ബ്ലോഗാഭിമാനി - ലക്കം 3 ( കേരളപ്പിറവി വിശേഷാല്‍പതിപ്പ് )
ബ്ലോഗാഭിമാനിയില്‍ പ്രതിപാദിക്കപ്പെടുന്ന മാന്യ ബ്ലോഗ് സുഹൃത്തുക്കളെ എഡിറ്റര്‍ കാര്യം ഓര്‍മ്മപ്പെടുത്താനാഗ്രഹിക്കുന്നു. ഉയരമുള്ള തെങ്ങിലെ കാറ്റു പിടിക്കൂ. നിങ്ങള്‍ ബൂലോഗത്തില്‍ പ്രശസ്തരാണ്, ഇവിടത്തെ ഹെവി വെയിറ്റുകളാണ്. അതിനാലാണ് നിങ്ങള്‍ ബ്ലോഗാഭിമാനിയില്‍ വിഷയങ്ങള്‍ ആകുന്നത്. നിങ്ങള്‍ വിമര്‍ശനങ്ങളെ/ അഭിപ്രായങ്ങളെ/ നിര്‍ദ്ദോഷകരമായ തമാശകളെ ശരിയായ രീതിയില്‍ എടുക്കുന്നവരാണ് എന്ന വിശ്വാസത്തിലാണ് ഈ സാഹസം. കൂടപ്പിറപ്പുകളോടെടുക്കുന്ന ഈ സ്വാതന്ത്ര്യം ആര്‍ക്കെങ്കിലും അസഹനീയമായി തോന്നിയാല്‍ ഒന്നറിയിക്കുക.(അനോണിയായ് അല്ല). ആ നിമിഷം പ്രസ്തുത വാര്‍ത്ത ചവറ്റുകുട്ടയില്‍ വീഴും, ബ്ലോഗാഭിമാനി മാപ്പ് പറയും, സത്യം
മലയാളഭാഷയുടെ വളര്‍ച്ചയില്‍ ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ , മലയാളത്തെ വളര്‍ത്തുകയും സ്നേഹിക്കുകയും (ചിലപ്പോള്‍ വധിക്കുകയും) ചെയ്യുന്ന എല്ലാ മലയാളി ബ്ലോഗര്‍മാര്‍ക്കും ബ്ലോഗാഭിമാനിയുടെ കേരളപ്പിറവി ആശംസകള്‍ !
സാഹിത്യ ഭാഷയില്‍ "ഇന്‍സ്പിരേഷന്‍" എന്നും വെറും സാധാരണക്കാരന്റെ ഭാഷയില്‍ മോഷണം എന്നും വിളിക്കാവുന്ന അനുകരണം എന്ന കല മലയാള ബൂലോഗത്ത് തരംഗം സൃഷ്ടിക്കുന്നതായി ബ്ലോഗാഭിമാനി മനസ്സിലാക്കുന്നു.
ഒരേ പോലെ ചിന്തിക്കുക എന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ഒരാള്‍ പണ്ടെങ്ങോ ചിന്തിച്ചതും പ്രസിദ്ധീകരിച്ചതും, തന്റെ പുതിയ ചിന്തകള്‍ എന്നവകാശപ്പെടുന്നത്, അനുകരണമാണ്. ആശയ ദാരിദ്ര്യം എന്ന മഹാസാഗരത്തെ തരണം ചെയ്യുവാനായുള്ള പുതിയ മാര്‍ഗമായ “ഫോട്ടോ ബ്ലോഗിങ്ങ്” നു ശേഷം, ഒരു പടി കടന്നു ചിന്തിക്കുന്നവരാണ് അനുകരണ കലയുമായി രംഗത്തു വന്നിരിക്കുന്നത്.
പ്രശസ്തമായ ഇംഗ്ലീഷ് ബ്ലോഗുകളില്‍ നിന്നും ആശയങ്ങള്‍ "ഔട്ട്‌സോഴ്‌സ്" ചെയ്യുക എന്നതാനു പുതിയ ഫാഷന്‍. വെറും ആശയങ്ങള്‍ മുതല്‍, ഇംഗ്ലീഷ് കൃതികളുടെ "വേഡ് ബൈ വേഡ് ട്രാന്‍സ്ലേഷന്‍ വരെ ചെയ്ത്, സ്വന്തം കൃതികളായി അവകാശപ്പെടുന്നത് തികച്ചും അപഹാസ്യമായ നടപടിയാണെന്നേ ബ്ലോഗാഭിമാനിക്കു പറയാനുള്ളൂ.
