. കമന്റുകള്‍ ചെയ്യുന്നവര്‍ അത്യ് വ്യക്തിപരമായാണു ചെയ്യുന്നതെന്നു, മറിച്ച്, മുഖം നോക്കാതെ ലേഖനത്തിന്റെ ഉള്ളടക്കത്തിനാണ് കമന്റുകള്‍ ചെയ്യേണ്ടതെന്നുമാണ് ഈ പോസ്റ്റില്‍ ഇദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തി വിവരിച്ചിരിക്കുന്നത്.

കമന്റുകള്‍ക്കു മാത്രമായാണു പലരും പോസ്റ്റുകളിറക്കുന്നതെന്നും “ആത്മസംതൃപ്തി” എന്നൊരു ഘടകം ബ്ലോഗിങ്ങില്‍ നിന്നും വിട പറഞ്ഞിരിക്കയാണെന്നുമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അവന്റെ ബ്ലോഗില്‍ ഞാന്‍ കമന്റിട്ടില്ലെങ്കില്‍, എന്റെ പോസ്റ്റില്‍ അവന്‍ കമന്റു ചെയ്യില്ല, എന്റെ ഉറ്റ സുഹൃത്തായ അവന്റെ പോസ്റ്റ് മഹാ ബോറാണ്, പക്ഷേ അത് തുറന്നെഴുതുന്നതെങ്ങനെ.. കലക്കി എന്നെഴുതാം, എന്റെ ഈ പോസ്റ്റിനു കമന്റു കുറഞ്ഞല്ലോ, എന്നി ടെന്‍ഷനുകള്‍മൂലം മിക്ക മലയാളം ബ്ലോഗേഴ്സിനും, പ്രഷറിന്റെ അസുഖം, ഹൃദ്രോഗം എന്നീവ വരാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.അല്പന്‍ മത്തായി അഭിപ്രായപ്പെട്ടു.

മലയാളം ബ്ലോഗുകളിലെ കമന്റുകളില്‍ നിന്നും “കലക്കന്‍, ഉഗ്രന്‍, പുലി, ഗുരു, സംഭവം, വീരപാണ്ഢി, കട്ടബൊമ്മന്‍,“ തുടങ്ങിയ പുകഴ്ത്തല്‍ വാക്കുകളൊക്കെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും, ഇതിനു പകരമായി, “കഴുവേര്‍‌ട മോനേ, ഇമ്മാതിരിയുള്ള പോസ്റ്റെഴുതിയാല്‍ അടിച്ച് അട്ടത്തു കേറ്റും, എഴുത്തു നിര്‍ത്തടാ മണ്ണുണ്ണീ, നിനക്കൊന്നും വേറെ പണിയില്ലെടാ മന്ദബുദ്ധീ, മലയാളത്തെ നിന്ദിക്കല്ലടാ പേട്ടവാസൂ ” എന്നീ വിമര്‍ശനാത്മകവും ക്രിയേറ്റീവും ആയ കമന്റുകളാണ് ബൂലോഗത്തിന്റെ വളര്‍ച്ചക്കും ഔന്നത്യത്തിനും അത്യാവശ്യം എന്നും പ്രശസ്ത ബ്ലോഗര്‍മാര്‍ വിലയിരുത്തി.

ശ്രദ്ധിക്കപ്പെടേണ്ട ബ്ലോഗുകള്‍:
ബസ്റ്റാന്‍ഡില്‍ മൂത്രപ്പുര മാറിക്കയറിയതും, ലണ്ടന്‍ വിശേഷങ്ങളും, യൂറോപ്യന്‍ പര്യടനങ്ങളും, പത്താം ക്ലാസ്സില്‍ പ്രേമിച്ചതുമെല്ലാം എഴുതി ബൂലോഗരെ ചിരിപ്പിക്കുന്ന ഹാസ്യന്മാരില്‍ നിന്നും വ്യത്യസ്തമായ രണ്ടു പേര്‍ ബൂലോഗത്ത്. രചനയിലെ ലാളിത്യം കൊണ്ടു ബൂലോഗത്തിലെ “ബഷീര്‍” എന്നു സിബു വിളിച്ച വികടന്‍, ആധുനിക ലോകത്തെ വീ.കേ.എന്‍ എന്നു സംശയം ജനിപ്പിക്കുന്ന മാഗ്നിഫയര്‍ എന്നിവരാണിവര്‍.

വികടന്‍: ബ്ലോഗില്‍ കുറച്ചു കാലമായി വന്നിട്ടെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള ബ്ലോഗിങ്ങിനു സമയം അനുവദിക്കാത്തതിനാലാണു വികടന്‍ ബൂലോഗത്ത് സജീവമാകാത്തത്. മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റ് ചെയ്യാറില്ല എന്നതിനാലാണ് ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് അധികം വായനക്കാരില്ലാത്തത് എന്നാണ് ബ്ലോഗഭിമാനിയുടെ വിലയിരുത്തല്‍.

മാഗ്നിഫയര്‍ : ബ്ലോഗില്‍ താരതമ്യേന പുതുമുഖമായ, ഖത്തറില്‍ നിന്നുള്ള മാഗ്നിഫയര്‍ വെടിവട്ടം എന്ന ബ്ലോഗില്‍ പോസ്റ്റിയ രണ്ടു “അള്‍‌ട്രാ ഡീലക്സ്” ഹാസ്യ കൃതികള്‍ അധികമാരും ശ്രദ്ധിച്ചില്ല എന്നതും ദൌര്‍ഭാഗ്യകരം തന്നെ. ബൂലോഗത്തെ ഗ്രൂപ്പിസമാണോ ഇതിനു പിന്നില്‍ എന്നൊരു സംശയവും ബ്ലോഗഭിമാനിക്കുണ്ട്.

