ബ്ലോഗഭിമാനി - ലക്കം-5
പിന്മൊഴികളുടെ പ്രസക്തി നഷ്ടപ്പെടുന്നുവോ?
മലയാളം ബൂലോഗങ്ങളില്‍ വായനക്കാര്‍ എഴുതുന്ന കമന്റുകള്‍ ഒരുമിച്ചു കൂട്ടുവാനും വായിക്കുവാനുമുള്ള ഒരിടമായ പിന്മൊഴികള്‍ എന്ന ബ്ലോഗ് ഫോര്‍ കമന്റ്സ്’ ഗ്രൂപ്പ് വെറുമൊരു ചാറ്റ് ഫോമിന്റെ നിലവാരത്തിലേക്കു താഴുന്നതായി ബ്ലോഗഭിമാനി മനസ്സിലാക്കുന്നു. തനിമലയാളം തുടങ്ങിയ അഗ്രഗേറ്ററുകളില്‍ പോസ്റ്റുകള്‍ കാണപ്പെടും മുന്‍പു തെന്നെ ചൂടോടെ സ്വന്തം കൃതികളെക്കുറിച്ച് വായനക്കാര്‍ക്ക് ഒരു “നോട്ടിഫിക്കേഷന്‍ കൊടുക്കാന്‍” സഹായകമായിരുന്ന പിന്മൊഴികളാണ്‍ ഈയ്യടുത്ത കാലത്ത് ദുരുപയോഗിക്കപ്പെടുന്നതായി കാണപ്പെടുന്നത്.
മലയാളം ബ്ലോഗ്സ് അഗ്രിഗേറ്റര്‍ : ആരോഗ്യകരമായ പ്രവണത
ബൂലോഗത്തിന് ഏറെ സന്തോഷിക്കുവാനും അഭിമാനിക്കാനും വകനല്‍കുന്ന മലയാളം ബ്ലോഗ് പോര്‍ട്ടല്‍ ഇക്കഴിഞ്ഞ കൊച്ചീ ബൂലോഗസംഗമത്തില്‍ വച്ച് ശ്രീ കുമാറും ശ്രീജിത്തും ചേര്‍ന്ന് അനാവരണം ചെയ്യുകയുണ്ടായി. ഇവര്‍ തന്നെയാണ് ഈ സംരഭത്തിന്റെ സാരഥികളും. ബൂലോഗത്തിലെ മോണോപോളി ആയിരുന്ന ഏവൂരാന്റെ ബ്ലോഗ് അഗ്രിഗേറ്ററിന് കടുത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ഈ പുതിയ സംരംഭം. ബിസിനസ്സ് മോഡലുകളിലല്ല ബൂലോഗത്തിലെ അഗ്രിഗേറ്ററുകള്‍ ഓടുന്നതെങ്കിലും പല ഈഗോ ക്ലാഷുകളും അഗ്രിഗേറ്ററുകളുടെ നടത്തിപ്പിനെ സംബന്ധിച്ച് ബൂലോഗത്തില്‍ ഉണ്ടായത് ഈ സാഹചര്യത്തില്‍ ഓര്‍ക്കണം. "ഒരു ബ്ലോഗിന്റെ ഫീഡും നാട്ടാരുടെ സദാചാരബോധവും" എന്ന കൂട്ടയടിയെതുടര്‍ന്നാണ് മറ്റൊരു അഗ്രിഗേറ്റര്‍ ആവശ്യമാണ് എന്ന് ബൂലോഗത്തിലെ പലര്‍ക്കും തോന്നിത്തുടങ്ങിയത്.
നിശബ്ദമായി, ഞങ്ങളുടെ പ്രവര്‍ത്തികള്‍ ഞങ്ങള്‍ക്കായി സംസാരിക്കട്ടെ എന്നരീതിയില്‍ മുന്നേറിയ ശ്രീജിത്തും സംഘവും വ്യത്യസ്തമായ പോര്‍ട്ടല്‍ എന്ന സ്വപ്നം മാസങ്ങള്‍ക്കകം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉണ്ടായത്. മലയാളികളായ എല്ലാവര്‍ക്കും കുളിരുകോരി ചിലര്‍ക്ക് ജലദോഷം പിടിപ്പിച്ച ഒരു മുന്നേറ്റമായിരുന്നു അത്.