ഈയ്യടുത്ത കാലത്ത് ഒരു മലയാളം ബ്ലോഗില്‍ ഇങ്ങനെയൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുകപ്പെടുകയുണ്ടായി. ഈ പോസ്റ്റ് മലയാള ബൂലോഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിക്കുകയും, സാധാരണ ബ്ലോഗര്‍മാര്‍ മുതല്‍ “കുറേകാലമായി ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയായിരുന്ന” അഭിനവ ബുദ്ധിജീവികള്‍ വരെ പ്രതികരണങ്ങളുടെ ഒരു പെരുമഴതന്നെ വര്‍ഷിക്കുകയും ചെയ്തശേഷമാണ്, ചില വായനക്കാര്‍ ഇതേ കൃതിയുടെ മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരാള്‍ പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് വേര്‍ഷനെപ്പറ്റി സൂചിപ്പിച്ചത്. കയ്യോടെ പിടികൂടിയിട്ടും, “അത്ഭുതപരമായ സമാന ചിന്താഗതി” മൂലമാണ് ഇങ്ങനെയൊരു മലയാളം പരിഭാഷ താന്‍ പ്രസിദ്ധീകരിച്ചതെന്നാണ് പ്രസ്തുത മലയാളി ബ്ലോഗറുടെ അവകാശവാദം. വായനക്കാരെ എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ സാധ്യമല്ലെന്നു ഇങ്ങനെയുള്ളവര്‍ മനസ്സിലാക്കണം. ഇത്തരം നീക്കങ്ങള്‍ക്ക് തടയിടേണ്ടതു മലയാള ബൂലോഗത്തിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷികമാണ്.
ഗൂഗിള്‍ റ്റാക്ക് സ്റ്റാറ്റസ് സന്ദേശങ്ങള്‍ - ബൂലോഗത്തെ പുതിയ പൊങ്ങച്ചസഞ്ചികളോ?
ബൂലോഗത്തില്‍ എഴുതുന്നവര്‍ തമ്മില്‍ ബ്ലോഗുകള്‍ക്ക് പുറത്തും സൌഹൃദം ഉണ്ടെന്നുള്ളത് പരമാര്‍ത്ഥമാണ്. ഗൂഗിള്‍ ഇറക്കിയ റ്റാക്ക് എന്ന മെസ്സഞ്ചര്‍ സെര്‍വീസ് ഉപയോഗിച്ച് ചാറ്റ് ചെയ്താണ് ഇവര്‍ പലപ്പോഴും സംവദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ മെസ്സഞ്ചറിലെ സ്വന്തം സ്റ്റാറ്റസ് ബാറില്‍ ബൂലോഗനിവാസികള്‍ കൊടുക്കുന്ന സ്റ്റാറ്റസ് അറിയിപ്പുകള്‍ അമ്പരപ്പുളവാക്കുന്നതാണ്.
ചാറ്റിന് താന്‍ അവൈലബിള്‍ ആണോ, ബിസി ആണോ, ഭക്ഷണം കഴിക്കാന്‍ പോയതാണോ, ഇന്ന് സന്തോഷമാണോ, സങ്കടമാണോ , ജോലിത്തിരക്കാണോ, കുക്കിംഗില്‍ ആണോ എന്നൊക്കെയാണ് സാധാരണ സ്റ്റാറ്റസ് മെസ്സേജുകള്‍ കൊണ്ട് മറ്റുള്ളവരെ അറിയിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍.