മറിയം: ബ്ലോഗിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാണു മറിയം. ബൂലോഗത്ത് ഇന്നേവരേക്കും ഇറങ്ങിയ ഏറ്റവും മികച്ച കൃതികളില്‍ ചിലത് ഇദ്ദേഹത്തിന്റെയാണെന്നു നിസ്സംശയം പറയാം.ദുബായില്‍ നിന്നുമുള്ള ഇദ്ദേഹം സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ ബ്ലോഗുകളിലെ പരിമിതമായ കമന്റുകളും കേരളത്തിലെ ഓട്ടോറിക്ഷകളിലെപ്പോലെ ഓടാത്ത ഒരു ഹിറ്റ് മീറ്ററ സൂചിപിക്കുന്നത് ബൂലോഗത്തില്‍ സീരിയസ് റീഡേഴ്സ് കുറവാണെന്നാണ് ‍. ആദ്യമെല്ലാം, “മറിയം” എന്ന പേരു കേട്ട് തെറ്റിദ്ധരിച്ച് കുറെ സഹൃദയര്‍ ഇദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ കമന്റടിച്ചിരുന്നെങ്കിലും, താനൊരു ആണ്‍സിംഹമാണെന്നു ഏതോ ഒരു അഭിശപ്ത നിമിഷത്തില്‍ പ്രസ്താവിച്ച ശേഷമാണ് ഇദ്ദേഹത്തിന്റെ ബ്ലോഗ് “പക്ഷിപ്പനി” വന്ന ശേഷമുള്ള ബ്രോയിലര്‍ കോഴിക്കട പോലെയായത് എന്നാണ് ബ്ലോഗാഭിമാനിയുടെ വിലയിരുത്തല്‍. ബ്ലോഗില്‍ ഇദ്ദേഹം കളഞ്ഞുകിട്ടിയ ഒരു കറുത്ത തോക്കും കൊണ്ടാണ് ഇരിപ്പ് എന്നതും സന്ദര്‍ശകരുടെ എണ്ണത്തിലും കമന്റിലും കാര്യമായ കുറവു വരാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കമന്റുകള്‍ അയല്പക്കത്തെ കല്യാണത്തിനു കൊടുക്കുന്ന സംഭാവനയിട്ടേ താന്‍ കാണുന്നുള്ളൂ എന്ന് മറിയം ഇതേക്കുറിച്ചുള്ള ഒരു ചോദ്യത്തിനുത്തരമായി പ്രതികരിച്ചു. കമന്റുകള്‍ കിട്ടാന്‍ എന്തും ചെയ്യുന്ന ബൂലോഗത്ത് മറിയം ഒരു വേറിട്ട വ്യക്തിത്വം തന്നെ. ഇദ്ദേഹം കഴിഞ്ഞയാഴ്ച ബ്ലോഗിങ്ങിനോടു വിട പറഞ്ഞു പുകയിലേക്കു പോയെങ്കിലും, ബ്ലോഗിങ്ങ് ഒരു അഡിക്ഷനായി ഇതിലേക്കു തന്നെ തിരിച്ചു വരും എന്നാണു “മറിയാരാധകര്‍’ വിശ്വസിക്കുന്നത്.

മികച്ച രചനകളുമായി ബൂലോഗരെ രസിപ്പിക്കാന്‍ ഇവര്‍ക്കു സാധിക്കട്ടെയെന്നു ബ്ലോഗാഭിമാനിടെ ആശംസകള്‍

“ശ്രദ്ധിക്കപ്പെടേണ്ടവ” എന്നു ബ്ലോഗഭിമാനിക്കു തോന്നിയ മറ്റു ബ്ലോഗുകളുടെ അഡ്രസ് താഴെകാണാം. ഇതൊരു റഗുലര്‍ ഫീച്ചര്‍ ആയിരിക്കുമെന്നറിയിക്കുന്നതോടൊപ്പം, വായനക്കാര്‍ക്കു നല്ലതെന്നു തോന്നുന്ന ബ്ലോഗുകളെപറ്റി ഞങ്ങളെ അറിയിക്കാം. കമന്റുകളില്‍ ചേര്‍ത്താല്‍ മതി. ഓരോ ലക്കവും രണ്ടോ മൂന്നോ ബ്ലോഗുകളെപ്പറ്റി പരാമര്‍ശിക്കുന്നതാണ്.

1. http://charukesi-charukesi.blogspot.com/
2. http://www.lapuda.blogspot.com/
3. http://manalezhutthu.blogspot.com/
4. http://kuttamenon.blogspot.com/
5. http://thanima-thanima.blogspot.com/

48 Comments:

  • At 2:34 AM , Blogger ബ്ലോഗഭിമാനി said...

    "ബ്ലോഗഭിമാനി - ലക്കം 4" പുറത്തിറങ്ങി.

     
  • At 2:53 AM , Blogger Unknown said...

    തേങ്ങയടി എന്റെ വക.. ആദ്യമായി കിട്ടിയ ഈ അവസരം ഞാന്‍ സമ്പൂര്‍ണമായി വിനിയോഗിക്കുന്നു. എന്നാലും ഒരിത്തിരിക്കൂടെ ചൊറിയാമായിരുന്നു. ഇത്‌ നമ്മുടെ തിരുവന്തോരത്തെ പഴയ ബാലകൃഷ്ണന്‍ സാറിന്റെ ആത്മകഥയുടെ പേരു പോലെയായിപ്പോയി. (നനഞ്ഞുപോയി.. എങ്കിലും....) ഒന്ന് അടിച്ചു തകര്‍ക്കെന്റെ അഭിമാനീ. ദേ ഞാന്‍ ബൂലോഗ വീക്ഷണമോ ബ്ലോഗ ഭൂമിയോ ഒക്കെ തുടങ്ങാന്‍ തയ്യാറായി നില്‍പ്പാണ്‌. രണ്ട്‌ ലേഖകരെക്കൂടി കിട്ടിയാല്‍ ഉടന്‍ റെഡി.

    എന്നാലും കഷ്ടായീട്ടോ... അവസാനത്തെ അഞ്ച്‌ ബ്ലോഗുകളില്‍ എന്റേത്‌ കൂടി ആവാമായിരുന്നു. കൈമടക്ക്‌ യൂ. എ ഈ മീറ്റില്‍ വച്ച്‌ തന്നേക്കാമെന്നേ.

     
  • At 3:01 AM , Blogger പട്ടേരി l Patteri said...