എന്നാല്‍ ബീറ്റാ വേര്‍ഷനില്‍ എത്തിനില്‍ക്കുന്ന ഈ സംരഭം ഇപ്പോഴും ഏവൂരാന്‍സ് അഗ്രിഗേറ്ററുമായി തുലനം ചെയ്യുമ്പോള്‍ ഒരു പടി താഴെയാണോ എന്ന് ബ്ലോഗാഭിമാനി സംശയിക്കുന്നു. ഡിസ്പ്ലേ ചെയ്യുന്ന ലിസ്റ്റിന്റെ നീളമില്ലായ്മയാണ് ഒരു പ്രശ്നം. മോര്‍ എന്ന ലിങ്കില്‍ പലപ്പോഴും ക്ലിക്ക് ചെയ്യേണ്ടി വരുന്നത് തലവേദനയാകുന്നു. ബ്ലോഗുകളുടെ പേരിന് താഴെ രണ്ട് വരികള്‍ പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കാവുന്നതാണ്. പ്രത്യേകിച്ച് ഗുണമൊന്നും അത് ചെയ്യുന്നില്ല. സത്യം പറഞ്ഞാല്‍ ബ്ലോഗുകള്‍ വായിക്കാതെ ഒഴിവാക്കാന്‍ അത് തടസ്സമാകുന്നു.
വളരെ വ്യത്യസ്തമായ രീതിയില്‍ മറ്റൊരു മലയാളം ബ്ലോഗ് പോര്‍ട്ടലും അണിയറയില്‍ ഒരുങ്ങുകയാണ് എന്നാണ് ബ്ലോഗഭിമാനിയില്‍ കിട്ടിയ ഏറ്റവും പുതിയ വിവരം.
ഏതായാലും അഗ്രിഗേറ്ററും പോര്‍ട്ടലും യഥേഷ്ടമുണ്ടാകുന്നത് ബൂലോഗത്തിന് ഗുണകരം തന്നെയാണ് എന്നാണ് ബ്ലോഗഭിമാനിയുടെ അഭിപ്രായം. ആരോഗ്യകരമായ മത്സരങ്ങള്‍ വളര്‍ച്ചക്ക് നല്ലത് തന്നെ. കൂട്ടായ്മ അവിടെ വിഷയമാക്കേണ്ട കാര്യമില്ല എന്ന് തോന്നുന്നു.
ഏവൂരാനും, ശ്രീജിത്തിനും കുമാറിനും ആശംസകള്‍. അടുത്ത ലക്കത്തില്‍ ഈ രണ്ട് സൈറ്റുകളുടേയും ഒരു കംപാരറ്റീവ് സ്റ്റഡി പ്രതീക്ഷിക്കുക
.
ഷെയിം ഷെയിം പപ്പി ഷെയിം എന്നു ബാല്യത്തില്‍ മറ്റുള്ളവരെ, കളിയാക്കി പാടാറുണ്ടായിരുന്ന റൈം ഓര്‍മ്മ വരുന്നതിവിടെ.
ഒരാള്‍ ഒരു പോസ്റ്റ് ചെയ്തതറിയിക്കാനിടുന്ന കമന്റ് വരുന്നതിന്നു മുന്‍പ് തന്നെ, തേങ്ങ ദാ എന്റെ വക എന്നു പറഞ്ഞു തേങ്ങ ഉടക്കുന്ന നിരവധി പോസ്റ്റുകള്‍ അടുത്തിടെ ശ്രദ്ധയില്‍ പെട്ടു. ഒരു പോസ്റ്റ്, പോസ്റ്റ് ചെയ്യുന്നതിന്നു മുന്‍പു തന്നെ, പരസ്പരം ഫോണിലൂടെ കഥ/കവിത വിവരിച്ച് ഉടക്കു മോനേ തേങ്ങ, ഉടക്കു മോനെ തേങ്ങ എന്ന് കരാര്‍ കൊടുത്ത് പോസ്റ്റില്‍ പബ്ലിഷ് എന്നു ചെയ്തതും, കരാറെടുത്തവന്‍ തേങ്ങ ഉടക്കുന്നു. പോസ്റ്റ് ചെയ്തവന്‍, തന്റെ പോസ്റ്റ് പിന്മൊഴിയില്‍ വരുവാന്‍ വേണ്ടി അതില്‍ ആദ്യത്തെ ഒരു കമന്റു വയ്ക്കാം എന്നു കരുതി വരുമ്പോഴേക്കും, കരാറുകാരന്‍ തേങ്ങ ഉടച്ചു കഴിഞ്ഞിരിക്കും. അതും നല്ല ഡിജിറ്റല്‍ ഡോള്‍ബി അഫക്റ്റൊടു കൂടീ “ഠേ....... എന്ന ശബ്ദത്തില്‍“ !