“ബൂലോഗത്തിലെ പല സുഹൃത്തുകളോടും ഈ റിപ്പോര്‍ട്ടര്‍ സംസാരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് ഈയിടെയായി കടിച്ചാല്‍ പൊട്ടാത്ത അവലോസുണ്ടപോലെയുള്ള സന്ദേശങ്ങളാണ് പലരുടേയും സ്റ്റാറ്റസില്‍ തെളിയുന്നത് എന്നാണ്.“
"പരിണാമങ്ങള്‍ രൂപാന്തരീകരണങ്ങളുടെ അവസ്ഥാന്തരങ്ങളാണ്"
"അനുകാലികങ്ങള്‍ അപേക്ഷികത്തിന്റെ മൂര്‍ദ്ധാവിലെ ഗദ്ഗദങ്ങളാണോ"
"ഭാര്‍ഗവചരിതം ക്രോഡിത ഫലിതം കുക്കുടാവിധി പൊന്നപ്പന്‍"
"ഹസാരോം ഖ്വായിഷ് മേം സിന്ദഗി മാര്‍ കിയാ ജായേ ജാനേമന്‍"
"താത്രിക്കുട്ടിയും ഉണ്ണിമേരിയും.."
പിന്നെ ഇതും പോരാഞ്ഞ് തമിഴില്‍ കടവുളേ കാപ്പാത്തുങ്കോ മോഡല്‍ എന്തോ എഴുതിയിരിക്കുന്നതും പലരുടേയും സ്റ്റാറ്റസില്‍ കാണുവാറായി.
വായിക്കുന്നവന്റെ മസ്തിഷ്കത്തിന്റെ ഫ്യൂസടിച്ചുപോകുന്ന ഇത്തരം സ്റ്റാറ്റസ് മെസ്സേജുകള്‍ കൊണ്ട് എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത് എന്ന് ബ്ലോഗാഭിമാനിക്ക് മനസ്സിലാകുന്നില്ല. മറ്റുള്ളവര്‍ ഇവര്‍ എന്തു ചെയ്യുകയാണ് എന്നാണ് ധരിക്കേണ്ടത്?
കേവലം തന്റെ അവസ്ഥ (busy, available) മറ്റു സുഹൃത്തുക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാനുള്ള സ്റ്റാറ്റസ് സന്ദേശങ്ങള്‍, തന്റെ 'നിലയും വിലയും അറിവും' മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കുവാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നതില്‍ ഒരു സാംഗത്യപിശക് ബ്ലോഗാഭിമാനി കാണുന്നു.
മലയാളിയുടെ കൂടപ്പിറപ്പായ " ദഹിക്കാത്ത വര്‍ത്തമാനം പറയുന്നവന്‍ കേമന്‍" എന്ന അബദ്ധ ചിന്താഗതിയാണോ ഈ പ്രവണതക്ക് പിന്നില്‍? സാധാരണ ഇത്തരം പുറമ്പൂച്ചുകളെ കമന്റടിച്ചോ പോഡ്‌കാസ്റ്റ് നടത്തിയോ വെടിപ്പാക്കി കൊടുക്കുന്ന കൈപ്പള്ളിയെപ്പോലെയുള്ള ബൂലോഗ നിവാസികള്‍ ഇതിനെതിരെ കണ്ണടച്ചിരിക്കുകയാണ്.
“അല്പനു ഗൂഗിള്‍ ടോക്ക് കിട്ട്യാല്‍ സ്റ്റാറ്റസിലും അര്‍ത്ഥം മനസ്സിലാകാത്ത ഡയലോഗടിക്കും“ എന്നൊരു പുതുചൊല്ല് ബൂലോഗത്തില്‍ പ്രചരിക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഒരു ശരാശരി മലയാളിയുടെ, വളരെ തത്ത്വചിന്താപരമായ ഒരു സീധാ സാധാ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. "ആരെ കാണിക്കാന്‍? ആരെ തോല്‍പ്പിക്കാന്‍?"
നോട്ട് : ഈ പറഞ്ഞിരിക്കുന്നത് ബ്ലോഗാഭിമാനിയുടെ ചിന്താഗതി മാത്രമാണ്. ആത്യന്തികമായി സ്റ്റാറ്റസില്‍ എന്തെഴുതണം എന്നുള്ളത് ഒരോരുത്തരുടേയും അഭിരുചിയാണ്/അവകാശമാണ്. ബ്ലോഗാഭിമാനി അത് മാനിക്കുന്നു.