    തല്ലു വാങ്ങല്‍ നിര്‍ത്താന്‍ തീരുമാനിച്ചു അല്ലെ ? ;;)
    “കഴുവേര്‍‌ട മോനേ, ഇമ്മാതിരിയുള്ള പോസ്റ്റെഴുതിയാല്‍ അടിച്ച് അട്ടത്തു കേറ്റും, എഴുത്തു നിര്‍ത്തടാ മണ്ണുണ്ണീ, നിനക്കൊന്നും വേറെ പണിയില്ലെടാ മന്ദബുദ്ധീ, മലയാളത്തെ നിന്ദിക്കല്ലടാ പേട്ടവാസൂ ” എന്നൊന്നും ആരെക്കൊണ്ടും പറയിപ്പിക്കരുതു കേട്ടോ..
    ഈ ലക്കത്തില്‍ ചരിത്രപസിദ്ദ്മായ യു ഏ ഈ മീറ്റിനെ കുറിച്ചു പ്രത്യേകറിപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഈ ലക്കം ഇഷ്ടപ്പെട്ടില്ല -ചാരനെ നമ്മള്‍ കൈകര്യം ചെയ്തോളാം മോനേ :)
    “ശ്രദ്ധിക്കപ്പെടേണ്ടവ” എന്നതില്‍ എന്റെ ബ്ലോഗിന്റെ പേരു വരാന്‍ എത്ര ചിലവ് വരും ?
    ഈ ലക്കത്തില്‍ മൂവരുടെയും എഫറ്ട്ട്സ് കാണാന്‍ പറ്റുന്നില്ലല്ലോ എന്നു ആശത്തില്‍ വര്‍ണ്ണ്യങ്ക

     
  • At 3:03 AM , Blogger ഞാന്‍ ഇരിങ്ങല്‍ said...

    ഓരോ ലക്കം പുറത്തിറങ്ങുമ്പോഴും ബ്ലൊഗാഭിമാനിയുടെ നിലവാരം കുറഞ്ഞു വരുന്നുവെന്ന് ഈയുള്ളവന്‍ കാണുന്നു.
    ശക്തമായ വിമര്‍ശനം / നിര്‍ദ്ദേശങ്ങള്‍ ബ്ലോഗിലെ പോസ്റ്റിനെ വിലയിരുത്തലുകള്‍ എന്നതൊക്കെ യാണ് ബ്ലോഗാഭിമാനികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അടിയന്‍ മനസ്സിലാക്കുന്നു. ആയതിനാല്‍ അത്തരം പ്രവര്‍ത്തികളില്‍ പോരായ്മ മാത്രമല്ല അങ്ങിനെ ഒരു വിലയിരുത്തലുകള്‍ ഇവിടെ നടത്തുന്നില്ല എന്ന് അടിയന്‍റെ കുഞ്ഞു ബുദ്ധിയില്‍ തോന്നുന്നു.

    കുറച്ച് ബ്ലോഗ് പേരുകള്‍ കൊടുത്തില്‍ തീരെ നല്ല അഭിപ്രായം ഇല്ല. എന്നാല്‍ ബ്ലോഗുകള്‍ക്കു പകരം അവരുടെ കൃതികളുടെ പേരും അതിന്‍റെ മേന്മയും വിവരിച്ചിരുന്നെങ്കില്‍ വായനക്കാര്‍ പിന്നെ അവരെ തിരഞ്ഞു പോയേനെ. എന്നാല്‍ കുറച്ചു ബ്ലോഗ് പേരുകള്‍ നല്‍കി ബ്ലോഗാഭിമാനി പാര്‍ശ്വവല്‍ക്കരിച്ചൊ എന്ന് ഈയുള്ളവന്‍ സംശയിക്കുന്നു. (പ്രസ്തുത ബ്ലോഗ് നല്ലതല്ലെന്ന അഭിപ്രായം എനിക്കില്ല). എന്നാല്‍ മൊത്തം ബ്ലോഗിനെ പറയുന്നതിലും നല്ലത് ഈ ബ്ലോഗിലെ, ആ ബ്ലോഗിലെ , ഈ കൃതി, ആ കൃതി നല്ലതായിരുന്നു എന്നാവണമായിരിന്നു.

    ബ്ലോഗഭിമാനി വ്യക്തിത്വം കാത്തു സൂക്ഷിച്ച് മറ്റൊരു കൃഷണന്‍ നായരാകുമെന്ന് മോഹിച്ചു പോയിരിന്നു.

    ’വെറുതെ ഈ മോഹങ്ങളെന്നറിയുമ്പോള്‍ വെറുതെ മോഹിക്കുവാന്‍ മോഹം’.

    ചിന്തകള്‍ക്ക് ഒന്നും നല്‍കാത്തതാണ് ലക്കം - 4. എന്നുപറയേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

     
  • At 3:06 AM , Blogger അതുല്യ said...

    ഇന്നു മുതല്‍ എസ്‌.എം.എസ്‌ വോട്ടിംഗ്‌ നിങ്ങളുടെ നോക്കിയ മൊബൈലില്‍ നിന്ന് മലയാളത്തിലും..

    വോട്ട്‌.....സ്പേസ്‌...6889 സ്പ്പേസ്‌ എന്നടിച്ച്‌ 9879 എന്ന നംബ്രിലേയ്ക്‌ അയയ്കുക.


    --------

     
  • At 3:08 AM , Blogger Siju | സിജു said...

    ഇത് ഹോമിയോ ഗുളികയുമല്ല, കഷായവുമല്ല.
    ടോംസ് ആന്റണിയെ കളിയാക്കാന്‍ പറയുന്ന പാമോയിലാണ്; ഗുണവുമില്ല.. മണവുമില്ല.. വേണമെങ്കില്‍ കുറച്ച് പപ്പടം പൊരിക്കാം

     
  • At 3:09 AM , Blogger Rasheed Chalil said...

    ഈ ലക്കവും നന്നായി.

     
  • At 3:09 AM , Blogger കുറുമാന്‍ said...

    ബ്ലോഗഭിമാനി സ്വന്തം പേരു തിരുത്തിയതിന്നൊപ്പം തന്നെ സ്വയം ഒരവലോകനം നടത്തി എന്നും അറിഞ്ഞതില്‍ സന്തോഷം.

    പിന്നെ വികടന്‍, മാഗ്നിഫയര്‍, മറിയം എന്നിവരെ കുറിച്ചും പ്രസ്ഥാവിച്ചതും നന്നായി.