ആര് ആദ്യം കമന്റു വച്ചു എന്നുള്ളതിനല്ല പ്രാധാന്യം, മറിച്ച്, പോസ്റ്റ് ശരിയാം വണ്ണം മനസ്സിരുത്തി വായിച്ച്, അതിനെ കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തലാകണം കമന്റ് എന്നാണ് ബ്ലോഗഭിമാനിയുടെ അഭിപ്രായം
അക്ഷരത്തെറ്റുകള്‍, അടിപിടി, കുറ്റം-കുന്നായ്മ-കുശുമ്പ് കമന്റുകള്‍, പാരലല്‍ സെറ്റപ്പുകള്‍, ബൂലോഗകൂട്ടായ്മ, സദാചാരപോലീസിംഗ്, കുന്തം കുടച്ചക്രം ഇങ്ങനെ പലതും ബൂലോഗത്തില്‍ മിന്നിത്തളിയുകയും, പൊട്ടിമുളക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന പല ബ്ലോഗുകളും പൂട്ടിച്ചതായി നമുക്ക് അറിയാമല്ലോ.
വിവാഹം എന്ന സാമൂഹിക ആചാരവും ബ്ലോഗ് കൊല്ലികളുടെ കൂട്ടത്തില്‍ പെടുത്താവുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഈയിടെ. 18നും-30നും ഇടക്ക് പ്രായമുള്ള ബ്ലോഗിണികളേയാണ് വിവാഹം ആക്രമിക്കുന്നത്. വിവാഹത്തിന് മുന്‍പ് സജീവമായിരുന്ന ഇവര്‍ വിവാഹശേഷം ന്യായമായ മധുവിധു സമയം കഴിഞ്ഞിട്ടും ബ്ലോഗുകളിലേക്ക് മടങ്ങാന്‍ വിമുഖതകാണിക്കുകയാണ് പതിവ്. ഈ വിമുഖതക്ക് പിന്നില്‍ അവരുടെ പുത്യാപ്ലകള്‍ ആണോ എന്നത് സ്ഥിതീകരിക്കാത്ത സംശയം മാത്രമായി നിലകൊള്ളുന്നു.
മഞ്ചുവാര്യര്‍ പോലും വിവാഹശേഷം സിനിമയില്‍ നിന്ന് വിടപറഞ്ഞല്ലോ. ആ ഒരു സ്റ്റൈല്‍ ഫോളോ ചെയ്യുകയാണോ ബൂലോഗത്തിലെ 'നായികമാര്‍' എന്നും സംശയം നിലനില്‍ക്കുന്നു.
ഏതായാലും ബൂലോഗത്തില്‍ നിന്ന് നവവധുക്കളുടെ ഈ തിരോധാനം താത്കാലികം മാത്രമാണെന്നും, അല്പം കഴിഞ്ഞാല്‍ ഭര്‍ത്താക്കന്മാര്‍ തന്നെ അവരെ "നീ പോയി ഇത്തിരി ബ്ലോഗ് ചെയ്യടീ, ഞാന്‍ ഒന്നു മനസമാധാനത്തോടെ ഇരിക്കട്ടെ" എന്ന് നിര്‍ബദ്ധിച്ച് ബ്ലോഗിലേക്ക് തിരിച്ചയക്കുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, എക്സ് ബാച്ചിലേഴ്സ് വനിതാ അസോസിയേഷന്‍ അംഗം ബ്ലോഗഭിമാനിയോട് പറഞ്ഞു.
ആ ഒരു പ്രതീക്ഷയിലാണ് ബൂലോഗത്തിലെ വായനാപ്രേമികളും.
മീറ്റുകള്‍ പ്രഹസനങ്ങളോ?