വരകള്‍ - ബൂലോഗത്തിലെ പുതുമ
തമാശബ്ലോഗുകളും ഫോട്ടോബ്ലോഗുകളും, ചര്‍ച്ചാബ്ലോഗുകളും മറ്റും പെരുകി വായനക്കാരുടെ മനം മടുപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കുമ്പോള്‍ വരകള്‍ എന്ന വ്യത്യസ്ത ബ്ലോഗ് ബൂലോഗരുടെ മനം കവരുന്നു.
സാക്ഷി, കുമാര്‍ എന്നീ അനുഗ്രഹീതകലാകാരന്മാര്‍ തങ്ങളുടെ ഭാവനക്കനുസരിച്ച് അഡോബി ഇല്ലസ്റ്റ്രേറ്റര്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വരക്കുന്ന ചിത്രങ്ങളാണ് ഈ ബ്ലോഗിന്റെ ഇതിവൃത്തം.
ഒഴിവ് സമയങ്ങളില്‍ തങ്ങള്‍ കോറി വരച്ചിടുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം എന്ന നിലയില്‍ തുടങ്ങിയ ഈ ബ്ലോഗ് ബൂലോഗരുടെ വമ്പിച്ച പ്രോത്സാഹനം മൂലം ദിനം പ്രതി മെച്ചപ്പെട്ടു വരികയാണ്. കുമാറിന്റേയും സാക്ഷിയുടേയും ചിത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് എന്നുള്ളത് ബൂലോഗത്തിലെ ചിത്രകലാസ്വാദകര്‍ക്ക് അനുഗ്രഹമാകുന്നു.
ബ്ലോഗ് സിംഹം വിശാലമനസ്കന്റെ ജീവന്‍ തുളുമ്പുന്ന പോര്‍ട്രേയ്റ്റ് സൃഷ്ടിച്ച് കുമാറാണ് ബൂലോഗത്തില്‍ ആദ്യം തരംഗം സൃഷ്ടിച്ചത്. ആ ചിത്രം കണ്ട ശേഷം വിശാലനെ നാഷണല്‍ ഹൈവേയുടെ ഇരുവശവുമുള്ള പരസ്യബോര്‍ഡുകളില്‍ മോഡല്‍ ആയി പ്രദര്‍ശിപ്പിക്കുവാന്‍ കിറ്റെക്സ് ലുങ്കി, ഓര്‍മ മാര്‍ബിള്‍സ്, കുമാരീകല്പം, ജീവന്‍ ടോണ്‍ എന്നീ കമ്പനികള്‍ ആലോചിക്കുന്നതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. ബ്ലോഗിന്റെ മുത്ത് വിശാലന്‍ ഈയിടെ തിരക്കിട്ട് നാട്ടില്‍ പോയത് തന്റെ മോഡലിംഗ് കോണ്ട്രാക്റ്റ് ഉറപ്പിക്കാനാണ് എന്നും ഗള്‍ഫില്‍ സംസാരമുണ്ട്.
മെഴുകുതിരിവെളിച്ചത്തില്‍ ബാറ്റണ്‍ബോസിന്റെ കുറ്റാന്വേഷണനോവല്‍ വായിക്കുന്ന കന്യാസ്ത്രീയുടെ ചിത്രവുമായാണ് സാക്ഷി, കുമാറിന്റെ ചിത്രത്തിന് മറുപടി പറഞ്ഞത്. ആസ്വാദകര്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരനുഭവമായി ജീവന്‍ തുടിക്കുന്ന,ആ ചിത്രം.
ഇവര്‍ തമ്മിലുള്ള ആരോഗ്യകരമായ ചിത്രരചനാ 'മത്സരം' ഏതായാലും ഗുണകരമാവുന്നത് ബൂലോഗത്തിലെ ചിത്രകലാസ്വാദകന്മാര്‍ക്കാണ്.