    കഴിഞ്ഞലക്കത്തിനേക്കാല്‍ ഈ ലക്കം നന്നായി എന്നു പറയുവാന്‍ കഴിയാത്ത ഒരവസ്ഥ ഈ ലക്കത്തിനുണ്ടോ എന്ന് സംശയിക്കാന്‍ ഒരു കാരണം, കണ്ടെന്റ് വളരെ കുറവായിരുന്നില്ലേ, അല്ലെങ്കില്‍ അവലോകനം ചെയ്തത് വളരെ കുറഞ്ഞുപോയില്ലേ എന്നെല്ലാമാണെന്നെനിക്കു തോന്നുന്നു.

    എന്തായാലും നല്ല സംരംഭം തന്നെ. ഇഷ്ടികയുടെ അടുത്ത കട്ടയേറ് പ്രതീക്ഷിച്ചുകൊണ്ട് വാര്‍ക്ക നടക്കുന്ന പുരയുടെമേല്‍ ഈയുള്ളവന്‍ നില്‍ക്കുന്നു

     
  • At 3:10 AM , Blogger അതുല്യ said...

    ഓഫ്‌ അടിയ്കാന്‍ റ്റാക്സ്‌ഒന്നും മില്ല്യാത്തോണ്ട്‌...

    ഇരിങ്ങലേ... നിങ്ങള്‍ ഏതോ പോലീസ്‌ സ്റ്റേഷനില്‍ നിക്കണ പ്രതീതി...

     
  • At 3:14 AM , Blogger ഞാന്‍ ഇരിങ്ങല്‍ said...

    പണ്ടെനിക്ക് പോലീസിനെ കണ്ടാല്‍ പേടിയായിരുന്നു.
    പിന്നെ കുറച്ചു കാലം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തപ്പോള്‍ അതു മാറി.
    എന്നാലും ഞാന്‍ പോലീസല്ല!!!
    എങ്കിലും ഞാനെല്ലാം കാണുന്നു. ഹഹഹ്ഹ

     
  • At 3:22 AM , Blogger ഏറനാടന്‍ said...

    അങ്ങിനെ ബൂലോഗ പഞ്ചായത്തിലും ഒരു പോലീസ്‌ സ്‌റ്റേഷന്‍ തൊടങ്ങിയല്ലോ, അനോണികളേയും വിക്രസ്സ്‌ കാണിക്കുന്നവരേയും നിലക്ക്‌ നിറുത്തുവാന്‍ ഒരു പരിധിവരെ ബ്ലോഗഭിമാനിയേമാന്‍ നല്ലാതാ അല്ലേ സോദരന്മാരേ..

     
  • At 3:22 AM , Blogger അളിയന്‍സ് said...

    ബ്ലോഗഭിമാനി ഉഷാര്‍.... മുഖം നോക്കാതെയുള്ള തമാശരൂപേണയുള്ള വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറക്കണ്ട

     
  • At 3:26 AM , Blogger അതുല്യ said...

    പത്രാധിപര്‍ക്ക്‌/ന്മാര്‍ക്ക്‌:

    ഈ പോസ്റ്റില്‍ ഏറ്റവും നല്ല കമന്റിടുന്നവര്‍ക്ക്‌ എന്തെങ്കിലും (അടിയല്ലാതെ) കിട്ടുമോ? പണിതിരിക്കിലാ ഇപ്പോ. സായിപ്പിനോട്‌ സുല്‍ (നമ്മടെ സുല്‍ അല്ലാ) എന്നും പറഞ്ഞ്‌ കേറി ഇതില്‍ പണിയണോന്ന് അറിയാനാ....

    പത്രാധിന്മാരെ കാണിച്ച്‌ കൊടുക്കുന്നവര്‍ക്ക്‌ തലയൊന്ന് വച്ച്‌ ഒരു പട്ടും വളയും ഒരു ഡമാസ്‌ കിറ്റും കിട്ടുമെങ്കില്‍ ആ നറുക്കില്‍ എന്റെ പേരും കൂടി.

    ശര്‍മാജി പണ്ട്‌ സിഡാക്ക്‌ (CDAC)പൂനൈയില്‍ 3 കൊല്ലം ഡെപ്യൂട്ടഷനിലുണ്ടായിരുന്നു. ജസ്റ്റ്‌ ഫൊര്‍ ഇന്‍ഫൊര്‍മേഷന്‍ പറഞ്ഞതാട്ടോ.

     
  • At 3:46 AM , Blogger Kalesh Kumar said...

    അനിയന്‍സ് പറഞ്ഞപോലെ ഈ ലക്കം നനഞ്ഞുപോയി.. എങ്കിലും കൊള്ളാം കേട്ടോ....

    ഇമറാത്തിലെ ബ്ലോഗഭിമാനി ചാരനെ പുടികിട്ടി.

     
  • At 3:50 AM , Blogger സൂര്യോദയം said...

    ബ്ലോഗഭിമാനി നല്ല ഒരു വിശകലനം നടത്തി എന്നാണ്‌ എനിക്ക്‌ തോന്നിയത്‌. കമന്റുകളെപ്പറ്റി എഴുതിയത്‌ വളരെ ഇഷ്ടപ്പെട്ടു.

     
  • At 3:52 AM , Blogger Unknown said...

    ബ്ലോഗാഭിമാനീ,
    ഈ ലക്കം സൂപ്പറായി. നന്നായിട്ടുണ്ട്.

     
  • At 4:56 AM , Blogger Aravishiva said...

    അടികൊണ്ടാല്‍ അണ്ണന്‍‌തമ്പിയും നന്നാവും എന്നു പറഞ്ഞതുപോലെ ‘വിമര്‍ശന‘ വിവാദത്തിന്റെ ഉപജ്ഞ്ഞാതാക്കളായ ബ്ലോഗഭിമാനി ഈ ലക്കം നന്നായവതരിപ്പിച്ചതില്‍ സന്തോഷം...ഇരിങ്ങല്‍ ചേട്ടന്‍ പറഞ്ഞത് അടുത്ത തവണ ശ്രദ്ധിയ്ക്കുമല്ലോ..
    നല്ല പോസ്റ്റുകള്‍ വരുന്നവയുടെ കൂട്ടത്തില്‍ ഒരു പക്ഷേ ഏറ്റവുമാദ്യം പറയേണ്ടിയിരുന്ന മുരളിമേനോന്‍ ചേട്ടന്റെ http://komaram.blogspot.com/-നെക്കുറിച്ച് പ്രതിപാദിച്ചു കണ്ടില്ല...പിന്നെ തുടക്കക്കാരില്‍ ദ്രൌപതി വര്‍മ്മയുടെ കവിതാ ബ്ലോഗും(http://draupathi.blogspot.com/) കൂടുതല്‍ പരിഗണന അര്‍ഹിയ്ക്കുന്നതായി തോന്നി...