അത്യധികം കൊട്ടിഘോഷിക്കപ്പെട്ട ബ്ലോഗേഴ്സ് മീറ്റ് വെറും പ്രഹസനങ്ങളാണേന്നു ഈയടുത്തകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു. ബൂലോഗ കൂട്ടായ്മ എന്നൊക്കെയുള്ള പെരില്‍ സംഘടിപ്പിക്കപ്പെട്ട യൂയെയി മീറ്റില്‍ നടന്ന മദ്യപാന വിവാദവുംമറ്റും ഇതിലെക്ക്കാണു വിരല്‍ ചൂണ്ടുന്നത്. ഈ മീറ്റിന്റെ വിജയത്തിനായി ആദ്യാവസാനം അഹോരാത്രം പ്രയത്നിച്ച പലരും മീറ്റിനു ശേഷം വ്യാകുല മാതാക്കന്മാരായി കാണപ്പെട്ടുവെന്നത്, ഇനി ഇങ്ങനെയൊരു മീറ്റുണ്ടാകുവാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കയാണ്. പെട്ടിയും കിടക്കയുമായി വന്ന കുവൈറ്റ് വിശിഷ്ടാതിഥി വരെ കോലാഹലങ്ങള്‍ കണ്ട് ആകെ ഡെസ്പടിച്ചാണു തിരിച്ചു പോയത് എന്നാണു ബ്ലോഗഭിമാനിക്കു ലഭിച്ച രഹസ്യ വിവരം. കൊച്ചി, ഡല്‍ഹി മീറ്റുകള്‍ താരതമ്യേന ശാന്തസുന്ദരമായിരുന്നുവെന്നാണ് പൊതുജനാഭിപ്രായം.
ബ്ലോഗഭിമാനിക്കും അപരന്‍!
ബ്ലോഗഭിമാനി എന്ന പേരില്‍ പല ബ്ലോഗുകളിലും ഈയിറ്റെ കാണപ്പെട്ട കമന്റുകള്‍ ഞങ്ങലുടേതല്ലെ എന്നു വ്യക്തമാക്കിക്കൊള്‍ലട്ടെ. ആരേയും അവരുറ്റെ ലോഗില്പോയി പ്രോത്സാഹിപ്പിക്ക്കാനോ, നിരുത്സാഹപ്പെടുത്താനോ പുരം ചൊറിയാനൊ ഞങ്ങള്‍ക്കുദ്ദേശമില്ല, അതിന്റെ ആവശ്യവുമില്ല. എഴുതനുള്ളത് ഞങ്ങള് ഈ ബ്ലൊഗിലെഴുതും. യൂയേയി മീറ്റിന്റെ ബ്ലൊഗിലും, സമീഹ, പൊന്നമ്പലം എന്നീ ബ്ലോഗുകാലിലുമാണ് ഞങ്ങളുടെ പേരിലുള്ള അപരാക്രമണം കാണപ്പെട്ടത്. ഇതേതുടര്‍ന്ന്, “ബ്ലോഗ്ഭിമാനി” സ്വയം ബൂലോഗ പൊലീസായി ചമയുകയാണോ, ബ്ലോഗഭിമാനി എന്തു ഭാവിച്ചാ “ എന്നൊക്കെ പല ബൂലൊഗരും ചോദ്യ ശരങ്ങളുയര്‍ത്തിയെങ്കിലും, ശേഷം ഞങ്ങളുടെ വിശദീകരനക്കുറിപ്പില്‍ തൃപ്തരായി. ബ്ലോഗഭിമാനിയെ കരിവാരി തേക്കാനുള്ള കുത്സിതശ്രമങ്ങള്‍ ബൂലോഗര്‍ മനസ്സിലാക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ബ്ലോഗഭിമാനി എന്ന പേരില്‍ ഞങ്ങള്‍ മറ്റു ബ്ലോഗുകളില്‍ കമന്റിയിട്ടില്ല, ഇനിയൊട്ടു കമന്റുകയുമില്ല. ഞങ്ങളുടെ പേരില്‍ കമന്റുന്ന ചില ഞരന്‍പു രോഗികളുടെ പുറം പൂച്ചു പൊളിക്കാന്‍ അനിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു മാത്രം ഇത്തരുണത്തില്‍ അറിയിക്കുന്നു.