എന്നാല്‍ അമേരിക്കന്‍ കുത്തകയായ അഡോബിയുടെ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ നടത്തുന്ന ഈ ചിത്രരചന അപലപനീയമാണെന്ന് കേരളാ ഫാര്‍മര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. സ്വദേശിയായ കരിക്കട്ട, ചെങ്കല്ല്, ഇലച്ചാറ് കുമ്മായം തുടങ്ങിയ ചിത്രരചനാ സഹായികളുടെ മാര്‍ക്കറ്റ് ഇടിക്കുവാന്‍ അഡോബിയുടെ കൈകൂലി പറ്റിയിട്ടാണോ ഇവര്‍ ഇങ്ങനെ അമേരിക്കന്‍ കുത്തക കമ്പനികളുടെ ഉത്പന്നങ്ങള്‍ ചിത്രം വരയ്കുവാനായി ഉപയോഗിക്കുന്നത് എന്ന് അന്വേഷിക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി ആവശ്യപ്പെടുകയുണ്ടായി. ഈ പ്രശ്നം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതുവാന്‍ തയ്യാറെടുക്കുകയാണെന്നും ഏഷ്യാനെറ്റില്‍ ഒരു ഡോക്യുമെനറ്റ്രി ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും , അത്‍ കണ്ട് എല്ലാവരും കൈയ്യടിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്ത്രീകളുടെ സൌന്ദര്യത്തിന്റെ നവ മാപിനികള്‍- മലയാളി ഗവേഷകന് ബഹുമതി
മലയാളിസ്ത്രീസൌന്ദര്യത്തിന്റെ അളവുകോലുകളെ പുനനിര്‍ണ്ണയിച്ച് മലയാളി സൌന്ദര്യഗവേഷകന്‍ ആഗോളപ്രശസ്തി നേടുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് ബൂലോഗത്തിലെ പാര്‍ട്ട് ടൈം ലക്ചററായ ഒരു ഗവേഷകനാണ് അടുത്തകാലത്ത് പല കോലാഹലങ്ങള്‍ക്കും വഴിമരുന്നിട്ട, അന്താരാഷ്ടശ്രദ്ധ ആകര്‍ഷിച്ച ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.
മലയാളിസ്ത്രീകളുടെ സൌന്ദര്യം അവരുടെ നിതംബം, മാറിടം എന്നിവയുടെ വലിപ്പത്തിനോട് ആനുപാതികമായിരിക്കും എന്നാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ തപസ്യക്ക് ശേഷം ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. ഈ കണക്കുകൂട്ടല്‍ വച്ച്, ഷക്കീല,മറിയ, ബിന്ദുപണിക്കര്‍ എന്നിങ്ങനെ മലയാള സൌന്ദര്യറാണികളുടെ ഒരു ലിസ്റ്റും ഗവേഷണ സ്ഥാപനം പുറത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്.
ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിനെതിരെ അമേരിക്ക, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലെ വനിതാ അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് മലയാള സിനിമാരംഗത്ത് ഈ ഒരു അളവുകോല്‍ വച്ച് മീരാ ജാസ്മിനാണ് ഭാവിയിലെ സൌന്ദര്യ പ്രതീക്ഷയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ട് കേരളത്തില്‍ വ്യാപകമാവുന്നതോടെ ഇന്ത്യന്‍ ഭാരദ്വാഹകടീമിലെ കുഞ്ജാറാണീദേവി, കര്‍ണ്ണം മല്ലേശ്വരി എന്നിവര്‍ മലയാളം സിനിമയില്‍ ചാന്‍സ് നേടിയേക്കുമെന്ന് അഭ്യൂഹമുണ്ട്.
ഇതിനിടെ അമേരിക്കയിലെ വനിതാ സംഘടനയായ റ്റി.എ.എ (തടീച്ചീസ് അസോസിയേഷന്‍ ഓഫ് അമേരിക്ക) ഈ കണ്ടെത്തലിന് 101 ഡോളര്‍ ക്യാഷ് അവാര്‍ഡ് പ്രഘ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ഹോളിവുഡിലും ഇതാകണം സ്ത്രീ സൌന്ദര്യത്തിന്റെ അളവുകോലുകള്‍ എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി താട്-ചീ-പാറു കാലിഫോര്‍ണിയായില്‍ പ്രസ്താവിച്ചു.
ഈ കണ്ടെത്തലിന് നോബല്‍ സമ്മാനം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഗവേഷണവൃന്ദങ്ങള്‍.