     
  • At 5:52 AM , Blogger Shiju said...

    ഈ ലക്കവുംനന്നായിട്ടുണ്ട്. പക്ഷം പിടിക്കാതെ ഉള്ള വിലയിരുത്തലുകള്‍ പോരട്ടെ.

     
  • At 6:16 AM , Blogger അനംഗാരി said...

    ബ്ലോഗഭിമാനിയുടെ നിലവാരം കുറയുന്നോ എന്ന് ഒരു സംശയം. എങ്കിലും കൂടുതല്‍ വിഭവങ്ങളുമായി നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊന്ന് എന്റെ പേര് അനംഗാരി എന്നാണ്.(anamgari.)
    ബ്ലോഗഭിമാനിയില്‍ അക്ഷരപിശകുകള്‍ വരാതെ സൂക്ഷിക്കുക.
    ഓ:ടോ: രാജേഷിന്റെ ചായ സല്‍ക്കാരം ഞാന്‍ അറിഞ്ഞില്ലല്ലൊ?അതോ ഞാന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ പെടാതെ പോയോ? ഇനിയിപ്പോ എന്റെ ഗ്രൂപ്പ് ഏതാണാവോ?ആദീ‍...ശങ്കരാ....ഒന്ന് ഹെല്‍പ്പൂ.

     
  • At 7:29 AM , Blogger magnifier said...

    എന്റെ ബ്ലോഗിനെക്കുറിച്ച് (വെടിവട്ടം) പരാമര്‍ശം ഉള്ളത് കൊണ്ട് ഈ ലക്കം നന്നായി എന്ന് ഞാന്‍ അടുത്ത ലക്കത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയാല്‍ പോരേ? വികടനെ പരിചയപ്പെടുത്തിയതിന് സ്പെഷ്യല്‍ താങ്ക്സ്.

     
  • At 9:17 AM , Blogger Santhosh said...

    വിമര്‍ശനത്തിന്‍റെ മൂര്‍ച്ച കുറയ്ക്കുകയോ കൂട്ടുകയോ ചെയ്തോളൂ (എന്തു ചെയ്താലും അനുകൂലിക്കാനും എതിര്‍ക്കാനും ആളുണ്ടാവും).

    സീരിയസ് വിമര്‍ശനമല്ല ഉദ്ദേശിക്കുന്നത് എന്ന് ആദ്യമേ പറഞ്ഞിരുന്നതിനാല്‍ ഞാന്‍ ഈ ബ്ലോഗ് ഒരു ഗോസിപ്പ് കോളത്തിന് തുല്യമായാണ് കണക്കാക്കിയിരുന്നത്. വിമര്‍ശനത്തിന്‍റെ മൂര്‍ച്ച കുറഞ്ഞതിനാല്‍ വായിച്ചു രസിക്കാവുന്ന ഗോസിപ്പുപോലുമല്ലാതായി ഈ ലക്കം.

    ഏതെങ്കിലും ഒരു ലൈന്‍ സ്വീകരിക്കുന്നതാണ് ബ്ലോഗഭിമാനിക്ക് നല്ലതെന്നാണ് എന്‍റെ വിനീതാഭിപ്രായം. ഇങ്ങനെ അഴ്ചതോറും മട്ടും ഭാവവും വിമര്‍ശനത്തിന്‍റെ എരിവും പുളിവും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും റ്റാര്‍ഗറ്റ് ഓഡിയന്‍സിന് അതൊരു ഷോക്കായിരിക്കും (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പൈങ്കിളി നോവല്‍ തുടരനാവുന്നതുപോലെ).

    പിന്‍‍കുറിപ്പ്: ബ്ലോഗഭിമാനി തന്നെ ലേഖനത്തില്‍ ബ്ലോഗാഭിമാനി എന്ന് വീണ്ടും തെറ്റായി പറയുന്നുണ്ട്.

     
  • At 12:19 PM , Blogger അരവിന്ദ് :: aravind said...

    തമാശയുണ്ടെങ്കിലും വിമര്‍ശനത്തിന് മൂര്‍ച്ച കുറഞ്ഞല്ലോ അഭിമാനീ :-))
    ഇത്ര അടിയുണ്ടാക്കിയിട്ടും എനിക്ക് വെറും ഒറ്റ വരി!
    എല്ലാം വെറുതേയായി..:-((

     
  • At 8:27 PM , Blogger Peelikkutty!!!!! said...

    വീരപാണ്ഢി, കട്ടബൊമ്മാ,വാസൂ..ഇഷ്ടിക ഇനിയും തുടരൂ.

     
  • At 8:33 PM , Blogger Visala Manaskan said...

    ബ്ലോഗഭിമാനിക്കെന്റെ ആശംസകള്‍.

    ആദ്യ ലക്കങ്ങളിലെ വായിക്കാതെ പോയതും വായിച്ച് നെഞ്ചകം കുഞ്ചകാവസ്ഥയെ പ്രാപിച്ചു (തെറ്റിദ്ധരിക്കല്ലേ..സന്തോഷായിന്ന് പ്രാസമൊപ്പിച്ച് അര്‍ത്ഥം നോക്കാതെ പറയുവാരുന്നൂ!)

    ബ്ലോഗഭിമാനി വായിക്കാന്‍ ഒരു പ്രത്യേക രസമുണ്ട്. ആ ഒരു രസം മേല്‍ക്കുമേല്‍ കൂടിക്കൂടി വരട്ടേ.

    പിന്നെ തലയില്‍ നോണ്ട് കിട്ടിയാല്‍ തിരിഞ്ഞു നോക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ നോണ്ടിയവര്‍ക്ക് തോന്നില്ലേ?

    ‘ഈ പൊട്ടന് മനസ്സിലായില്ലേ? എന്ന്’

    അതുകൊണ്ട് പറയുവാണേ..