ആപ്പീസില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാല്‍, ഫോട്ടോ ഷാപ്പില്‍ വെറുതെ മൗസ് ഓടിച്ച് വെളുത്ത പ്രതലത്തില്‍ കറുത്ത ഛായത്താല്‍ ചാണകം മെഴുകുന്നതുപോലെ മെഴുകി ബ്ലോഗില്‍ ഇടേണ്ട താമസം, കമന്റുകള്‍ ഒഴുകുകയായി. കുറുക്കന്റെ കണ്ണല്ലെ, ആനയുടെ കണ്ണല്ലെ, പൂച്ചയുടെ കണ്ണല്ലെ, തൊട്ടി കിണറ്റില്‍ വീണതല്ലേ? അത്യന്താതുനികന്‍! തമോഗര്‍ത്തത്തിലേക്കുരുണ്ടു പോകുന്ന കമന്റുകള്‍. ഒന്നും മനസ്സിലാവാത്ത മോഡേണ്‍ ആര്‍ട്ട് (വരച്ചയാള്‍ക്കു തന്നെയറിയില്ല എന്താ വരച്ചതെന്ന്, പിന്നെ കാഴ്ചക്കാര്‍ക്കെങ്ങിനെ?) അതില്‍ കമന്റിടാനായി, അതും അത്യന്താതുനികന്‍ തന്നെ വേണമല്ലോ, തല പുകച്ചേ പറ്റൂ.
പ്രിയ വായനക്കാരെ, നല്ലതും, ചീത്തയും മനസ്സിലാക്കാനുള്ള സ്വന്തം കഴിവിനെ വളര്‍ത്തൂ.
അയ്യോ, ദാ ഇന്നയാള്‍ ഒരു പോസ്റ്റിട്ടു. കമന്റിട്ടില്ലെങ്കില്‍ വിഷമം ആയാലോ എന്ന ഒരു ചിന്തയാണ് ഇന്ന് ഒട്ടുമിക്ക വായനക്കാര്‍ക്കും, എഴുത്തുകാര്‍ക്കും. വായിച്ചില്ലെങ്കിലും കമന്റിടുന്നവരാണധികവും. നന്നായി. ഗംഭീരം. അടിപൊളി. കുറച്ചുകൂടെ നന്നാക്കാമായിരുന്നു, ഒരു വിധം കമന്റുകളെല്ലാം ഈ പറഞ്ഞതുപോലെ കോപ്പി പേസ്റ്റ് തന്നെ.
പിന്നൊരു കൂട്ടര്‍, കഥയുടെ ആദ്യവും, അന്ത്യവും ഒന്നോടിച്ച് നോക്കും, പിന്നെ കഥയുടെ ഏതെങ്കിലും രണ്ടു വരി കോപ്പി ചെയ്ത് കമന്റായ് പേസ്റ്റ് ചെയ്യും, ഒപ്പം സൂപ്പര്‍, സമ്മതിച്ചു ഗഡി, കലക്കി പൊളിച്ചു, അടിപൊളിയായിട്ടുണ്ട്, ഇത്രയുമേ ഞാന്‍ ക്വാട്ടുന്നുള്ളൂ, ഇനിയുള്ളവര്‍ക്കും ക്വാട്ടണ്ടൊ എന്ന മുഖവുരയും.
എഴുത്തുകാരെ, മനസ്സില്‍ തോന്നുന്ന ആശയം അതു പോലെ തന്നെ മുന്‍ വിധിയില്ലാതെ തുറന്നെഴുതൂ. കമന്റുകളുടെ എണ്ണം നോക്കരുത്. എഴുതി എഴുതി ഒരിക്കല്‍ നമുക്കെല്ലാവര്‍ക്കും തെളിയാം. ഒട്ടുമുക്കാല്‍ ഭാഗവും കമന്റുകള്‍ ശവത്തില്‍ വക്കുന്ന റീത്തുകളെപോലെയാണ്. വെറും ഫോര്‍മാലിറ്റിക്ക് വേണ്ടി വക്കുന്നത്.
പൊതുജനത്തിനെ അഥവാ വായനക്കാരെ ഞാനും ഈ പോസ്റ്റ് വായിച്ചു എന്നറിയിക്കാനുള്ള ഒരു പ്രഹസനമായിരിക്കുന്നു കമന്റുകള്‍. തീര്‍ച്ചയായും ഇതിന്നൊരു മാറ്റം ആവശ്യമാണ് എന്ന് ബ്ലോഗഭിമാനി ഊന്നി ഊന്നി പറയുന്നു.