ബുദ്ധിജീവികള്‍ പെരുകുന്നു
ബൂലോഗത്ത് ബുദ്ധിജീവികളുടെ വളര്‍ച്ചാനിരക്ക് ഈവര്‍ഷം കാര്യമായ ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രഡീഷണല്‍ കാവിക്കളറിനും പുറമേ, നീലക്കളറീലും, പച്ചക്കളറിലും ഉള്ള അവാര്‍ഡു പടം പോലെയുള്ള പല ബുദ്ധിജീവികളും ബൂലോഗത്തില്‍ സജീവമാണെന്നും, കഴിഞ്ഞ വര്‍ഷത്ത അപേക്ഷിച്ച് ഇവരുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക് 12.08% കൂടുതലാണെന്നും ബി.ബി.ഏ ( ബൂലോഗ ബുദ്ധിജീവി അസ്സോസിയേഷന്‍) നടത്തിയ സെന്‍സസില്‍ നിന്നും വ്യക്തമാവുന്നു.
പോസ്റ്റുകളില്‍ അനതിസാധാരണമായ കമന്റുകള്‍ നടത്തിയും, ചില ഘട്ടങ്ങളില്‍, കമന്റുകള്‍ക്കുള്ള മറുപടി സ്വന്തം ബ്ലോഗുകളില്‍, ഉത്തരാധുനിക കഥാപോസ്റ്റുകളായും നടത്തിയാണ് ഇത്തരം വ്യക്തിത്വങ്ങള്‍ ബൂലോഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നത്. മഹാഭാരതവും, ഗീതയുമെല്ലാം കലക്കിക്കുടിച്ച് തോള്‍ സഞ്ചിയിലിട്ടു നടക്കുന്ന തന്നോട് “മുട്ടാനുണ്ടോ” എന്നു വരെ ചില ബ്ലോഗുകളില്‍ ഇവര്‍ ഭീഷണി മുഴക്കുന്നതായും, തനിക്കിഷ്ടപ്പെടാത്തെ പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നുവരെ ആവശ്യപ്പെടുകയും ചെയ്യുന്നതായി ബൂലോഗത്ത് സംസാരമുണ്ട്.
ഇവരുടെ ജാഢകള്‍ കാണുന്ന സാധാരണ വായനക്കാര്‍, “ഓന്‍ വല്യ പുലിയാ” എന്നുള്ള ചിന്ത, സഹതാപം, “ചാണകം ചാരിയാല്‍ നാറുമല്ലോ” എന്നീ ചിന്താഗതകള്‍ മൂലവും, പ്രതികരിക്കാതിരിക്കുന്നത് ഈ ബുജികളുടെ തേര്‍വാഴ്ച വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ.
നേര്‍ക്കാഴ്ചകള്‍ തൊട്ട് അദ്വൈതം വഴി വനിതാലോകത്തിലേക്ക്... ഒരു തിരിഞ്ഞുനോട്ടം.
മലയാളികള്‍ സ്വതേ അധികമില്ലാത്ത ഇസ്രായേലില്‍ നിന്നാണ് ഡാലി എന്ന വനിതാബ്ലോഗര്‍ ബ്ലോഗെഴുതുന്നത്.
വളരെ വ്യത്യസ്തമായും കാര്യമാത്രപ്രസക്തവുമായി ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചെഴുതി ഈ ബ്ലോഗിണി ബൂലോഗത്തില്‍ പെട്ടെന്ന് ശ്രദ്ധ നേടുകയുണ്ടായി. അതിനു ശേഷം ബ്ലോഗുകളില്‍ നല്ല കമന്റുകളിട്ടും, മറ്റുള്ളവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കിയും ഡാലി ബൂലോഗത്തിന്റെ അവിഭാജ്യഘടകമാവുകയായിരുന്നു.
എന്നാല്‍ അല്പം മുന്‍പേ നടന്ന ഇസ്രായേല്‍ ലബനന്‍ സംഘര്‍ഷം കാരണം , ഡാലിക്ക് ബൂലോഗത്തില്‍ നിന്നും അല്പകാലം വിട്ടു നില്‍ക്കേണ്ടി വന്നു. പക്ഷേ ചീറി വരുന്ന ഹിസ്‌ബൊള്ള മിസൈലുകള്‍ക്കിടയിലിരുന്നും ബൂലോഗ നിവാസികളോട് തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് സന്ദേശമയച്ച് ഡാലി തന്റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും വ്യക്തമാക്കി. എന്നാല്‍ യുദ്ധത്തിനു ശേഷം അദ്വൈതം എന്ന വിഷയത്തെക്കുറിച്ച് ദീര്‍ഘവും, കഠിനവും, ബുള്‍ഡോസര്‍ കയറ്റിയാല്പോലും പൊട്ടാത്തതുമായ ഒരു പോസ്റ്റുമായാണ് ഡാലി തിരികെ വന്നത്.