    ‘ബാത്ത്രൂം മാറിക്കയറിയതും തുടര്‍ന്ന് മുനിസിപ്പാലിറ്റിക്കാര് പെങ്ങമ്മാര് ചൂലെടുത്തടിക്കാന്‍ വന്നതും (അത് പറഞ്ഞില്ലായിരുന്നു )ഭരണിപ്പാട്ട് നിറുത്തി നിറുത്തി ഗീതോപദേശം പോലെ തന്നതും‘

    ഞാനന്നേ മറന്നു ഡിലീറ്റി.. പക്ഷെ, നിങ്ങള്‍ മറന്നില്ലല്ലേ.. ഗൊച്ചു ഗള്ളാ..’

     
  • At 8:34 PM , Blogger വാളൂരാന്‍ said...

    അഭിമാനീ,
    അവതരണം നന്നായാലും ഇല്ലെങ്കിലും, വിമര്‍ശനം നന്നായാലും ഇല്ലെങ്കിലും, ഇതു വായിച്ച്‌ ആര്‍ക്കെങ്കിലും നല്ല ഒന്നു രണ്ടു ബ്ലോഗുകള്‍ കണ്ടെത്താനായാല്‍ അതായിരിക്കും ഇതിന്റെ ഗുണം. അതു കൂടുതലും പക്ഷേ തുടക്കക്കാര്‍ക്കായിരിക്കും ഗുണം ചെയ്യുക, ഏതൊക്കെ ബ്ലോഗുകള്‍ എങ്ങിനെയൊക്കെ എന്ന്‌ അത്ര പിടുത്തമില്ലാത പുതിയ ബ്ലോഗേഴ്സിന്‌ ഇത്‌ കൂടുതല്‍ ഗുണകരമാണ്‌. പിന്നെ ഇതില്‍ പറഞ്ഞിരിക്കുന്ന ബ്ലോഗുകളുടെ പേരുകളൊക്കെ ലിങ്കുകളാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നൊരഭിപ്രായമുണ്ട്‌, ഇത്‌ വായിക്കുന്നവര്‍ക്ക്‌ പെട്ടെന്നവിടെ എത്തിച്ചേരാം.....

     
  • At 9:07 PM , Blogger ദിവാസ്വപ്നം said...

    ബ്ലൊഗഭിമാനിയുടെ ഈ ലക്കം മുന്‍-ലക്കങ്ങളേക്കാള്‍ പക്വമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം.

    ഒരിത്തിരി കൂടി അടുക്കും ചിട്ടയും വന്നാല്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടും എന്നും തോന്നുന്നു.

    എന്നാല്‍ ഈ ലക്കത്തെപ്പറ്റി കൂടുതല്‍ പേരും, ‘എരിവും പുളിയും കുറഞ്ഞുപോയീ‘ എന്നൊക്കെ പറഞ്ഞത് അത്ഭുതമുളവാക്കുന്നു. സന്തോഷ് പറഞ്ഞത് തന്നെ : ‘ഏതുരീതിയില്‍ എഴുതിയാലും ആരോപണങ്ങള്‍ ഉണ്ടാവും‘.

    പക്ഷേ, തമാശകലര്‍ത്തിക്കൊണ്ട് തന്നെ പ്രസക്തമായ കാര്യങ്ങള്‍ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്ന ഒരു നല്ല റൌണ്ടപ്പായി ഇത് മാറുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.

    --

    ഓഫ് ടോപ്പിക്കാണ് എന്നാലും ഒരു കാര്യം കൂടി ഇവിടെ പറഞ്ഞോട്ടേ; (‘സ്നേഹപൂര്‍വ്വ‘ത്തിന്റെ ബ്ലോഗില്‍ നന്നായി നടന്നു വന്ന ചര്‍ച്ചയ്ക്കിടയില്‍ ഏതോ ഒരുത്തന്‍ വിസര്‍ജ്ജനതുല്യമായ ഒരു കമന്റ് ഇട്ടു വച്ചിരിക്കുന്നതുകൊണ്ട് അങ്ങോട്ട് പോകാനൊരു മടി)‌

    ബ്ലോഗഭിമാനിയോടും, പ്രത്യേകമായി ‘സ്നേഹപൂര്‍വ്വം‘ എന്ന ബ്ലോഗറോടും കൂടിയാണ് :

    ഇപ്പോള്‍ കാണിക്കുന്ന ഈ സെന്‍സിബിലിറ്റി അടുത്തുവരുന്ന പോസ്റ്റുകളില്‍ നഷ്ടപ്പെടുത്തരുത്. എഴുതിവരുമ്പോള്‍ അല്പം ആവേശം കൂടിപ്പോയാല്‍ പറഞ്ഞുവരുന്ന കാര്യത്തീന്റെ സകല ഉദ്ദേശശുദ്ധിയും നഷ്ടപ്പെടുന്ന മേഖലയിലാണ് നിങ്ങള്‍ കൈ വച്ചിരിക്കുന്നത്. പോരാഞ്ഞിട്ട്, ‘വെത്തിഹത്തിയാ’ (കടപ്പാട്:കുട്ടപ്പായി) എന്ന് ചീത്തപ്പേരും കേള്‍ക്കേണ്ടി വരും.

    ഇത്രയും സമയമെടുത്ത് ഇതെല്ലാം എഴുതി തയ്യാറാക്കുന്നതിന്റെ പിന്നിലെ അധ്വാനം അഭിനന്ദനമര്‍ഹിക്കുന്നു. ഇഷ്ടികയായാലും വെട്ടുകല്ലായാലും മുടക്കാതിരിക്കുക :)

    ബ്ലോഗഭിമാനിക്ക് എല്ലാ ആശംസകളും.

     
  • At 6:20 AM , Blogger അമല്‍ | Amal (വാവക്കാടന്‍) said...

    ഗഡീസ്,
    ബ്ലോഗഭിമാനി തകര്‍ക്കുന്നു എന്നു പറഞ്ഞാല്‍ മുഖസ്തുതിയൊ, മുതുകു ചൊറിയലൊ ഒന്നുമല്ല..

    “വികടന്‍“ വായിക്കാനിടയായതില്‍ നന്ദിയും ഉപകാ‍ര സ്മരണയും ബ്ലോഗഭിമാനിക്ക്..