================ ======================
ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍:
അഗ്രജന്‍സ് തേങ്ങയടി കോണ്ട്രാക്റ്റിങ്ങ് കമ്പനി എല്‍.എല്‍.സി
മിതമായ നിരക്കില്‍ പോസ്റ്റുകള്‍ക്ക് കമന്റു തേങ്ങയടി ചെയ്തു കൊടുക്കപ്പെടുന്ന ബൂലോഗത്തിലെ ഏറ്റവും മികച്ച സ്ഥാപനം ! കസ്റ്റമേഴ്സിന്റെ സാറ്റിസ്ഫാക്ഷന്‍ ഞങ്ങളുടെ മുഖമുദ്ര. “ ഠേ.. എന്ന സ്പെഷല്‍ സൌണ്ട് ഇഫക്റ്റോടു കൂടി തേങ്ങയടി നടത്തുന്ന ബൂലോഗത്തിലെ ഏക സ്ഥാപനം !
സങ്കുചിതന്‍ ബ്രീവറീസ്: ( ഞങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിക്കൂ ഇവിടെ ) വാറ്റ് നമ്പ്ര: 3234
മേല്‍ത്തരം, വീഞ്ഞുകള്‍ക്കും, പട്ടക്കും പേരുകേട്ടതും വിശ്വസനീയവുമായ ബൂലോഗത്തെ ഏക സ്ഥാപനം. ഉന്നത നിലവാരത്തിലുള്ള ബേട്ടറി, തേരട്ട, പഴുതാര, പഴയ കൈതച്ചക്ക, ചീഞ്ഞ മുന്തിരി എന്നിവയിട്ടു വാറ്റിയ കൃസ്തുമസ് സ്പെഷല്‍ വിഭവങ്ങളുടെ കൂടെ ടച്ചിങ്ങ്സ് ആയി “തവള, ആമ, കൂന്തള്‍” കറികളുടെ റസീപ്പി സൌജന്യമായി നല്‍കുന്നു. ഈ ഓഫര്‍ ഡിസമ്പറ് 25 വരെ മാത്രം!
ഞങ്ങളുടെ പ്രൊഡക്റ്റ്സ് അടിച്ചാല്‍, നിങ്ങളുടെ കണ്ണടിച്ചു പോകില്ല എന്നു ഞങ്ങള്‍ ഗ്യാരണ്ടി തരുന്നതാണ്. വാറ്റുകളുടെ സാമ്പിളുകളും സൌജന്യമായി നല്‍കപ്പെടുന്നതാണ്.
കമന്റുകള്‍ റിഡക്ഷന്‍ സേയില്‍ :
ഫ്രീ ആയി കമന്റുകളെഴുതി നിങ്ങളുടെ ബ്ലോഗില്‍ അന്‍പത് നൂറ് ഇരുന്നൂറ് ഇവ അടിച്ചു തരുന്നു. ന്യായവില. ബ്ലോഗിലെ വിഷയം പ്രശ്നമല്ല. ഉദാത്തം, ഉന്മാദഭരിതം, ഉത്‌പ്രേക്ഷകം, അല്‍ത്ഭുതകരാക്ഷം മുതലായ പദങ്ങള്‍ കമന്റുകളില്‍ ഉണ്ടായിരിക്കും. 25 കമന്റുകള്‍ ബുക്ക് ചെയ്താല്‍ 5 കമന്റ് ഫ്രീ. ബന്ധപ്പെടുക കമന്റ്സ്‌ഫോര്‍യൂ@തേങ്ങയടി.കോം
കൊട്ടേഷന്‍ വര്‍ക്ക് :
ബ്ലോഗുകളില്‍ ഉണ്ടാകുന്ന അടിപിടി ബ്ലോഗിനു പുറത്ത് സെറ്റില്‍ ചെയ്യാന്‍ ഞങ്ങളെ സമീപിക്കൂ. ദുബായ് അമേരിക്ക ആഫ്രിക്ക എന്നിവടങ്ങളില്‍ ബ്രാഞ്ചുകള്‍. കാല്‍വെട്ട്, കൈവെട്ട് , പടപടാ പടക്കം പൊട്ടിക്കല്‍, മുതലായവ ന്യായമായ നിരക്കില്‍. നിങ്ങള്‍ തരേണ്ടത് ബ്ലോഗര്‍ പ്രൊഫൈല്‍ ഐ.ഡിയും ഫീസും മാത്രം. എയര്‍പോര്‍ട്ട്, ബോട്ട് ജെട്ടി എന്നിവടങ്ങളില്‍ വച്ച് കാര്യം തീര്‍ക്കും. കൊട്ടേഷന്‍@ജയില്‍.കോം