ബൂലോഗര്‍ക്കെല്ലാം ആസ്വാദ്യകരമായ പോസ്റ്റെഴുതിയിരുന്ന ഡാലിയില്‍ ഒരു മല്ലു ബുജി ഒളിച്ചിരിപ്പുണ്ടെന്ന സത്യം ബൂലോഗരില്‍ അമ്പരപ്പുളവാക്കി.
ബൂലോഗരില്‍ നല്ലൊരു വിഭാഗവും ഡാലിയുടെ പൊടുന്നനെയുള്ള ഈ മാറ്റത്തില്‍ ആശങ്കാകുലരായിരുന്നു. ഹിസ്ബൊള്ളാ മിസൈല്‍ ആക്രമണത്തില്‍ ലക്ഷ്യംതെറ്റി പതിച്ച ഒരു മിസൈലിന്റെ പരിണിതഫലമാണോ ഈ ഭാവമാറ്റം എന്ന് പോലും അവര്‍ അമ്പരന്നു.
എന്നാല്‍ ബൂലോഗത്തിലെ ന്യൂനപക്ഷമായ ബുദ്ധിജീവികള്‍ ഡാലി കൊണ്ടു വന്ന അദ്വൈതം എന്ന വിഷയത്തിനു മീതെ ചാടിവീണ് അത് ഒരു ഹിമാലയന്‍ സംവാദമാക്കിത്തീര്‍ക്കുകയാണുണ്ടായത്.
അദ്വൈതവും ക്വാണ്ടം ഫിസിക്സും പാര്‍ട്ടിക്കിള്‍ തിയറിയും (പിന്നെ രോമവും) എന്ന ഈ ചര്‍ച്ചയില്‍, ചക്ക എന്ന് ഒരാള്‍ പറയുമ്പോള്‍ 'ഓ മാങ്ങ' എന്ന് വേറൊരാള്‍ അത് മനസ്സിലാക്കുകയും അപ്പോള്‍ മൂന്നാമതൊരാള്‍, 'കറക്റ്റ്, തേങ്ങ' എന്ന് അത് ശരിവയ്ക്കുകയും ചെയ്ഹു കൊണ്ടിരുന്നു.
സാധാരണ മലയാളികള്‍ പറയാന്‍ കാര്യമായൊന്നും ഇല്ലാത്തപ്പോളാണല്ലോ, കഠിനമായ പദങ്ങള്‍ ഉപയോഗിച്ച് സംസാരിക്കുന്നത്..വിശ്വപ്രഭയെന്ന പ്രശസ്തബൂലോഗന്‍ കോപ്പിറൈറ്റ് ചെയ്തിരിക്കുന്ന (വല്ലതും കാര്യമായ് പറയാന്‍ ഉണ്ടെങ്കില്‍ അദ്ദേഹം നല്ല പച്ചമലയാളത്തില്‍ വെടിപ്പായി പോസ്റ്റെഴുതും) ഈ ഒരു രീതി അദ്വൈതം ചര്‍ച്ചയില്‍ വ്യാപകമായി എല്ലാ ബൂലോഗരും ഉപയോഗിക്കുകയുണ്ടായി.