    കോട്ടകൊത്തളങ്ങളെ തച്ചു തകര്‍ക്കിന്‍(അത്രയ്ക്കും വേണോ!!)

    എല്ലാ ആശംസകളും!!

     
  • At 6:32 AM , Blogger ചില നേരത്ത്.. said...

    വാവക്കാടാ
    ആര്‍ ആരെ തകര്‍ക്കുന്നു? അതോ ബ്ലോഗഭിമാനി തകര്‍ന്നൂന്നോ?

     
  • At 12:27 AM , Blogger ശിശു said...

    ബ്ലോഗഭിമാനിയുടെ ഉദ്ദേശശുദ്ധിക്കു മുന്നില്‍ സാഷ്ടാംഗപ്രണാമം. പല വിമര്‍ശനങ്ങളും കൊള്ളേണ്ടിടത്തു കൊള്ളുമെന്നു വിശ്വസിക്കട്ടെ!.

    ഒരു നിര്‍ദ്ദേശമായി പറയാനുള്ളതു,ഓരോ ആഴ്ചയിലും പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുവാനും അവരുടെ നല്ല സൃഷ്ടികളെപറ്റി പ്രതിപാധിക്കുവാനും ഇത്തിരി സമയം നീക്കിവെയ്ക്കണം. അങ്ങനെയായാല്‍ പിന്മൊഴികള്‍ മാത്രമുപയോഗിച്ചു പുതിയ സൃഷ്ടികള്‍ വായിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ പുതുതായി കടന്നുവരുന്നവരെ പറ്റി കൂടുതലറിയുവാന്‍ കഴിഞ്ഞേക്കും.പിന്മൊഴികളാണ്‌ പലരുടേയും പിടിവള്ളിയെന്നാതു ഒരു പോരായ്മതന്നെയാണ്‌, ഇതുമൂലം കമന്റുകള്‍ ഇല്ലാത്ത സൃഷ്ടികള്‍ ആരും അറിയുന്നതുപോലുമില്ല. ഇത്‌ തീര്‍ച്ചയായും നല്ല പ്രവണതയല്ല.


    "എഴുത്തില്‍ ശിശുക്കളായ .........."


    (ഓ.ടൊ.) ഈ ഭാഗത്തെങ്കിലും ശിശുവിന്റെ പേര്‌ പരാമര്‍ശിച്ചെന്ന് ഒന്നങ്ങട്‌ ആശ്വസിച്ചുകളയാം.. ഇല്ലേ?

     
  • At 10:31 AM , Blogger അമല്‍ | Amal (വാവക്കാടന്‍) said...

    ഇബ്രൂ,
    ഞാന്‍ ഉദ്ദേശിച്ചത്,
    ആരെയും തകര്‍ക്കാനല്ല..
    വിമര്‍ശിക്കുക എന്നു പറയുന്നത് ഒരു മാതിരി തകര്‍ക്കല്‍ തന്നെയാണല്ലോ...


    അത്രേയുള്ളൂ.
    ഞാന്‍ ഓടിയ വഴിയില്‍ പുല്ല്, ചെടി,തെങ്ങ്, കവുങ്ങ് ഇവ മുളക്കുന്നതല്ല...:)

     
  • At 10:31 AM , Blogger അമല്‍ | Amal (വാവക്കാടന്‍) said...

    ഇബ്രൂ,
    ഞാന്‍ ഉദ്ദേശിച്ചത്,
    ആരെയും തകര്‍ക്കാനല്ല..
    വിമര്‍ശിക്കുക എന്നു പറയുന്നത് ഒരു മാതിരി തകര്‍ക്കല്‍ തന്നെയാണല്ലോ...


    അത്രേയുള്ളൂ.
    ഞാന്‍ ഓടിയ വഴിയില്‍ പുല്ല്, ചെടി,തെങ്ങ്, കവുങ്ങ് ഇവ മുളക്കുന്നതല്ല...:)

     
  • At 10:32 AM , Blogger അമല്‍ | Amal (വാവക്കാടന്‍) said...

    ഇബ്രൂ,
    ഞാന്‍ ഉദ്ദേശിച്ചത്,
    ആരെയും തകര്‍ക്കാനല്ല..
    വിമര്‍ശിക്കുക എന്നു പറയുന്നത് ഒരു മാതിരി തകര്‍ക്കല്‍ തന്നെയാണല്ലോ...


    അത്രേയുള്ളൂ.
    ഞാന്‍ ഓടിയ വഴിയില്‍ പുല്ല്, ചെടി,തെങ്ങ്, കവുങ്ങ് ഇവ മുളക്കുന്നതല്ല...:)

     
  • At 6:05 AM , Blogger Kiranz..!! said...

    അഭിമാനിയുടെ ഉദ്യമം നല്ലതായിരിക്കുന്നു..ആഖ്യാന ശൈലിയും കൊള്ളാം..അത്യാവശ്യം നല്ല ബ്ലോഗുകളെപ്പറ്റി അറിയുവാന്‍ കഴിയുന്നതില്‍ സന്തോഷം.മുന്‍ ലക്കങ്ങള്‍ വായിക്കുന്നു,..!

     
  • At 10:32 PM , Blogger Kalesh Kumar said...

    യൂ.ഏ.ഈ മീറ്റ് സ്പെഷ്യല്‍ എവിടെ?

     
  • At 10:40 PM , Blogger അതുല്യ said...

    ഈ പത്രാധിപന്മാരൊക്കെ മീറ്റെന്നും പറഞ്ഞു ഇങ്ങനെ അവിടേം ഇവിടേം കറങ്ങിയാ ഇത്തവണ എങ്ങനാ ഒന്ന് കോര്‍ഡിനേറ്റ്‌ ചെയ്യണേ? ഇനിയും ഇറങ്ങാത്തെ ഈ ലക്കത്തേ വിട്ട്‌ അടുത്ത തവണത്തേ ലക്കത്തില്‍, കഴിഞ്ഞ ലക്കത്തിലേതും കൂടി ഈ ലക്കത്തില്‍ 10 പേജ്‌ കൂടുതലുണ്ട്‌ എന്നെങ്ങാനും എഴുതേണ്ടി വരുമോ ആവോ? ഏതായാലും ഒരു ഫോട്ടോ സപ്ലിമന്റ്‌ വേണംട്ടോ.

     
  • At 11:01 PM , Blogger Unknown said...

    കലേഷേട്ടാ,
    എനിയ്ക്ക് സമയമില്ലാത്തോണ്ടാ... :-D

     
  • At 4:15 AM , Blogger Shiju said...

    എവിടെ അടുത്ത ഇഷ്ടിക. ഇവിടെ ആയ്ഷ്ക്കാല വരിസംഖ്യ അടച്ചവരുണ്ടെന്ന് മറക്കണ്ട.

     
  • At 4:23 AM , Blogger Rasheed Chalil said...

    ദില്‍ബാ ആ വരിസംഖ്യ കിട്ടി ബോധിച്ചോ... എനിക്ക് കിട്ടീട്ടില്ല.

    ഈ ആഴ്ച നല്ല തിരക്കാ...

     
  • At 4:26 AM , Blogger Visala Manaskan said...

    അത് ശരി. അപ്പോള്‍ പറഞ്ഞും പിടിച്ചും ബ്ലോഗാഭിമാനി നിങ്ങളൊക്കെയാണ് ഇറക്കുന്നതെന്നാണോ പറയണത്?

    അപ്പോള്‍ എന്നെ പുറത്താക്കിയോ? :))

     
  • At 4:28 AM , Blogger അതുല്യ said...

    ഈ പിള്ളേരൊക്കേനേം കണക്കാ. നമ്മളേയൊക്കെ പറ്റിച്ചേന്നും പറഞ്ഞാ നടക്കണേ. വച്ചിട്ടുണ്ട്‌ വച്ചിട്ടുണ്ട്‌

     
  • At 4:31 AM , Blogger Unknown said...

    വരിക്കാര്‍ക്കെല്ലാവര്‍ക്കും ഉടന്‍ കോപ്പി കിട്ടുന്നതാണ്. ഞാന്‍ പത്രാധിപരായിരിക്കുന്ന ഒരു ഇഷ്ടിക മോശം വരില്ലല്ലോ.

    (എന്തായാലും ബ്ലോഗാഭിമാനി വന്ന് ഞാനാണ് പത്രാധിപരെന്ന് പറയില്ല. അപ്പൊ പിന്നെ എനിയ്ക്ക് കേറി മേയാം. ഹയ്യട ഹൈ... :-)

     
  • At 4:33 AM , Blogger Rasheed Chalil said...

    ദില്‍ബാ വരിസംഖ്യ പണം ഒറ്റക്ക് പുട്ടടിച്ച് തീര്‍ക്കല്ലേ. മ്മള് പാട്ട്‌ണേര്‍സ് അല്ലേ.

    വിശാലേട്ടനു സ്വാഗതം.

     
  • At 4:42 AM , Blogger അതുല്യ said...

    നല്ല രീതിയില്‍ ഓടിക്കൊണ്ടിരിയ്കുന്ന ഒരു പ്രസ്സ്‌ (നല്ല രീതിയില്‍ ഓടുന്നത്‌ മിഷിനറി മാത്രം) ലൈസന്‍സ്‌ മാത്രമോ/മെഷിനറി സ്ഥലമടക്കമോ വില്‍കാനുണ്ട്‌. (മലയാളം എഴുതാനറിയണം). പ്രസ്സ്‌ വാങ്ങുന്നവര്‍ക്ക്‌ പത്രാധിപന്മാരെ ചൂണ്ടിക്കാണിച്ച്‌ കൊടുക്കുന്നതായിരിയ്കും. സീരിയസ്‌ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.

    സീനിയര്‍ എഡിറ്റര്‍.
    (യു.എ.ഈ)
    ബ്ലോഗ്ഗാഭിമാനി
    പി.ഓ (ഇല്ല,വിമര്‍ശനം വീണു പോസ്റ്റ്‌ ബോക്സ്‌ ഇല്ല്യാണ്ടെയായി)
    ദുഫായ്‌

     
  • At 10:09 AM , Blogger Inji Pennu said...

    ഹഹഹഹ...ഈ പിള്ളേരു കൊള്ളാലൊ.
    നന്നായി,ബൂലോഗത്തെ കുറേ കാര്യങ്ങളുടെ ഒരു കിടപ്പുവശം മനസ്സിലായി. നാലു ലക്കവും വായിച്ചു.നിറുത്തിക്കളഞ്ഞില്ലല്ലോ ല്ലേ? ഇനിയും എഴുതൂ..ഹഹഹ.നല്ല രസായിട്ടുണ്ട്.

    എന്തായലും ഇത് ആദിയോ പച്ചാളമോ ഒന്നുമല്ല.അത്രേം ഒന്നും ബുദ്ധിയും എഴുത്തും ഈ രണ്ട് പേര്‍ക്കും ഇല്ല. :)

     
  • At 10:15 PM , Blogger Shiju said...

    എവിടെ അടുത്ത ഇഷ്ടിക?

     
  • At 10:43 PM , Blogger ബ്ലോഗഭിമാനി said...

    ലക്കം -5 ബ്ലോഗാഭിമാനി--
    അടുത്ത ലക്കം 27 നവമ്പര്‍ തിങ്കള്‍ !

     
  • At 10:49 PM , Blogger കുറുമാന്‍ said...

    ഇത്രയും ഗ്യാപ്പ് പാടില്ല ബ്ലോഗാഭിമാനീ. ഞങ്ങള്‍ വിചാരിച്ചു ആപ്പീസു പൂട്ടി പോയികാണുമെന്ന്.

    ആഴ്ചയില്‍ ഒന്നെന്നുള്ളതു പോയി, മാസത്തില്‍ രണ്ടെന്നുള്ളത് മാറി ഇഷ്ടികയായപ്പോഴും ഇത്രയും ഗ്യാപ്പ് വരുമെന്ന് ഒട്ടും കരുതിയില്ല.

    ഇരുപത്തേഴെങ്കില്‍ ഇരുപത്തേഴ് കാത്തിരിക്കുന്നു

     
  • At 11:18 PM , Blogger Shiju said...

    27-തിയതി ആയിട്ടും ഇഷ്ടിക വന്നില്ല. എന്തു പറ്റി ബ്ലോഗഭിമാനി

     

Post a Comment

Subscribe to Post Comments [Atom]

<< Home