കഥയറിയാതെ ആട്ടം കണ്ടുകൊണ്ടിരുന്ന ബൂലോഗരില്‍ പലരും (ഈ റിപ്പോര്‍ട്ടര്‍ അടക്കം) ഇനി താന്‍ മോശമാകേണ്ടാ എന്ന് കരുതി ഈ ചര്‍ച്ചക്കിടയില്‍ കയറി ഓ മനോഹരം ഓ ഭയങ്കരം ഓ ബീഭത്സം എന്നൊക്കെ അഭിനന്ദനങ്ങള്‍ ചൊരിയുകയുണ്ടായി. പ്രത്യേകിച്ചൊന്നും ഒന്നിനേക്കുറിച്കും പറയാനില്ലാത്ത ചില ഗവേഷക ബുദ്ധിജീവികള്‍ ഈ അദ്വൈതം ശരിക്കുമുണ്ടോ, ഉണ്ടെങ്കില്‍ അദ്വൈതത്തിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടെങ്കില്‍ എത്ര ശതമാനം ഇല്ലെങ്കില്‍ എത്ര ശതമാനം, ആരെങ്കിലും അത് പഠിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനം, ഇല്ലെങ്കില്‍ എത്ര ശതമാനം, ഇനി പഠിക്കാന്‍ എവിടെയെങ്കിലും കിട്ടുമോ, ക്യാപിറ്റേഷന്‍ ഫീ എത്ര, എങ്കില്‍ എത്ര ശതമാനം ഡിസ്കൌണ്ട് എന്നൊക്കെ ചോദിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു.
ഏതായാലും ചര്‍ച്ച കൊഴുത്തപ്പോള്‍ ആരോ കേക്ക് മുറിച്ച് ചര്‍ച്ച അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും അദ്വൈതം മഹാശ്ചര്യം എനിക്കും കിട്ടണം കേക്ക് എന്നു കരുതി പല പാവം ബൂലോഗരും കേക്ക് തിന്നാല്‍ പോവുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ കേക്ക് മുറിക്കല്‍ അനന്തതയെക്കുറിച്ചുള്ള മറ്റൊരു കടുപ്പന്‍ കടുകടുപ്പന്‍ സംവാദത്തിലാണ് അവസാനിച്ചത്. ഇക്കാരണത്താല്‍ ആ കേയ്ക് തിന്ന പല സാധാരണ ബൂലോഗര്‍ക്കും കടുത്ത ചര്‍ദ്ദി, വയറിളക്കം, വയറ്റെരിച്ചില്‍ എന്നിവ അനുഭവപ്പെടുകയുണ്ടായി.
നല്ല ഒന്നാന്തരമായി ബ്ലോഗെഴുതിയിരുന്ന തങ്ങളുടെ ഡാലി തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയോ എന്ന് ബൂലോഗത്തിലെ പലരും വിലപിക്കുന്നുണ്ടായിരുന്നു.
താമസിയാതെ എക്കാലത്തേയുമ്പോലെ ബൂലോഗത്തിലെ ഈ അദ്വൈത ചര്‍ച്ചയും യാതൊന്നും തീരുമാനമാകാതെ പിരിയുകയാണുണ്ടായത്.
ഇസ്രായേലിലെ വിദഗ്‌ദ്ധ ചികിത്സ കൊണ്ടാണോ അതോ യുദ്ധം പോയി മഴക്കാലം വന്നെത്തിയതിനാലാണോ എന്തോ ഏതായാലും ഡാലി ഇപ്പോള്‍ അദ്വൈതം മാറ്റിവച്ച്, വനിതാലോകം എന്ന ബ്ലോഗുമായി വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നല്ലൊരുപോസ്റ്റുമായാണ് വനിതാലോകം തുടങ്ങുന്നത്. ബൂലോഗത്തില്‍ ഇതിനകം ജനശ്രദ്ധ നേടിയിരിക്കുന്നു ഈ വനിതാലോകം ബ്ലോഗ്.
അദ്വൈതബാധ വിട്ടൊഴിഞ്ഞ തങ്ങളുടെ പഴയ ഡാലിയെ തിരികെക്കിട്ടിയ സന്തോഷത്തിലാണ് ബൂലോഗത്തിലെ സാധാരണ ബ്ലോഗ് പ്രേമികള്‍. ഇനിയും ഇസ്രായേല്‍ ലബനനെ ആക്രമിക്കല്ലേ എന്നു മാത്രമാണ് ബൂലോഗരുടെ പ്രാര്‍ത്ഥന. കാരണം മറ്റൊരു അദ്വൈതം കൂടി താങ്ങാല്‍ അവര്‍ക്ക് കരുത്തില്ല.
===================================